- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിനെ അപലപിക്കാതെ സ്കോട്ട്ലാൻഡിനെ ഫസ്റ്റ് മിനിസ്റ്റർ അപഹാസ്യമാക്കി എന്ന് സീനിയർ സ്‌കോട്ട്ലാൻഡ് എംപി; ഗസ്സയിലുള്ള ഭാര്യയുടെ കുടുംബവുമായി താനും ഭാര്യയും ഫോണിൽ ബന്ധപ്പെട്ടു എന്നും ഹംസ യൂസഫ്
ലണ്ടൻ: ഏതാണ്ട് എല്ലാ ലോക രാജ്യങ്ങളും ഹമാസ് ഭീകരരുടെ ക്രൂരതയെ അപലപിച്ചപ്പോൾ അർത്ഥവത്തായ മൗനം പൂകി സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്. എക്കാലവും ഇസ്രയേലിന്റെ കടുത്ത വിമർശകനായിരുന്ന ഹംസ യൂസഫ് ഇപ്പോൾ തന്റെ ദുർബലമായ പ്രതികരണം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫലസ്തീനിയൻ തീവ്രവാദികൾ വീടുകൾ കയറിയിറങ്ങിയും, വാഹനങ്ങളിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ചും ഇസ്രയേലികളെ കൊല്ലുകയും മൃതദേഹങ്ങളുമേന്തി ആർപ്പ് വിളിച്ച് നിരത്തുകളിൽ ജാഥ നടത്തുകയും ചെയ്തിട്ടും അതിനെ അപലപിക്കാൻ ഹംസ യൂസഫ് തയ്യാറായില്ല.
തന്റെ എക്സ് (നേരത്തെ ട്വിറ്റർ) പ്ലാറ്റ്ഫോമിൽ അദ്ദേഹം കുറിച്ചത്, താനും ഭാര്യയും ഗസ്സയിലുള്ള ഭാര്യയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു എന്നായിരുന്നു. സ്‌കോട്ട്ലാൻഡിലെ പലരും, ഇസ്രയേലിലും ഫലസ്തീനിലുമുള്ള തങ്ങളുടെ കുടുംബാംഗങ്ങളെ കുറിച്ച് ആധിപിടിച്ചിരിക്കുമ്പോൾ താൻ അവർക്കായി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.
യു കെയിലെ ചില ഭാഗങ്ങളിൽ, തീവ്ര ആശയക്കാർ ഇസ്രയേലിൽ ഒഴുകിയ രക്തപ്പുഴ ആഘോഷമാക്കിയപ്പോൾ, സ്‌കോട്ട്ലാൻഡ് ഹംസ യൂസഫിനെക്കാൾ മികച്ച ഒരു വ്യക്തിയെ അർഹിക്കുന്നു എന്നായിരുന്നു ഒരു മുതിർന്ന എം പി പറഞ്ഞത്. തീവ്രവാദികളായ ഹമാസ് ഭീകരരെ അപലപിക്കാൻ പോലും ഹംസ യൂസഫ് തയ്യാറായിട്ടില്ലെന്ന് മുതിർന്ന ടോറി എം പി സ്റ്റീഫൻ കേർ ചൂണ്ടിക്കാട്ടി. സ്‌കോട്ട്ലാൻഡിന്റെ പാരമ്പര്യത്തിന് തന്നെ ഇത് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടയിൽ തെരേസ മേയുടെ മുൻ ഉപദേഷ്ടാവായിരുന്ന നിക്ക് തിമോത്തിയും ഹംസ യൂസഫിന്റെ പ്രതികരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. യഹൂദ വിരുദ്ധതയിൽ ഊന്നിയ ആശയങ്ങൾകൊണ്ട് പാർട്ടിക്ക് പരാജയം സമ്മാനിച്ച ലേബർ നേതാവ് ജെറെമി കോർബിനുമായിട്ടാണ് യൂസഫിനെ തിമോത്തി താരതമ്യം ചെയ്തത്. ജെറെമി കോർബിൻ മാത്രമല്ല, ഭീകരാക്രമണത്തെ അപലപിക്കാത്ത ഒരേയൊരു നേതാവ് എന്നായിരുന്നു തിമോത്തി കുറിച്ചത്.
ഇരുന്നൂറോളം ഇസ്രയേലികളുടെ മരണത്തിനിടയാക്കിയ ഹമാസ് ഭീകരരുടെ ആക്രമണത്തിന് ഇസ്രയേൽ കനത്ത തിരിച്ചടി നൽകുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 232 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വരുന്നു.
മറുനാടന് മലയാളി ബ്യൂറോ