- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം ഇനി റഷ്യൻ മണ്ണിലെന്ന മുന്നറിയിപ്പുമായി സെലെൻസ്‌കി; ആണവ യുദ്ധ ഭീഷണി ആവർത്തിച്ച് റഷ്യ; റഷ്യ- യുക്രെയിൻ സംഘർഷം കൂടുതൽ ശക്തമാകുമ്പോൾ
മോസ്‌കോയി നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ, യുദ്ധം ഇനി റഷ്യൻ മണ്ണിലെന്ന മുന്നറിയിപ്പുമായി യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കി രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലൂടെയായിരുന്നു ഈ മുന്നറിയിപ്പ്. യുക്രെയിൻ കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും, യുദ്ധമുഖം സാവധാനം റഷ്യൻ മണ്ണിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒഴിവാക്കാനാകാത് ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്‌ച്ച അതി രാവിലെ മോസ്‌കോയിൽ നടന്ന ഡ്രോൺ ആക്രമണത്തിന് പുറകെയാണ് സെലെൻസ്‌കി മുന്നറിയിപ്പുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ദേയമായി. തീവ്രവാദി ആക്രമണം എന്നായിരുന്നു റഷ്യ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. അതിന്റെ ഉത്തരവാദിത്തം യുക്രെയിന്റെ പുറത്ത് കെട്ടിയേൽപ്പിക്കുകയും ചെയ്തിരുന്നു. അതേ ഏതാണ്ട് സമ്മതിക്കുന്ന രീതിയിലാണ് ഇപ്പോൾ സെലെൻസ്‌കിയുടെ പ്രസ്താവനയും.
ഒന്നോ രണ്ടോ ആഴ്‌ച്ചകൾ കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതി റഷ്യ ആരംഭിച്ച അധിനിവേശം 522 ദിവസങ്ങൾ പിന്നിടുകയാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് സെലെൻസ്‌കി തന്റെ പ്രഭാഷണം ആരംഭിക്കുന്നത്. വരുന്ന ശൈത്യകാലത്ത് റഷ്യൻ തീവ്രവാദികൾ യുക്രെയിനിന്റെ ഊർജ്ജോദ്പാദന കേന്ദ്രങ്ങളും മറ്റു സുപ്രധാന കേന്ദ്രങ്ങളും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു ക്രെംലിന്റെ പ്രതികരണം. അതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് വന്നാൽ, അതുതന്നെ ചെയ്യും എന്നാണ് പുടിന്റെ അനുയായിയും മുൻ റഷ്യ പ്രസിഡണ്ടുമായ ഡിമിത്രി മെഡ്വെഡെവ് പറഞ്ഞത്. തലസ്ഥാനം ആക്രമിക്കാൻ ശ്രമിച്ച, യുക്രെയിന്റെ മൂന്ന് ഡ്രോണുകളെ വെടിവെച്ചിട്ടതായി നേരത്തെ റഷ്യ വെളിപ്പെടുത്തിയിരുന്നു.
അതുപോലെ റഷ്യയുടെ നീയന്ത്രണത്തിലുള്ള ക്രീമിയ പിടിച്ചെടുക്കാൻ യുക്രെയിൻ നടത്തിയ ഒരു ശ്രമം പരാജയപ്പെടുത്തിയതായും റഷ്യ അവകാശപ്പെടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ