ടെൽ അവീവ്: ഗസ്സയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച് ഫലസ്തീൻ അനുകൂല സായുധസംഘടനയായ ഹമാസിനുനേരെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുമ്പോൾ പശ്ചമേഷ്യ കത്തുന്നു. ലോക രാജ്യങ്ങളിൽ ഭൂരിഭാഗവും ഇസ്രയേലിനൊപ്പമാണ്. അമേരിക്കയും യുദ്ധത്തെ അനുകൂലിക്കുന്നു. ഇന്ത്യയും ഹമാസിനെ പൂർണ്ണമായും തള്ളുന്നു. ഇതെല്ലാം കരുത്താക്കിയാണ് ഇസ്രയേൽ ആക്രമണം. ഇന്റലിജൻസ് വീഴ്ച അടക്കം നാണക്കേടായി എന്ന് ഇസ്രയേൽ കരുതുന്നു. മൊസാദ് പൊലൊരു രഹസ്യാന്വേഷണ വിഭാഗം ഹമാസിന്റെ നീക്കങ്ങളെ അറിഞ്ഞില്ല. ഇത് ഇസ്രയേലിന്റെ സൈനിക കരുത്തിന് ചോദ്യമായി. ഈ സാഹചര്യത്തിൽ ഗസ്സയെ പൂർണ്ണമായും തകർക്കുന്ന യുദ്ധത്തിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ശ്രമം.

ഇതിനിടെ പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചയുടെ സാഹചര്യം ഒരുക്കണമെന്ന ആലോചന സജീവമാണ്. ആഗോള തലത്തിൽ സമാധാനമെന്ന ആശയം ശക്തമാണ്. ഇസ്രയേലിൽ ഇതുവരെ 650 ഓളം പേർ മരിച്ചു. ഇതിൽ അമേരിക്കൻ പൗരന്മാരുമുണ്ട്. ഗസ്സയിൽ നാനൂറിലേറെ പേർ മരിച്ചു. ഇസ്രയേൽ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചാണ് മുന്നോട്ട് പോകുന്നത്. 1973ന് ശേഷമാണ് ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനം. അമേരിക്കൻ സൈന്യവും ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്. എല്ലാ സൈനിക സഹായവും അമേരിക്ക നൽകും. തീവ്രവാദ ആക്രമണമായാണ് ഇതിനെ അമേരിക്ക കാണുന്നത്.

ശനിയാഴ്ച രാവിലെ ആറരയോടെ കടൽ, കര ആകാശമാർഗങ്ങളിലൂടെയാണ് ആയിരത്തോളം ഹമാസ് അംഗങ്ങൾ ഇസ്രയേലിൽ കടന്നുകൂടിയത്. കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചിട്ടു. ഇസ്രയേലിനെതിരെ 'അൽ അഖ്സ ഫ്‌ളഡ്'എന്ന പേരിൽ സൈനിക നടപടി ആരംഭിക്കുന്നതായി ഹമാസ് പരസ്യപ്രസ്താവന ഇറക്കി. 20 മിനിറ്റിലെ ആദ്യ ആക്രമണത്തിൽ 5000 റോക്കറ്റുകൾ മധ്യ-തെക്കൻ ഇസ്രയേലിലേക്ക് വർഷിച്ചെന്നും ഹമാസ് അവകാശപ്പെട്ടു. ഇതിന് ശേഷമായിരുന്നു ഇസ്രയേൽ തിരിച്ചടി. കരുതലുകൾ എല്ലാം എടുത്താണ് പ്രത്യാക്രമണം.

ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ല ഹമാസിന് പിന്തുണപ്രഖ്യാപിച്ചതോടെ ഇസ്രയേൽ-ലെബനൻ അതിർത്തിയും യുദ്ധക്കളമായി. ഞായറാഴ്ച ഷിബ ഫാംസ് മേഖലയിൽ ഇസ്രയേൽ സേനയ്ക്കുനേരെ ഹിസ്ബുല്ല വ്യോമാക്രമണം നടത്തി. ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങളെയും റഡാർ സ്റ്റേഷനുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. താലിബാനും ഹമാസിനൊപ്പം ചേരുമെന്ന് സൂചനയുണ്ട്. ഇറാനും ഹമാസിനെ പിന്തുണയ്ക്കുന്നു. നൂറിലേറെ പേർ ഇപ്പോഴും ഇസ്രയേലിൽ ഹമാസിന്റെ ബന്ധികളാണ്. ഇസ്രയേലിൽ നുഴഞ്ഞെത്തി ഭീകരരെ മുഴുവൻ കണ്ടെത്താൻ ഇസ്രയേൽ സൈന്യത്തിന് കഴിഞ്ഞിട്ടില്ല.

യുക്രെയിനിൽ യുദ്ധത്തിനെത്തി നാണം കെട്ട റഷ്യയുടെ അവസ്ഥ ഉണ്ടാകാതിരിക്കാനും ശ്രമിക്കും. അമേരിക്ക യുക്രെയിനൊപ്പമാണ്. ഇവിടെ തിരിച്ചും. അങ്ങനെ പശ്ചാത്യ ശക്തികളെ കൂടെ നിർത്തിയുള്ള യുദ്ധ വിജയമാണ് ഇസ്രയേൽ മനസ്സിൽ. ഗസ്സയിലെ ഹമാസ് താവളങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഇസ്രയേൽ പ്രതിരോധസേന(ഐ.ഡി.എഫ്.) വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 313 പേർ കൊല്ലപ്പെട്ടെന്നാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രണ്ടായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. സ്ഥിതി ഗതി രൂക്ഷമാണ്. മലയാളികൾ അടക്കം ആശങ്കയിലാണ് ഇസ്രയേലിലും ഗസ്സയിലും. പലയിടത്തും ഏറ്റുമുട്ടൽ തുടരുന്നു.

ജനവാസമേഖലകളിലും ശക്തമായ ഏറ്റമുട്ടലുണ്ടായി. ശനിയാഴ്ച രാവിലെ ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിച്ചത്. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ചയോടെ 300 കടന്നു. 1864 പേർക്ക് പരിക്കേറ്റു. കെഫർ അസയിൽ വ്യാപക ഏറ്റുമുട്ടൽ നടക്കുകയാണ്. ഗസ്സയെ ഐ.ഡി.എഫ്. അംഗങ്ങൾ വളഞ്ഞിരിക്കുകയാണെന്നും സൈന്യം കടന്നുചെല്ലാത്ത ഒരുനഗരംപോലും അവിടെയില്ലെന്നും വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര സുരക്ഷായോഗം വിളിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ടെൽ അവീവിലെത്തി സ്ഥിതിഗതികൾ വിശകലനം ചെയ്തു. ഗസ്സയ്ക്കു സമീപത്തെ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പൗരരെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കാനും തീരുമാനമുണ്ടായി. ശനിയാഴ്ച ഇസ്രയേലിനു നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയ നടപടിയെ ന്യായീകരിച്ച് ഹമാസ് തലവൻ ഇസ്മായീൽ ഹനിയ്യ രംഗത്തെത്തി. അൽ അഖ്സ പള്ളിയുടെ കാര്യത്തിൽ തീക്കൊള്ളികൊണ്ട് കളിക്കരുതെന്ന് ഇസ്രയേലിന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അവർ ചെവിക്കൊള്ളാത്തതിലുള്ള തിരിച്ചടിയാണ് നടപടിയെന്നും പറഞ്ഞു.