- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദത്തിലും അക്രമത്തിലും സാധാരണ പൗരന്മാരുടെ മരണത്തിലും ആശങ്ക; ഫലസ്തീന്റെ വേദന തിരിച്ചറിഞ്ഞ് ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം; സംഘർഷം തീർക്കാൻ ഇടപെട്ട് മോദി ഫാക്ടർ; ജോർദ്ദാൻ രാജാവുമായി ചർച്ച ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി സാധ്യത തേടുമ്പോൾ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം എത്തിക്കാൻ ഇന്ത്യ മുന്നിൽ നിൽക്കും. ഫലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനൊപ്പം ഇസ്രയേലിന്റെ ഹമാസിനെതിരായ നടപടികളേയും ഇന്ത്യ പിന്തുണയ്ക്കുന്നു. ഫലസ്തീനിലേക്ക് സഹായവും നൽകി. അങ്ങനെ ഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് എടുക്കുന്നതിനൊപ്പം ഫലസ്തീനെ അംഗീകരിക്കുന്ന ഇന്ത്യ. അമേരിക്കയും ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യയുടെ നയതന്ത്ര നീക്കത്തെ പ്രതീക്ഷയോടെയാണ് അറബ് ലോകവും കാണുന്നത്.
ഇസ്രയേൽ - ഹമാസ് യുദ്ധ സാഹചര്യം ജോർദാൻ രാജാവുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സമവായ സാധ്യതൾ തേടുകയാണ്. ജോർദാൻ രാജാവുമായി സംസാരിച്ചെന്ന് മോദി തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. സാധാരണ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടമാകുന്നതിൽ ആശങ്കയുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. മാനുഷിക വിഷയങ്ങൾ പരിഹരിക്കാൻ കൂട്ടായ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടതായി ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചു. സംഘർഷ ലഘൂകരണത്തിനുള്ള സാധ്യതയാണ് മോദി തേടുന്നത്. ഇതിന് വേണ്ടിയുള്ള തുടക്കമാണ് ജോർദ്ദാൻ രാജാവുമായുള്ള ചർച്ച.
തീവ്രവാദം, അക്രമം, സാധാരണ പൗരന്മാരുടെ മരണം തുടങ്ങിയ വിഷയങ്ങളിൽ ജോർദ്ദാൻ രാജാവുമായി പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. മേഖലയിൽ സുരക്ഷ ഏർപ്പെടുത്താനും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഗസ്സയിൽ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി ജോർദാൻ രാജാവുമായി സംഭാഷണം നടത്തിയത്. അറബ് ലോകവും യുദ്ധത്തെ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് മോദിയുടെ ഇടപെടൽ. കൂടുതൽ രാജ്യങ്ങളുമായി മോദി സംസാരിക്കുമെന്നാണ് സൂചന.
അതേസമയം നേരത്തെ ഇസ്രയേലുമായുള്ള യുദ്ധത്തിൽ തകർന്ന ഫലസ്തീന് സഹായവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. മരുന്നുകൾ, ടെന്റുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തിൽ ഫലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിർത്തി വഴി ഗസ്സയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യാക്കാരെ എത്തിക്കുന്നത് തുടരുകയാണ്. നേരത്തെ ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും മോദി സംസാരിച്ചിരുന്നു.
''ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ചു. ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അറിയിച്ചു. ഫലസ്തീൻ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരും. പ്രദേശത്ത് നിലനിൽക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയിൽ ആശങ്കയുണ്ട്. ഇസ്രയേൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘനാളായുള്ള നിലപാട് ആവർത്തിച്ച് വ്യക്തമാക്കി.'' മോദി എക്സിൽ കുറിച്ചു.
ഗസ്സയിലേക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച രാജ്യങ്ങളെ അറിയാം:
ഇന്ത്യ, തുർക്കി, യു.എ.ഇ, ഖത്തർ, ജോർദാൻ, തുണീഷ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സഹായവുമായി കുറഞ്ഞത് ഒമ്പത് വിമാനങ്ങൾ ഈജിപ്തിലെ സിനായ് പ്രവിശ്യയിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
16 ടൺ സഹായ വസ്തുക്കൾ റുവാണ്ട അയച്ചു.
യൂറോപ്യൻ യൂണിയൻ സഹായം മൂന്നിരട്ടിയാക്കി വർധിപ്പിച്ചു
അതേസമയം, ജർമ്മനി, ഡെന്മാർക്ക്, സ്വീഡൻ എന്നിവയുൾപ്പെടെ ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒക്ടോബർ ഏഴിന് ശേഷം ഗസ്സക്കുള്ള സഹായം താൽക്കാലികമായി നിർത്തിവച്ചു
ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽ 6.5 ടൺ വൈദ്യസഹായ വസ്തുക്കളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ തുടങ്ങിയവയും അയച്ചു.
മറുനാടന് മലയാളി ബ്യൂറോ