ന്യൂഡൽഹി: ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന വാദം ഇന്ത്യ അംഗീകരിക്കില്ല. ഖാലിസ്ഥാൻ ഭീകരവാദികൾക്കിടയിലെ പ്രശ്‌നമാണ് നിജ്ജാറിന്റെ ജീവനെടുത്തത് എന്നാണ് ഇന്ത്യൻ നിലപാട്.

ഇന്ത്യയുമായി അടുത്ത സൗഹൃദം പുലർത്തുന്നതിനെ വളരെ താൽപര്യത്തോടെയാണു കാണുന്നതെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. എന്നാൽ, ഹർദീപ് സിങ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും ലഭ്യമാക്കിയെന്ന് ഇന്ത്യ ഉറപ്പുവരുത്തണമെന്നു വാർത്താസമ്മേളനത്തിൽ ട്രൂഡോ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐഎസ്‌ഐ വാദം ഉയർന്നത്. നിജ്ജാർ സംഭവം ഇന്ത്യ-കാനഡ പ്രശ്‌നമായിരിക്കെ, അതിനെ ഇന്ത്യപാക്കിസ്ഥാൻ പ്രശ്‌നമാക്കി ചുരുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

പാക്ക് ബന്ധമുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായിരുന്നു നജ്ജാർ. പഞ്ചാബിലെ ഒട്ടേറെ ഗുണ്ടാസംഘങ്ങളെ കാനഡയിലിരുന്നു നിയന്ത്രിച്ച വ്യക്തിയാണ് നിജ്ജാർ. നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തിക്കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് ഐഎസ്‌ഐ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും. ഇന്ത്യയെയും കാനഡയെയും തമ്മിൽ തെറ്റിക്കാനാണത് എന്ന യുക്തിയാണ് ഐഎസ്‌ഐ ബന്ധം ഉന്നയിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഇന്ത്യ അംഗീകരിക്കില്ല.

'ഖാലിസ്ഥാൻ സംഘങ്ങളുടെ കുടിപ്പക വളർന്നു കാനഡയ്ക്കുതന്നെ വലിയ തലവേദനയായിത്തീരുമെന്ന് ഇന്ത്യ പലവട്ടം മുന്നറിയിപ്പു നൽകിയതാണ്. പക്ഷേ, അവർ അതു ഗൗരവത്തിലെടുത്തില്ല' -ഇതാണ് ഇന്ത്യൻ നിലപാട്. നിജ്ജാറിന്റെയും മറ്റു ഖലിസ്ഥാൻവാദി നേതാക്കളുടെയും നിയമവിരുദ്ധപ്രവർത്തനങ്ങൾ സംബന്ധിച്ച രേഖകളെല്ലാം ഇന്ത്യ കാനഡയുടെ സുരക്ഷാ ഏജൻസികൾക്കു യഥാസമയം കൈമാറിയിരുന്നു. അവർ അതെല്ലാം അവഗണിച്ചുവെന്നും ഇന്ത്യ പറയുന്നു.

അതിനിടെ നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ക്യാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന ആവശ്യം ആവർത്തിച്ച് അമേരിക്ക രംഗത്തു വന്നു. വിദേശമന്ത്രി എസ് ജയ്ശങ്കർ വാഷിങ്ടണിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുമുമ്പാണ് അമേരിക്ക നിലപാട് ആവർത്തിച്ചത്.

നിജ്ജാർ വധവുമായി ബന്ധപ്പെട്ട നിലപാട് മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ക്യാനഡയുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ആശങ്കാജനകമാണെന്നും ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും ബ്ലിങ്കൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ജയ്ശങ്കർ- ബ്ലിങ്കൻ ചർച്ചയിലും വിഷയം ഉന്നയിക്കപ്പെടുമെന്നാണ് വിവരം. വ്യാഴാഴ്ച ജയ്ശങ്കർ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഗജക്ക് സള്ളിവനുമായും കൂടിക്കാഴ്ച നടത്തി.