ന്യൂഡൽഹി: ഇന്ത്യയുടെ ഭൂഭാഗങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തിൽ ചൈനയെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ചൈനയെ നയതന്ത്ര മാർഗത്തിലൂടെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. നയതന്ത്ര തലത്തിൽ ചൈനയ്‌ക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത് ജി20 ഉച്ചകോടിയിലും പ്രതിഫലിക്കും. ഉച്ചകോടിക്ക് ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന് വലിയ സ്വീകരണമൊന്നും നൽകില്ല.

ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തേക്കുറിച്ചുള്ള ചൈനയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഇന്ത്യ തള്ളിക്കളയുന്നു. ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ സങ്കീർണമാക്കാൻ മാത്രമേ ഉപകരിക്കൂ, അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോൾ ഉച്ചകോടിയിലെ അതിഥിയെന്ന പ്രാധാന്യമേ നൽകൂ. ഇന്ത്യൻ പ്രധാനമന്ത്രി മോദി നേരിട്ടുള്ള ചർച്ചകൾ മുതിരില്ലെന്നാണ് സൂചന. ജി20 ഉച്ചകോടിക്ക് തൊട്ടുമുമ്പുള്ള ചൈനീസ് പ്രകോപനത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പ്രതികരണം നടത്തിയിരുന്നു. അവരുടേതല്ലാത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടങ്ങൾ പുറത്തിറക്കാറുണ്ട്. അത് അവരുടെ പണ്ടുതൊട്ടേയുള്ള ശീലമാണ്. ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങൾ പുറത്തിറക്കുന്നതിലൂടെ അവർക്കൊരു മാറ്റവും വരുത്താനാകില്ല. നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ട്. മറ്റുള്ളവരുടെ പ്രദേശങ്ങൾ സ്വന്തമാക്കി ചിത്രീകരിച്ച് ചൈന അസംബന്ധ വാദങ്ങൾ ഉന്നയിക്കരുതെന്നും ജയ്ശങ്കർ പറഞ്ഞു. അതിന് ശേഷമാണ് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചത്.

ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചൽ പ്രദേശ്, 1962-ലെ യുദ്ധത്തിൽ പിടിച്ചടക്കിയ അക്‌സായ് ചിൻ എന്നീ പ്രദേശങ്ങൾ അടക്കമുള്ളവ രാജ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടാണ് ചൈന തങ്ങളുടെ പുതിയ ഭൂപടം പുറത്തിറക്കിയത്. ഇതാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയത്. തർക്കം നിലനിൽക്കുന്ന തയ്വാൻ, നയൻ ഡാഷ് ലൈൻ തുടങ്ങിയ പ്രദേശങ്ങളും ചൈന പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചൈനയുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയിരുന്നു. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ചൈന കൈവശംവെച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ ജി-20 ഉച്ചകോടിയിലേക്ക് ബിജെപി. സർക്കാർ വിരുന്നൊരുക്കി സ്വീകരിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ചൈനാ അതിർത്തിയിൽ സമാധാനം വരുമെന്ന മോദി സർക്കാരിന്റെ അവകാശ വാദങ്ങൾക്കിടെയാണ് ചൈനീസ് പ്രകോപനം. ഉച്ചകോടിയിൽ ഈ വിഷയം ഇന്ത്യ ഉന്നയിക്കാൻ സാധ്യത ഏറെയാണ്.

ഈ മാസം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ മോദിയും ഷി ജിൻ പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തർക്കമേഖലകളിലെ സംഘർഷം ലഘൂകരിക്കാൻ വിശാലവും ആഴത്തിലുള്ളതുമായ ചർച്ചകൾ ഇരുനേതാക്കളും നടത്തിയതായി ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ചൈന ഇന്ത്യയുടെ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഭൂപടം പുറത്തുവിട്ടിരിക്കുന്നത്. ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിതിന് പിന്നാലെയാണ് ഈ പ്രകോപനം.