ഒട്ടാവ: ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്‌സ് ഫോർ ജസ്റ്റീസ്(എസ്എഫ്‌ജെ) സംഘടനയുടെ ആഹ്വാനം വിവാദത്തിൽ. ഇന്ത്യൻ വംശജരെ ഭീതിയിലാക്കുന്നതാണ് ആഹ്വാനം. അതിനിടെ ഈ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ രംഗത്തു വന്നു. എസ്എഫ്‌ജെയുടെ ആഹ്വാനത്തെ അപലപിച്ച് പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി.

കാനഡയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. കാനഡയുടെ ഈ നയത്തിന് വിരുദ്ധമായ രീതിയിലുള്ളതാണ് കനേഡിയൻ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെടുന്ന ഓൺലൈൻ വീഡിയോ പ്രചരണമെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു. എസ്എഫ്‌ജെയുടെ പ്രകോപന വീഡിയോയെ അപലപിച്ച് കാബിനറ്റ് അംഗം ഹർജിത് സജ്ജനും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്കും കാനഡയിൽ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പ്രസ്തുത അവകാശത്തെ ചോദ്യംചെയ്യാൻ ആർക്കും കഴിയില്ലെന്നും സജ്ജൻ പ്രസ്താവിച്ചു.

ഖലിസ്ഥാൻ അനുകൂലി ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യ ആണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടുപോകണമെന്ന് എസ്എഫ്‌ജെ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ സാഹചര്യം മുതലെടുക്കാൻ ഭീകരവാദികൾ എത്തുകയായിരുന്നു.

ഇന്ത്യൻ ഹിന്ദുക്കൾ ഇന്ത്യയെ അനുകൂലിക്കുന്നത് ഖലിസ്ഥാൻ അനുകൂലികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടി മാത്രമാണെന്നും അത്തരക്കാർ കാനഡ വിടണമെന്നും എസ്എഫ്‌ജെയുടെ ഔദ്യോഗിക വക്താവ് ഗുർപത്വന്ത് പന്നൂൺ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കാനഡയിലുള്ള ഹിന്ദുക്കൾക്ക് തീവ്രവാദികളിൽ നിന്ന് ഭീഷണി ഉയരുന്നുവെന്ന് ലിബറൽ പാർട്ടി എംപി ചന്ദ്ര ആര്യ വിശദീകരിച്ചിരുന്നു. തീവ്രവാദ ശക്തികൾ ഹിന്ദുക്കളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ഇവർ ആവശ്യപ്പെടുകയാണെന്നും എംപി പറഞ്ഞു.

ഹിന്ദു-കനേഡിയൻ വളരെ സമാധാനം പാലിക്കണം. പ്രതികൂല സംഭവങ്ങളിൽ ജാഗ്രതയുള്ളവരും നിയമപാലകർക്ക് റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്തോ-കനേഡിയൻ വംശജനായ ചന്ദ്ര ആര്യ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിയായ ലിബറൽ പാർട്ടി ഓഫ് കാനഡ അംഗമാണ്. പല ഹിന്ദു-കനേഡിയൻ കുടുംബങ്ങളും ഭീതിയിലാണ്. എന്നാൽ അവരോട് ശാന്തരായും ജാഗ്രതയോടും കഴിയാൻ ആവശ്യപ്പെടുകയാണ്. ഹിന്ദുഫോബിയയുടെ എന്തെങ്കിലും സംഭവമുണ്ടായാൽ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കണമെന്നും ആര്യ ആവശ്യപ്പെടുന്നു.

ഖാലിസ്താൻ പ്രസ്ഥാനത്തിന്റെ നേതാക്കാൾ ഹിന്ദു കനേഡിയൻ വംശജരെ പ്രകോപിക്കാൻ ശ്രമിക്കുകയാണ്. ഹിന്ദു, സിഖ് സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന കനേഡിയൻ സിഖ് വംശജർ ഖാലിസ്താൻ പ്രസ്ഥാനത്തോട് യോജിപ്പില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

നിലവിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വൈകാതെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയാകും. ഇന്ദിരാ ഗാന്ധിയുടെ വധം ഭാവിയിൽ വലിയ ആഘോഷമാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.