രാജ്യത്തിന്റെ ഇംഗ്ലീഷ് നാമമായ ഇന്ത്യാ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ പോകുന്നു എന്ന അഭ്യുഹം ശക്തമാകവെ, ഇന്ത്യ പേര് മാറ്റിയാൽ, പാക്കിസ്ഥാൻ ഇന്ത്യ എന്ന പേര് സ്വീകരിക്കുമെന്ന അഭൂഹവും ശക്തമാകുന്നു. ജി 20 സമ്മേളനത്തിലേക്കുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ ഇന്ത്യ എന്നതിന് പകരമായി ഭാരത് എന്ന പേര് പരാമർശിച്ചതോടെയായിരുന്നു അഭ്യുഹങ്ങൾക്ക് തുടക്കമായത്. ഇപ്പോൾ ഇക്കാര്യം അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രധാന വിഷയമായി മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ നഗര ഹൃദയങ്ങളിൽ നിന്നും, രാഷ്ട്രീയ സ്ഥാപനങ്ങളിൽ നിന്നും, ചരിത്ര പരാമർശങ്ങളിൽ നിന്നും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചു നീക്കാൻ മോദി സർക്കാർ കുറച്ചു കാലമായി ശ്രമിക്കുകയായിരുന്നു എന്നാണ് എക്സ്പ്രസ്സ് യു കെ പറയുന്നത്. ഇപ്പോൾ കേൾക്കുന്നത് പോലെ രാജ്യത്തിന്റെ പേര് കൂടി മാറ്റിയാൽ അത് ഈ ശ്രമങ്ങളിൽ മറ്റൊരു നാഴികക്കല്ലാവുമെന്നും അവർ ചൂണിക്കാണിക്കുന്നു.

ദേശീയ വാദികളായ ഭരണകക്ഷി, ഇംഗ്ലീഷുകാർ നൽകിയ ഇന്ത്യ എന്ന പേര് മാറ്റുവാൻ കാലാകാലങ്ങളായി ശ്രമിക്കുകയാണെന്നും അവരുടെ റിപ്പോർട്ടിൽ പറയൂന്നു. ഈ മാസം അവസാന പകുതിയിൽ സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. എന്നാൽ, സമ്മേളനത്തിന്റെ അജണ്ട എന്താണെന്നുള്ളത് ഇനിയും വെളിപ്പെടുത്തിയിട്ടില്ല എന്നതും ഏറെ കൗതുകകരമാണെന്ന് അവർ പറയുന്നു.

പേര് വിവാദം കൊഴുക്കുന്നതിനിടയിലാണ് ഇന്ത്യ, ആ പേര് ഉപേക്ഷിച്ചാൽ പാക്കിസ്ഥാൻ ആ നാമം സ്വീകരിക്കണമെന്ന വാദം പാക്കിസ്ഥാൻ ദേശീയവാദികൾക്ക് ഇടയിൽ ശക്തമാകുന്നത്. സിന്ധു നദീതടവുമായി പാക്കിസ്ഥാനും ബന്ധമുള്ളതിനാൽ, ആ പേര് പാക്കിസ്ഥാന് കൂടുതൽ അനുയോജ്യമാകുമെന്ന് അവർ വാദിക്കുന്നു.

ഐക്യരാഷ്ട്ര സഭയുടെ രേഖകളിൽ നിന്നും ഇന്ത്യ എന്ന പേര് നീക്കം ചെയ്താൽ, ആ പേരിനായി പാക്കിസ്ഥാൻ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് എക്സ്പ്രസ്സ് യു കെ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പേര് മാറ്റ വിഷയം ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.