ൾഫ് ബൂം ഏതാണ്ട് അവസാനിച്ചതോടെ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർ ഏറ്റവുമധികമായി കുടിയേറുന്നത് പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. അതിൽ തന്നെ യു കെ , യു എസ് എഎന്നിവയ്ക്കാണ് മുൻഗണന. കുടിയേറ്റം വർദ്ധിച്ചതോടെ യു കെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കി. ഇതോടെ നേർ വഴിയിൽ യു കെ യിൽ എത്താൻ ഏറെ ബുദ്ധിമുട്ടായപ്പോഴാണ് പലരും വളഞ്ഞ വഴികൾ തിരഞ്ഞെടുക്കാൻ തുടങ്ങിയത്.

നാട്ടിൽ നിന്നെത്തുന്നവർ അഭയത്തിനപേക്ഷിക്കാൻ നാട്ടിലെ രാഷ്ട്രീയ പക മുതൽ വീട്ടിലെ അമ്മായിയമ്മപ്പോര് വരെ കാരണമാക്കുന്നുണ്ട് എന്നതാണ് ഇതിൽ ഏറെ രസകരമായ കാര്യം. ഒരു അനധികൃത അഭയാർത്ഥിയുടെ വേഷത്തിൽ, സഹായം അഭ്യർത്ഥിച്ച് നിരവധി സോളിസിറ്റർമാരെ സമീപിച്ച ഡെയ്ലി മെയിൽ ലേഖകൻ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

അനധികൃത അഭയാർത്ഥികൾക്കായി വ്യാജ അപേക്ഷകളും മനുഷ്യാവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള അവകാശ വാദങ്ങളും തയ്യാറാക്കാൻ സോളിസിറ്റർമാർ ആയിരക്കണക്കിന് പൗണ്ടാണ് പ്രതിഫലമായി ആവശ്യപ്പെടുന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. തനിക്ക് യു കെയിൽ അഭയം തേടാൻ നിയമപരമായ കാരണങ്ങൾ ഒന്നുമില്ലെന്ന് റിപ്പോർട്ടർ വെളിപ്പെടുത്തിയിട്ടും ആയിരങ്ങൾ പ്രതിഫലം വാങ്ങി വ്യാജ അപേക്ഷിക്കുവാൻ സോളിസിറ്റർമാർ തയ്യാറാവുകയായിരുന്നത്രെ.

അഭയം തേടുന്നതിനുള്ള സാധുവായ ഒരു കാരണം കണ്ടെത്താൻ വി പി ലിംഗജ്യോതി ചോദിച്ചത് 10,000 പൗണ്ട് ആയിരുന്നത്രെ. ലൈംഗിക പീഡനം, അക്രമം, അടിമവേല, വ്യാജ ജയിൽ ശിക്ഷ, വധ ഭീഷണി എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. ആത്മഹത്യയല്ലാതെ മറ്റൊരു മാർഗ്ഗവും മുൻപിൽ ഇല്ലാ എന്ന സാഹചര്യത്തിലാണ് ബ്രിട്ടനിലേക്ക് കടന്നതെന്ന് അവകാശപ്പെടും. ഈ അവകാശ വാദത്തെ പിന്തുണക്കുന്ന മെഡിക്കൽ രേഖകൾ താൻ ഉണ്ടാക്കാം എന്ന് ഉറപ്പ് നൽകിയ നിയമജ്ഞൻ, വിഷാദരോഗത്തിന് ചികിത്സ തേടുകയാണെന്ന് തെളിയിക്കാൻ വ്യാജ പ്രിസ്‌ക്രിപ്ഷനുകളും തയ്യാറാക്കിയത്രെ.

നാട്ടിൽ തിരിച്ചെത്തിയാൽ കൊല്ലപ്പെടും എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടാക്കാം എന്നായിരുന്നത്രെ മറ്റൊരു നിയമ സ്ഥാപനം വാഗ്ദാനം നൽകിയത്. സമാനമായ കേസുകളിൽ തനിക്ക് 90 ശതമാനം വരെ വിജയം നേടാനായിട്ടുണ്ടെന്ന് ഈ അഭിഭാഷകൻ അവകാശപ്പെടുകയും ചെയ്തുവത്രെ. ഇന്ത്യാക്കാരനായ ഈ റിപ്പോർട്ടറോട് മറ്റൊരു സോളിസിറ്റർ പറഞ്ഞത്, രാഷ്ട്രീയ കാരണങ്ങളോ പ്രണയമോ അല്ലെങ്കിൽ ജാതിപ്പോരോ വിഷയമാക്കി ഇന്ത്യയിൽ നിൽക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകൾ തയ്യാറാക്കി നൽകാം എന്നായിരുന്നു.

വ്യാജ രേഖകൾ ചമച്ച് അഭയത്തിനായി അപേക്ഷിക്കുന്നവർ പലരും ജയിലിൽ എത്തിച്ചേരുകയാണെങ്കിലും സോളിസിറ്റർമാർ ഇത്തരക്കാരെ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിക്കുകയാണെന്ന് റിപ്പോർട്ടർ പറയുന്നു. റിപ്പോർട്ടർ ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലെ ഒരു വ്യക്തിയെ പിന്നീട് സ്ഥാപനം പിരിച്ചു വിട്ടിരുന്നു. സോളിസിറ്റർ റെഗുലേഷൻ അഥോറിറ്റിയുടെ നിയമവും നൈതികതയും ലംഘിച്ചു എന്നാരോപിച്ചായിരുന്നു ഇത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, അഭയം ആവശ്യപ്പെട്ട് എത്തുന്നവരുടെ രാജ്യത്തെ വർത്തമാനകാല സ്ഥിതിഗതികൾ മുതലെടുക്കാൻ ഈ സോളിസിറ്റർമാർ ശ്രമിക്കുന്നു എന്നാണ്. പഞ്ചാബ് വംശജനായ ഡെയ്ലി മെയിൽ റിപ്പോർട്ടറോട് ഒരു സോളിസിറ്റർ പറഞ്ഞത്, ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ഖാലിസ്ഥാന്റെ പേര് പരാമർശിക്കാം എന്നായിരുന്നത്രെ.

അഭയാർത്ഥി നിയമങ്ങൾ വളച്ചൊടിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയതതിൽ 40 ഓളം സോളിസിറ്റർ സ്ഥാപനങ്ങൾ സർക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അപേക്ഷകൾ തയ്യാറാക്കുന്നതിന് പുറമെ, നേരിട്ടുള്ള അഭിമുഖത്തിൽ അധികൃതരോട് എങ്ങനെ പെരുമാറണമെന്നും അവരുടെ ചോദ്യങ്ങളോട് എപ്രകാരം പ്രതികരിക്കണമെന്നും ഉള്ള പരിശീലനവും ചില സോളിസിറ്റർ സ്ഥാപനങ്ങൾ നൽകുന്നുണ്ടത്രെ.