ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ ഇന്ത്യ ഓപ്പറേഷൻ അജയ് ദൗത്യം പ്രഖ്യാപിച്ചു. 18,000 ത്തോളം ഇന്ത്യാക്കാർ ഇസ്രയേലിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ' പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റു ക്രമീകരണങ്ങളും സജ്ജമാക്കി കഴിഞ്ഞു. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ ക്ഷേമവും, സുരക്ഷയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്ത ആദ്യ സംഘം ഇന്ത്യാക്കാരെ നാളെ പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്ന് ഇസ്രയേലിലെ ഇന്ത്യൻ ഏംബസി വ്യക്തമാക്കി. ഇന്ത്യൻ സമയം രാത്രി 11.30 ക്ക് ടെൽ അവീവിൽ നിന്ന് ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെടും. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം തുടങ്ങിയതായി എംബസി അറിയിച്ചു. രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റർ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. അതേസമയം, സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും ഫലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടു. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചു. ഇന്ത്യാക്കാരുമായി സമ്പർക്കം തുടരുകയാണ്. വെള്ളവും ഭക്ഷണവും തീരുകയാണെന്നും ദുരിതത്തിലാണെന്നും ജമ്മു കശ്മീരിൽ നിന്നുള്ള കുടുംബം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.