ജോഹന്നാസ് ബർഗ്: ബ്രിക്‌സിലും ഇന്ത്യൻ വിജയം. കൂടുതൽ രാജ്യങ്ങൾക്ക് അംഗത്വം നൽകാൻ ബ്രിക്സ് കൂട്ടായ്മ. അർജന്റീന, ഇറാൻ, സൗദി അറേബ്യ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങളെയാണ് ബ്രിക്സിൽ ചേരാൻ ക്ഷണിച്ചിരിക്കുന്നത്. പാക്കിസ്ഥാനെ കൂട്ടായ്മയിൽ കൊണ്ടു വരാൻ ചൈന ശ്രമിച്ചിരുന്നു. ഇത് നടന്നില്ല. എന്നാൽ ഇന്ത്യയുമായി ഏറെ അടുത്തു നിൽക്കുന്ന രാജ്യങ്ങളെല്ലാം അംഗമാവുകയും ചെയ്തു. ചന്ദ്രയാൻ മൂന്നിന്റെ വിജയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷിച്ചത് ഈ വേദിയിലാണ്. അവിട തൊട്ടുടത്ത ദിവസം നയതന്ത്ര വിജയവും മോദി നേടുന്നു.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി രൂപീകൃതമായതാണ് ബ്രിക്. 2009ലാണ് ഈ കൂട്ടായ്മ നിലവിൽവന്നത്. ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലിൽ ഒരു ഭാഗവും ലോക ജനസംഖ്യയുടെ 40 ശതമാനവും കൈമുതലായുള്ള രാജ്യങ്ങളെന്ന നിലയിലാണ് ലോക സാമ്പത്തിക ക്രമത്തിൽ വലിയ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിൽ ഇങ്ങനെയൊരു വേദി രൂപീകരിച്ചത്. മുന്നാം ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്ക കൂടി ബ്രിക് രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ അംഗമായി. ഇതോടെ ബ്രിക് രാഷ്ട്ര കൂട്ടായ്മ ബ്രിക്സ് ആയി. ഈ കൂട്ടായ്മയിലേക്കാണ് ആറു രാജ്യങ്ങൾ കൂടി എത്തുന്നത്.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കൊപ്പം ബ്രിക്സ് കൂട്ടായ്മയിൽ 6 രാജ്യങ്ങൾ കൂടി അംഗമാകുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ നേതാക്കൾ ജൊഹാനസ്ബർഗിൽ ബ്രിക്‌സ് 15-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചേർന്നപ്പോഴാണ് നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്.

ബ്രിക്‌സ് തീരുമാനം അനുസരിച്ച് അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ 2024 ജനുവരി 1 മുതൽ ബ്രിക്സ് കൂട്ടായ്മയിൽ അംഗങ്ങളാകും. ഇതോടെ ലോകത്തെ ഒമ്പത് വൻ എണ്ണ ഉത്പാദക രാജ്യങ്ങളിൽ ആറെണ്ണവും ബ്രിക്സിൽ അംഗങ്ങളായി. സഖ്യത്തിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്നു നടപ്പായില്ല. കൂട്ടായ്മ വിപുലീകരിച്ച് കൂടുതൽ വികസ്വര രാജ്യങ്ങൾക്ക് അംഗത്വം നൽകണമെന്നായിരുന്നു ചൈനയുടെ വാദം.

എന്നാൽ ഈ നിർദ്ദേശം ഇന്ത്യ എതിർത്തു. സമവായത്തിലൂടെ വിപുലീകരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനാണു പിന്തുണ ലഭിച്ചത്. ബ്രിക്സ് കൂട്ടായ്മ വിപുലീകരിക്കാനുള്ള ശ്രമത്തെ ഇന്ത്യ നേരത്തെയും ശക്തമായി എതിർത്തിരുന്നു, അത്തരമൊരു വിപുലീകരണം സഖ്യത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ തകർക്കുകയും നിലവിലെ അംഗങ്ങൾക്കിടയിലുള്ള സ്ഥാപിത സമവായത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ബ്രിക്‌സ് അംഗത്വത്തിനായുള്ള ബെലാറൂസിന്റെ ശ്രമത്തെയും ഇന്ത്യ എതിർത്തിരുന്നു.

ബ്രിക്‌സ് കൂട്ടായ്മ വികസിപ്പിക്കുന്നതിന് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഓപ്പൺ പ്ലീനറി സമ്മേളനത്തിലാണ് പ്രധാനമന്ത്രി മോദി ബ്രിക്‌സ് കൂട്ടായ്മ വികസിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചത്. തന്റെ 10 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രണ്ട് ദശാബ്ദമായി ബ്രിക്‌സ് നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് മോദി അഭിപ്രായപ്പെട്ടു. ഭാവിയെ മുൻനിർത്തി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കണമെന്നും റെയിൽവേ മേഖലയിലെ സാധ്യതകളെക്കുറിച്ചു പഠനം നടത്തണമെന്നും മോദി അഭിപ്രായപ്പെടുകയുണ്ടായി. ആഫ്രിക്കൻ യൂണിയന് ജി 20യിൽ സ്ഥിരാംഗത്വം നൽകണമെന്ന ഇന്ത്യൻ അഭിപ്രായത്തോട് അംഗങ്ങൾ യോജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിപുലീകരണം പ്രധാന വിഷയമാക്കിയാണ് ഇത്തവണത്തെ ഉച്ചകോടി ചേർന്നത്. 23 രാഷ്ട്രമാണ് അംഗത്വത്തിനായി അപേക്ഷിച്ചിരുന്നത്. പ്ലീനറി സെഷനിൽ അവസാനമായി സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വിപുലീകരണത്തെ അനുകൂലിച്ചു. പാശ്ചാത്യ ആധിപത്യത്തെ ചെറുത്ത് സന്തുലിതാവസ്ഥ കൈവരിക്കാനുള്ള സംവിധാനമായി ബ്രിക്‌സിനെ രൂപപ്പെടുത്തണമെന്ന നിർദ്ദേശമാണ് ഷിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും മുന്നോട്ടുവച്ചത്. പക്ഷേ പാക്കിസ്ഥാന് വേണ്ടി ചൈന നിർബന്ധം പിടിച്ചു. അതു നടക്കാതെ പോയി. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയുമായി.