- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ ജനതയെ ഹമാസ് പ്രതിനിധീകരിക്കുന്നില്ല; സാധാരണക്കാരെ ഹമാസ് മനുഷ്യ കവചമാക്കുന്നുവെന്ന് ജോ ബൈഡൻ; പിന്നാലെ യുഎന്നിലെ ബ്രസീൽ പ്രമേയം വീറ്റോ ചെയ്ത് ഇസ്രയേലിനൊപ്പമെന്ന നിലപാട് പ്രഖ്യാപിക്കൽ; വസ്തുതകളില്ലാത്ത പ്രമേയമെന്ന് കുറ്റപ്പെടുത്തൽ; തീവ്രവാദം ചർച്ചയാക്കി അമേരിക്ക
സാൻ ഫ്രാൻസിസ്‌കോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയിൽ പാസായില്ല. പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്കൻ നിലപാട് നിർണ്ണായകമായി. യുഎൻ സുരക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെയാണ് അമേരിക്ക വീറ്റോ ചെയ്തത്. ഗസ്സയിൽ സഹായമെത്തിക്കണമെന്ന പ്രമേയം ബ്രസീൽ ആണ് അവതരിപ്പിച്ചത്. ഈ പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. പ്രമേയത്തെ യുഎൻ സുരക്ഷാ സമിതിയിലെ 12 അംഗങ്ങൾ അനുകൂലിച്ചു. റഷ്യയും ബ്രിട്ടണും വിട്ടുനിന്നു.
ഹമാസിനെ നശിപ്പിക്കാനും 199 ബന്ദികളെ മോചിപ്പിക്കാനുമായി ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ മൂവായിരത്തോളം പേരാണു ഗസ്സയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടതു കൂടാതെയാണിത്. ആശുപത്രി ആക്രമിച്ചത് ഇസ്രയേലാണെന്ന ഹമാസിന്റെ ആരോപണം നെതന്യാഹു നിഷേധിച്ചു. ഹമാസ് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഈ വാദപ്രതിവാദത്തിനിടെയാണ് യുഎന്നിലെ പ്രമേയ നീക്കവും ചർച്ചകളിൽ എത്തുന്നത്. അമേരിക്കയുടെ ഉറച്ച പിന്തുണ ഇസ്രയേലിനൊപ്പമുണ്ടെന്നതാണ് ഈ വീറ്റോ ചെയ്യൽ വ്യക്തമാക്കുന്നത്.
ഗസ്സയിൽ സഹായമെത്തിക്കാനുള്ള യുഎൻ ശ്രമങ്ങൾ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ബ്രസീൽ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ടിരുന്നില്ല. ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പ്രധാനപ്പെട്ടതാണെങ്കിലും വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും നേരിട്ടുള്ള നയതന്ത്ര പ്രവർത്തനങ്ങളെയാണ് തങ്ങൾ പിന്തുണക്കുന്നതെന്നും യുനൈറ്റഡ് നേഷൻസിലെ യു.എസ് അംബാസിഡർ ലിൻഡ തോമസ് പറഞ്ഞു.
നേരിട്ടുള്ള നയതന്ത്ര ഇടപെടലിലൂടെ മാത്രമെ ആളുകളുടെ ജീവൻ രക്ഷിക്കാനാകുവെന്നും ഇക്കാര്യത്തിൽ സുരക്ഷാ സമിതി ശരിയായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സുരക്ഷാ സമിതിയുടെ ഏതൊരു നടപടിയിൽനിന്നും ഇസ്രയേലിനെ പിന്തുണക്കുന്നതാണ് യു.എസിന്റെ നീക്കം. മാനുഷിക പരിഗണന മുൻനിർത്തി അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള റഷ്യയുടെ പ്രമേയവും കഴിഞ്ഞ ദിവസം തള്ളിപ്പോയിരുന്നു.
ഇസ്രയേലിന്റെ വേദന യു.എസിനു മനസിലാക്കാൻ കഴിയുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചിരുന്നു. അൽ ക്വയ്ദ നടത്തിയ യു.എസ്. ഭീകരാക്രമണത്തിന്റെ ഓർമകളാണ് അത് ഉണർത്തുന്നതെന്നും ഇസ്രയേൽ സന്ദർശനവേളയിൽ ബൈഡൻ പറഞ്ഞു.. എന്നാൽ, ഫലസ്തീനും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ഗസ്സയിലെ ജനങ്ങൾ വെള്ളവും മരുന്നും ഇന്ധനവുമില്ലാതെ ബുദ്ധിമുട്ടുകയാണ്. മാനുഷിക പരിഗണനവച്ച് അവ അനുവദിക്കാൻ ഇസ്രയേൽ പാർലമെന്റിനോട് അഭ്യർത്ഥിക്കുന്നതായി ബൈഡൻ പറഞ്ഞു. ഈജിപ്തിൽനിന്നുള്ള മാനുഷിക സഹായം സ്വീകരിക്കാൻ ഗസ്സയെ അനുവദിക്കണം. ഫലസ്തീന് 832.5 കോടി രൂപയുടെ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ബൈഡന്റെ ആവശ്യം പിന്നീട് ഇസ്രയേൽ അംഗീകരിച്ചു. ഈജിപ്തിൽനിന്നു ഗസ്സയിലേക്കുള്ള സഹായം തടയില്ലെന്നു ഇസ്രയേൽ പ്രഖ്യാപിച്ചു. എന്നാൽ, ഫലസ്തീനികളെ തങ്ങളുടെ രാജ്യത്തേക്കു തള്ളിവിടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്തേ അൽ സിസി അറിയിച്ചു.
ഈ സംഘർഷത്തിൽ യു.എസിന്റെ നിലപാട് ഇസ്രയേൽ ജനതയേയും ലോകജനതയേയും അറിയിക്കാനാണു തന്റെ ഈ സന്ദർശനമെന്ന് ബൈഡൻ വ്യക്തമാക്കി. ഗസ്സയിലെ അൽ അഹ്ലി അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തിലും ജീവഹാനിയിലും താൻ അഗാധമായി ദുഃഖിക്കുന്നു. വാർത്തയറിഞ്ഞയുടൻ താൻ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും ബന്ധപ്പെട്ടു.
നൂറുകണക്കിനുപേരെ ബന്ദിയാക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും തലയറുക്കുകയും ചെയ്യുന്ന ഹമാസ് ക്രൂരതയെ അപലപിക്കുന്നു. ഐ.എസിന്റെ ക്രൂരതകൾക്കു സമാനമാണു ഹമാസിന്റെയും ്രപവൃത്തികൾ. ഹമാസ് ഫലസ്തീൻ ജനതയെ മുഴുവൻ പ്രതിനിധീകരിക്കുന്നവരല്ല. ഫലസ്തീൻ ജനതയ്ക്കു ദുരിതങ്ങൾ മാത്രമാണ് അവർ നൽകുന്നത്- ബൈഡൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ