- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യയിൽ കണക്കാക്കുന്നത് പരിഹാസ കഥാപാത്രമായി; ജോ ബൈഡൻ ട്രൂഡോയെ കാണുന്നത് വാതിൽപ്പടിയിൽ ഇടുന്ന ചവിട്ടിയായി'; ഇന്ത്യയുമായി വേണ്ടത് ക്രിയാത്മക ബന്ധമെന്ന് പിയർ പോളിയെവ്
ടൊറന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പരിഹാസ കഥാപാത്രമായാണു കണക്കാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പിയർ പോളിയെവ്. ഇന്ത്യയുമായുള്ള നയതന്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രൂഡോയെ വിമർശിക്കുന്നതിനിടെയാണ് പിയറിന്റെ പരിഹാസം. നേപ്പാൾ മാധ്യമമായ നമസ്‌തേ റേഡിയോ ടോറന്റോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പിയറിന്റെ പരിഹാസം.
'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ട്രൂഡോയെ ഒരു പരിഹാസ കഥാപാത്രമായാണ് കാണുന്നത്' - പിയർ പറഞ്ഞു. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരോട് ഇന്ത്യ വിടാൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ അത് ട്രൂഡോയുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ട്രൂഡോ അയോഗ്യനും അൺപ്രഫഷണലുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ വൻ ശക്തികളുമായി കാനഡ ഇപ്പോൾ പ്രശ്‌നത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ വിദേശബന്ധത്തെ പറ്റി സംസാരിക്കവേ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്രൂഡോയെ വാതിൽപ്പടിയിൽ ഇടുന്ന ചവിട്ടിയായാണ് കണക്കാക്കുന്നതെന്നും ഒരു പാവയെപ്പോലെ തട്ടിക്കളിക്കുകയാണെന്നും പിയർ പറഞ്ഞു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യ - കാനഡ ബന്ധം വഷളായതിനു പിന്നാലെ 41 കനേഡിയൻ ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചിരുന്നു. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവർക്കുള്ള പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്നാണിത്.
കാനഡയ്ക്ക് ഇന്ത്യയുമായി ഒരു ക്രിയാത്മകമായ ബന്ധമാണ് വേണ്ടതെന്നും താൻ പ്രധാനമന്ത്രിയായാൽ അത്തരത്തിൽ ഒരു ബന്ധം പുനഃസ്ഥാപിക്കുമെന്നും പിയർ പറഞ്ഞു. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണത്തെയും ഹൈന്ദവ നേതാക്കൾക്കു നേരെയുള്ള ഭീഷണിയേയും പിയർ ശക്തമായി അപലപിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെയും ഹിന്ദു ക്ഷേത്രത്തെയും ആക്രമിക്കുന്നവർ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്നും അറിയിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയിൽ വൻ ഇടിവ് ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 'ഗ്ലോബൽ ന്യൂസി'നുവേണ്ടി കാനഡയിലെ വിപണിഗവേഷണ സ്ഥാപനമായ 'ഇപ്സോസ്' നടത്തിയ അഭിപ്രായസർവേയിലാണ് തിരിച്ചടി നേരിടുന്നതായി വ്യക്തമാക്കിയത്.
വോട്ടുരേഖപ്പെടുത്തിയവരിൽ 40 ശതമാനവും ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രതിപക്ഷനേതാവ് പിയർ പൊളിയേവ് പ്രധാനമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചു. 30 ശതമാനം വോട്ടാണ് ലിബറൽ പാർട്ടിയുടെ നേതാവുകൂടിയായ ട്രൂഡോയ്ക്ക് ലഭിച്ചത്. ന്യൂഡെമോക്രാറ്റിക് പാർട്ടിയുടെ ജഗ്മീത് സിങ്ങിന് സർവേയിൽ 22 ശതമാനം വോട്ടുലഭിച്ചു. ഖലിസ്താനോട് അനുഭാവമുള്ള ഇന്ത്യൻ വംശജനായ ജഗ്മീതിന്റെ പാർട്ടി ട്രൂഡോ സർക്കാരിൽ സഖ്യകക്ഷിയാണ്.
അറ്റ്ലാന്റിക് കാനഡയിൽ പൊളിയേവിന് ട്രൂഡോയെക്കാൾ 20 ശതമാനത്തിന്റെ ലീഡുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പൊളിയേവിന്റെ ജനപ്രീതി അഞ്ചുശതമാനം വർധിച്ചു. ഈസമയത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ട്രൂഡോയെ തറപറ്റിച്ച് പൊളിയേവിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി രാജ്യം ഭരിക്കുമെന്നാണ് സർവേ ഫലം. 2025-ലാണ് കാനഡയിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ