ഗസ്സ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. സമാധാന ശ്രമം എങ്ങുമെത്തുന്നില്ല. വെടിനിർത്തലിന് ഇസ്രയേൽ തയ്യാറല്ല. അതിന് അമേരിക്കയും ഇസ്രയേലിനെ നിർബന്ധിക്കുന്നില്ല. അഭയാർത്ഥി ക്യാമ്പുകളിൽ പോലും ആക്രമണം ഉണ്ടാകുന്നു. സർവ്വത്ര ഭീതിയാണ് ഗസ്സയിൽ. അതിനിടെ ഇസ്രയേൽ സൈന്യം ഗസ്സയിൽ പ്രവേശിച്ചതായി ഹമാസ്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗസ്സയിൽ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗസ്സയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേൽ സൈന്യം ഗസ്സയിൽ പ്രവേശിച്ചതെന്നും സൂചനയുണ്ട്.

ഗസ്സയിലെ ജനം തിങ്ങിപ്പാർക്കുന്ന മേഖലകളിലും ജബലിയ അഭയാർഥി ക്യാമ്പിലും അൽ-ഷിഫ, അൽ-ഖുദ്‌സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിൽ ആറായിരത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ടായിരത്തിലധികവും കുട്ടികളാണ്. ഹമാസിന്റെ ആക്രമണത്തിൽ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. അതിനിടെ വെടിനിർത്തലിന്റെ സമയമല്ലിതെന്നാണ് അമേരിക്കയുടെ നിലപാട്. സാധാരണക്കാരുടെ മരണം ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. അതിനിടെ ഇന്ത്യ സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കുമെന്നും സൂചനയുണ്ട്. കരയുദ്ധം തുടങ്ങിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗസ്സയിലേക്ക് പുറപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രണ്ട് പൗരന്മാരെക്കൂടി മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേലി വനിതകളെയാണ് ഹമാസ് മോചിപ്പിച്ചത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് നടപടി. സംഘർഷ ലഘൂകരണത്തിനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 300-ലധികം ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

'മനുഷ്യത്വപരമായ' കാരണങ്ങളാലാണ് രണ്ടു ബന്ദികളെ മോചിപ്പിക്കുന്നതെന്ന് ഹമാസ് പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതാണ് ഇവരെ മോചിപ്പിക്കാനുള്ള കാരണം എന്നാണ് വിവരം. നൂറിത് കൂപ്പർ(79), യോചെവെദ് ലിഫ്ഷിറ്റ്സ്(85) എന്നീ വയോധികരായ സ്ത്രീകളാണ് മോചിപ്പിക്കപ്പെട്ടത്. ഗസ്സ അതിർത്തിയിലുള്ള നിർ ഓസിലെ കിബുട്ട്സിൽ താമസിച്ചിരുന്ന ഇവരെയും ഭർത്താക്കന്മാരെയും ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാൽ ഇവരുടെ ഭർത്താക്കന്മാരെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ല. ബന്ദികളായിരുന്ന വയോധികർ തിങ്കളാഴ്ച റഫാ അതിർത്തിയിൽ എത്തിച്ചേർന്നതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വടക്കൻ ഗസ്സയിൽ നിന്ന് അഭയാർഥിക ക്യാമ്പിലെത്തിയവരുൾപ്പെടെ എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. ഒഴിഞ്ഞുപോകാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് ഇസ്രയേൽ പറഞ്ഞത്. അതിർത്തികളിൽ കരയുദ്ധത്തിന് സജ്ജമായി സൈനിക ടാങ്കുകളും ഒരുക്കിയിരുന്നു. എന്നാൽ, വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ ഭരണകൂടം പറയുന്നു. ഇസ്രയേൽ സൈന്യത്തെ ഗസ്സയിൽ നിന്ന് തുരത്തിയതായി ഹമാസും അവകാശപ്പെട്ടു. ഗസ്സക്ക് പുറമെ, വെസ്റ്റ് ബാങ്കിലും ആക്രമണം തുടങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിദേശ പാസ്പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഹമാസ് ആരായുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബന്ദികളുടെ മോചന സാധ്യത തേടി റെഡ് ക്രോസ് ഇടപെടുന്നത്. വെള്ളിയാഴ്ച, അമേരിക്കൻ പൗരന്മാരായ ജൂഡിത്ത് തായ് റാനനെയും മകൾ നതാലി ശോശാന റാനനെയും ഹമാസ് മോചിപ്പിച്ചിരുന്നു. ഇസ്രയേലുമായുള്ള യുദ്ധത്തിൽ തകർന്ന ഫലസ്തീന് സഹായവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. മരുന്നുകൾ, ടെന്റുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തിൽ ഫലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിർത്തി വഴി ഗസ്സയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

അതിനിടെ ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിൽ നടന്ന ആക്രമണത്തിനുത്തരവാദി ഹമാസ് ആയിരിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു. ഹമാസ് ഇസ്രയേലിനു നേരെ തൊടുത്ത മിസൈലുകളിലൊന്ന് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാവാണ് കൂടുതൽ സാധ്യതയെന്ന് റിഷി സുനക് ബ്രിട്ടീഷ് പാർലമെന്റിൽ പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് തെറ്റായ രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രദേശത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ സുനക് അമേരിക്ക പ്രദേശത്ത് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്നും കൂട്ടിച്ചേർത്തു.

ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ നേരത്തെ അമേരിക്ക, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ എത്തിച്ചേർന്ന നിഗമനത്തോടു ചേർന്നു നിൽക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ ബ്രിട്ടൻ നടത്തിയിരിക്കുന്നത്.