ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കാലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടരുമ്പോൾ അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യ. നയതന്ത്ര തർക്കം വഷളാകുന്നതിന്റെ സൂചനയാണ് ഇത്. കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കാനഡ വീണ്ടും ആരോപിച്ചതിനെതിരെ ഇന്ത്യ രംഗത്തു വന്നു.

കാനഡയുടെ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, വിദ്വേഷ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നെന്നു കാട്ടി, ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായി കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക് തെളിവുണ്ടന്നും വാദമുണ്ട്. എന്നാൽ ഈ തെളിവ് കാനഡ ആർക്കും നൽകുന്നില്ല.

തെളിവ് ഇപ്പോൾ കൈമാറാനാകില്ലെന്നാണ് അവരുടെ നിലപാട്. വിശദമായ അന്വേഷണത്തിനു ശേഷമേ തെളിവു കൈമാറാനാകൂ എന്നാണ് കാനഡ വ്യക്തമാക്കുന്നത്. അതിനിടെ കാനഡ ഉയർത്തിയത് ഗുരുതരമായ ആരോപണങ്ങളാണെന്നും അതിൽ അന്വേഷണം വേണമെന്നും യുഎസ് അറിയിച്ചു. ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാകില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ ആരോപിച്ചു.

'ഇക്കാര്യത്തിൽ ആരുമായും വ്യക്തിഗതമായ നയതന്ത്ര ചർച്ചകളിലെക്ക് കടക്കാൻ താൽപര്യപ്പെടുന്നുമില്ല, ഇതുവരെ അത്തരത്തിൽ ചർച്ചകൾ നടത്തിയിട്ടുമില്ല. ഈ വിഷയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്, അത് തുടരുകയും ചെയ്യും. കാനഡയുടെ ആരോപണം ഗൗരവമായി തന്നെയാണ് എടുക്കുന്നത്. അവരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ശരിക്കും ഞങ്ങൾക്ക് ആശങ്കയുളവാക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ ഗൗരവമായി എടുക്കുന്നു. ഞങ്ങൾ ഇതിൽ ഇടപെട്ടുകൊണ്ടിരിക്കും. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകാനാകില്ല' സുള്ളിവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ ഇന്ത്യ കാനഡ ബന്ധം കൂടുതൽ മോശമാക്കുന്നതിനിടെയാണ്, കാനഡ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനകൾ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തിൽ ഇന്ത്യയും ഉറച്ചു നിൽക്കുകയാണ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി വിദേശകാര്യമന്ത്രാലയം നൽകിയ മുന്നറിയിപ്പ് കാനഡ തള്ളി. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണു കാനഡയെന്നും അവർ വ്യക്തമാക്കി.

അതിനിടെ കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് അനിശ്ചിതകാലത്തേക്കു നിർത്തിവച്ച ഇന്ത്യയുടെ നടപടി, അവിടെയുള്ള പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് രംഗത്തു വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ മുൻകയ്യെടുക്കണമെന്ന്, എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അമരീന്ദർ സിങ് രാജ ആവശ്യപ്പെട്ടു.

'ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നം ഇത്ര വഷളായിരിക്കുന്ന സമയത്ത് കനേഡിയൻ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചത് കാനഡ പൗരത്വം സ്വീകരിച്ച പഞ്ചാബികളെ പ്രതികൂലമായി ബാധിക്കും. അവിടുത്തെ പൗരത്വം സ്വീകരിച്ചെങ്കിലും ഒട്ടേറെ ആളുകളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ട്. പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ അവർ അവധിക്കാലത്ത് എത്താറുമുണ്ട്. അതുകൊണ്ട് എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നു' അമരീന്ദർ സിങ് രാജ കുറിച്ചു.