ചൈനയ്ക്കും കൊറിയയ്ക്കും ഇടയിലുള്ള മഞ്ഞക്കടൽ ചൈനീസ് നാവികർക്ക് മരണക്കടലായതായി റിപ്പോർട്ട്. ബ്രിട്ടീഷ്-അമേരിക്കൻ മുങ്ങിക്കപ്പലുകൾക്കായി ഒരുക്കിയ കെണിയിൽ ചൈനയുടെ തന്നെ മുങ്ങിക്കപ്പൽ കുരുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 55 നാവികർ ഈ അപകടത്തിൽ മരണമടഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. മുങ്ങിക്കപ്പലിനകത്തെ ഓക്സിജൻ സംവിധാനത്തിൽ ഉണ്ടായ തകരാറാണ് മരണകാരണം എന്ന് യു കെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 093-417 എന്ന അന്തർവാഹിനിയുടെ ക്യാപ്റ്റനും മരിച്ചവരിൽ ഉൾപ്പെടുന്നു. ഔദ്യോഗികമായി ഈ വാർത്ത നിഷേധിച്ച ചൈന, കെണിയിൽ കുരുങ്ങിയ അന്തരവാഹിനി രക്ഷപ്പെടുത്താൻ അന്താരാഷ്ട്ര സഹായം തേടുന്ന കാര്യവും നിരാകരിച്ചു. മഞ്ഞക്കടലിൽ ഒരു ദൗത്യത്തിൽ ഏർപ്പെട്ടിരിക്കെ ഓഗസ്റ്റ് 21 നാണ് അപകടം ഉണ്ടായതെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

22 ഓഫീസർമാർ, 7 ഓഫീസർ കേഡറ്റുക്ല്, 9 പെറ്റി ഓഫീസർമാർ, 17 നാവികർ എന്നിവരാണ് മരണമടഞ്ഞതെന്നും റിപ്പോർട്ടിൽ ഉണ്ട്. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും അന്തർവാഹിനികളെ തടയുന്നതിനായി ചൈന ഉപയോഗിക്കുന്ന ഒരു നങ്കൂരത്തിലും ചങ്ങലയിലും ഇടിച്ച്, അതിന്റെ ഓക്സിജൻ സംവിധാനം തകരാറിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, ഈ വാർത്ത തികച്ചും വ്യാജമാണെന്നാണ് ചൈനയുടെ നിലപാട്. ഏതെങ്കിലും ഒരു സ്വതന്ത്ര ഏജൻസി ഈ വാർത്ത സ്ഥിരീകരിച്ചിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബ്രിട്ടീഷ് മാധ്യമങ്ങൾ റോയൽ നേവിയെ സമീപിച്ചെങ്കിലും അവരും മൗനം പാലിക്കുകയാണ്.

എന്നാൽ, ഇത്തരത്തിൽ സംഭവിക്കാൻ സാധ്യത ധാരാളമാണെന്നാണ് അന്തർവാഹിനിയിൽ ഏറെക്കാലം പ്രവൃത്തിച്ച് പരിചയമുള്ള ഒരു ബ്രിട്ടീഷുകാരൻ പറഞ്ഞത്.