ജറുസലം: ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു. വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തെത്തുടർന്ന് തെക്കൻ ഭാഗത്തേക്കു ജനങ്ങളുടെ പലായനം തുടരുകയാണ്. വിദേശികളെ തെക്ക് റഫാ അതിർത്തി വഴി ഈജിപ്തിലെത്തിക്കാൻ യുഎസ്, ഇസ്രയേൽ, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ ചർച്ചയിൽ ധാരണയായി. തീരുമാനത്തെ ഹമാസും അനുകൂലിച്ചതായി ഈജിപ്ത് അറിയിച്ചു. അതിനിടെ മേഖലയിൽ സൗദി അറേബ്യ സമ്പൂർണ്ണ വെടി നിർത്തൽ ആവശ്യപ്പെട്ടു.

ഫലസ്തീൻ പൗരർക്ക് ഒഴിഞ്ഞുപോകാൻ കൂടുതൽ സമയം അനുവദിക്കണമെന്നു യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. കൂട്ട പലായനം ആശങ്കാജനകമാണെന്നു യുഎൻ വീണ്ടും മുന്നറിയിപ്പ് നൽകി. ഗസ്സയിൽ ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവയുടെ ക്ഷാമം രൂക്ഷമാണ്. അതിനിടെ ഹമാസ് വ്യോമ മേധാവി മുറാദ് അബു മുറാദ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഗസ്സ അതിർത്തിയിൽ സജ്ജരായി നിൽക്കുന്ന സൈനികരെ സന്ദർശിച്ചു. 'അടുത്ത ഘട്ടത്തിനു തയാറല്ലേ' എന്ന അദ്ദേഹത്തിന്റെ ചോദ്യം കരയാക്രമണം ഉടൻ ആരംഭിച്ചേക്കുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ഗസ്സയിൽ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ ത്രിതല ആക്രമണം പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ആക്രമിക്കുവാനാണ് ഇസ്രയേൽ നീക്കം. എതു നിമിഷവും ആക്രമണം തുടങ്ങാൻ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കൻ ഗസ്സയിലെ ജനങ്ങൾ ഒഴിയണമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സ അതിർത്തിയിൽ സംരക്ഷിത മേഖല തീർക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. സംരക്ഷിത മേഖലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തും. സൈനിക നടപടി പൂർത്തിയാകുന്നതോടെ ഗസ്സയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേൽ മന്ത്രി ഗീഡിയോൺ പറഞ്ഞു.

യുദ്ധം തുടരുന്നതിനിടെ 'അസാധാരണ അടിയന്തര യോഗം' വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയും നിലപാട് കടുപ്പിക്കുകയാണ്. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് ബുധനാഴ്ചയാണ് യോഗം. ഇസ്ലാമിക് ഓർഗനൈസഷൻ (ഒഐസി) അധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങൾ മന്ത്രിതലത്തിൽ അടിയന്തര യോഗം ചേരുന്നത്. യു.എൻ. അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഇസ്രയേൽ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു. ദുരന്തം ഒഴിവാക്കാൻ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ആവശ്യപ്പെട്ടു.

ഗസ്സയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ജനങ്ങൾ കൂട്ടപ്പലായനം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഇസ്രയേൽ കരസേന ഗസ്സയിലിറങ്ങി തിരച്ചിലാരംഭിച്ചിരുന്നു. ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗസ്സ നിവാസികൾക്കും യു.എൻ. ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പ്. ഗസ്സസിറ്റിയിലെ ജനവാസമേഖലകളിൽ ഹമാസ് അംഗങ്ങൾ പതിയിരിക്കുന്നതിനാലാണ് ഉത്തരവെന്നാണ് വിശദീകരണം.

സ്‌കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണമെന്ന് നിർദ്ദേശമുണ്ട്. ജനങ്ങൾക്ക് അപകടകരമല്ലാത്ത രീതിയിലാണ് ഹമാസിനെതിരേയുള്ള നീക്കം ആവിഷ്‌കരിക്കുന്നതെന്ന് ഇസ്രയേലി സൈനികവക്താവ് ജൊനാഥൻ കോർണിക്കസ് അവകാശപ്പെട്ടു.