- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെറുസലേമിലെ അൽ അഖ്സ പള്ളിയിലേക്ക് എണ്ണൂറോളം കുടിയേറ്റക്കാരെത്തി; ഇസ്രയേൽ സൈന്യം ഫലസ്തീൻകാർക്ക് പ്രവേശനം നിഷേധിച്ചത് പ്രകോപനമായി; അറബ് രാജ്യങ്ങളെ കൂടെ നിർത്താൻ ഹമാസിന്റെ പള്ളിക്കഥ! തീക്കൊള്ളി കൊണ്ടുള്ള കളിയിൽ പശ്ചിമേഷ്യ രക്തരൂക്ഷിതം
ഗസ്സ: ഇസ്രയേൽ ആക്രമണത്തിൽ അൽ അഖ്സ പള്ളിയെ വികാരമാക്കി അറബ് ലോകത്തിന്റെ പിന്തുണയാർജ്ജിക്കാൻ ഹമാസിന്റെ ശ്രമം. അൽ അഖ്സ പള്ളിയുടെ കാര്യത്തിൽ തീക്കൊള്ളികൊണ്ട് കളിക്കരുതെന്ന് ഇസ്രയേലിന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അവർ ചെവിക്കൊള്ളാത്തതിലുള്ള തിരിച്ചടിയാണ് നടപടിയെന്നും പറഞ്ഞു. എന്നാൽ അറബ് ലോകം ഇപ്പോഴും വ്യക്തമായ നിലപാട് എടുത്തിട്ടില്ല. ഇസ്രയേൽ - ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നുവെന്നതാണ് വസ്തുത.
കഴിഞ്ഞ വ്യാഴാഴ്ച യഹൂദന്മാരുടെ വിശേഷ ആഘോഷത്തിനിടെ കിഴക്കൻ ജെറുസലേമിലെ അൽ അഖ്സ പള്ളിയിലേക്ക് എണ്ണൂറോളം ഇസ്രയേലി കുടിയേറ്റക്കാരടങ്ങുന്ന സംഘം എത്തിയിരുന്നു. ഇസ്രയേൽ സൈന്യം ഫലസ്തീൻകാർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഹമാസ് അപ്രതീക്ഷിതനീക്കം നടത്തിയതെന്നാണ് കരുതുന്നത്. അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൂന്നം ലോക മഹായുദ്ധ ഭീതിയിലാണ് ലോകമെന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ.
അതിനിടെ ഇസ്രയേൽ-ഫലസ്തീൻ സംഘർഷം തുടരവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തി. ഇരു നേതാക്കളും ഞായറാഴ്ച്ച ഫോണിൽ സംസാരിച്ച് നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്തി. ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നൽകി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ഇവരെ മോചിപ്പിക്കാനുള്ള സാധ്യതകൾ തേടിയതായാണ് സൂചന. അക്രമത്തിൽ ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു.
ഗസ്സാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള ഫലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക.
മറുനാടന് മലയാളി ബ്യൂറോ