ടെൽ അവീവ്: ഗസ്സ അതിർത്തിയിൽ സമ്പൂർണ നിയന്ത്രണം പുനഃസ്ഥാപിച്ചെന്നും തങ്ങളുടെ പ്രദേശത്ത് 1,500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ഇസ്രയേൽ. 24 മണിക്കൂറിനിടെ ഹമാസ് തീവ്രവാദികൾ രാജ്യത്തേക്കു കടന്നിട്ടില്ലെന്ന് ഇസ്രയേൽ വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. ഇനി ഇസ്രയേലിന്റെ അടുത്ത നീക്കം എന്തെന്നത് നിർണ്ണായകമാണ്. ഗസ്സ പിടിക്കാൻ കരസേന ഇരച്ചു കയറുമോ എന്നതാണ് അറിയേണ്ടത്. യുദ്ധ സജ്ജമാണ് ഇസ്രയേൽ സേനയെന്നാണ് റിപ്പോർട്ട്.

3,60,000 റിസർവ് സൈനികരെ ഇസ്രയേൽ സജ്ജരാക്കിയിട്ടുണ്ട്. ഗസ്സയ്ക്കു നേർക്ക് കരയുദ്ധം ആരംഭിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. 2014ലാണ് ഇതിനു മുന്പ് ഇസ്രയേൽ കരയുദ്ധം നടത്തിയത്. ഗസ്സയ്ക്കു സമീപമുള്ള പട്ടണങ്ങളിൽനിന്നു തങ്ങളുടെ ആയിരക്കണക്കിന് പൗരന്മാരെ ഇസ്രയേൽ ഒഴിപ്പിച്ചിട്ടുണ്ട്. ഗസ്സ അതിർത്തിയിൽ ടാങ്കുകളും ഡ്രോണുകളും വിന്യസിച്ചു. 40 കിലോമീറ്റാണ് ഗസ്സ ഇസ്രയേലുമായി അതിർത്തി പങ്കിടുന്നത്. ഇസ്രയേൽ - ഹമാസ് യുദ്ധം അഞ്ച് ദിവസമായി തുടരുന്നതിനിടെ ഇരുഭാഗത്തും മരിച്ചവരുടെ എണ്ണം 3500 കടന്നുവെന്ന് റിപ്പോർട്ടുകൾ.

ഇസ്രയേലിൽമാത്രം മരിച്ചവരുടെ എണ്ണം 1200 ആയതായി ഇസ്രയേലി പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ശനിയാഴ്ച മുതൽ ഇതുവരെ 169 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഗസ്സയിൽ 900 പേർ കൊല്ലപ്പെട്ടുവെന്നും 4600 പേർക്ക് പരിക്കേറ്റുവെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുള്ള കണക്കുകൾ.

അതിനിടെ, ഹമാസ് സംഘം നഗ്‌നയാക്കി ട്രക്കിൽ കൊണ്ടുപോയ ജർമൻ യുവതി ഷാനി ലൂക്ക് ജീവിച്ചിരിപ്പുണ്ടെന്ന് മാതാവ് റിക്കാർഡ ലൂക്ക് അറിയിച്ചു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഒരു ആശുപത്രിയിൽ തന്റെ മകളുണ്ടെന്നാണ് ഇവർ പറയുന്നത്. വിഷയത്തിൽ ജർമൻ സർക്കാർ ഇടപെടണമെന്നും റിക്കാർഡ ആവശ്യപ്പെടുന്നു. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള വീഡിയോ റിക്കാർഡ ലൂക്ക് സാമൂഹ്യമാധ്യമങ്ങൾ വഴി പുറത്തുവിട്ടു. 'ഷാനി ജീവിച്ചിരിപ്പുണ്ട്. എന്നാൽ അവളുടെ തലയ്ക്ക് ?ഗുരുതരമായി പരിക്കേറ്റതായാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം. ഓരോ നിമിഷവും നിർണായകമാണ്. ഇക്കാര്യത്തിൽ ജർമൻ സർക്കാർ അടിയന്തര നടപടി ആവശ്യപ്പെടുന്നു.

ഗസ്സയിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ തുർക്കി പ്രസിഡന്റ് ഉർദുഗാനുമായി പുടിൻ ഫോണിൽ സംസാരിച്ചുവെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.