- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആദ്യം നമുക്ക് ബന്ദികളെ മോചിപ്പിക്കാം.... എന്നിട്ട് സംസാരിക്കാം'; ബന്ദികളാക്കിയ മുഴുവൻ ഇസ്രയേലികളെയും മോചിപ്പിച്ചാൽ മാത്രമേ ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കൂവെന്ന് അമേരിക്ക; ഇരട്ട പൗരത്വമുള്ളവരെ വിട്ടയ്ക്കാൻ ഹമാസും തയ്യാർ; റെഡ് ക്രോസ് നിർണ്ണായക നീക്കങ്ങളിൽ
വാഷിങ്ടൺ: ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേലികളെയും മോചിപ്പിച്ചാൽ മാത്രമേ ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ. ഇസ്രേയിലിനൊപ്പം ഉറച്ചു നിൽക്കുന്നതാണ് അമേരിക്കൻ നിലപാട്. അത് ഒന്നു കൂടി വിശദീകരിക്കുകയാണ് ബൈഡൻ.
ഗസ്സ മുനമ്പിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഗസ്സയിലെ ജനവാസ മേഖലകളിലും ജബലിയ അഭയാർത്ഥി ക്യാമ്പിലും ഇസ്രയേലിന്റെ ബോംബാക്രമണമുണ്ടായതായാണ് വിവരം. ഇസ്രയേലിനോട് കരയുദ്ധം തത്കാലത്തേക്ക് നിർത്തിവെക്കാൻ യു.എസ്. അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിനൊപ്പമാണ് ബൈഡന്റെ പുതിയ നിലപാട് വിശദീകരിക്കൽ. ഇതോടെ ഹമാസിനെതിരായ ആക്രമണത്തെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇസ്രേയേൽ വ്യോമാക്രമണം തുടരും.
ഗസ്സയിൽ വെടിനിർത്തലിനെക്കുറിച്ച് ചിന്തിക്കുന്നത് ഒക്ടോബർ ഏഴിലെ ആക്രമണത്തിനു ശേഷം ഹമാസ് ബന്ദിയാക്കി പിടിച്ചു കൊണ്ടു പോയ ആളുകളെ മോചിപ്പിച്ചതിനു ശേഷം മാത്രമായിരിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. 'ആദ്യം നമുക്ക് ബന്ദികളെ മോചിപ്പിക്കാം, എന്നിട്ട് സംസാരിക്കാം'-ഇതാണ് ബൈഡന് പറയാനുള്ളത്. ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടു പോയ രണ്ട് വനിതകളെ തിങ്കളാഴ്ച ഹമാസ് മോചിപ്പിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണമെന്നതും ശ്രദ്ധേയമായി.
ബന്ദികളെ വിട്ടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രശ്‌ന പരിഹാരത്തിന് ഹമാസ് തയ്യറാണെന്നതിന്റെ സൂചനയാണ് ബന്ദികളെ മോചിപ്പിക്കൽ. കഴിഞ്ഞ ദിവസം നഹൽ ഓസിൽ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പർ, യോചെവെദ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഇവരുടെ ഭർത്താക്കന്മാരായ അമിറാം കൂപ്പർ, ഒദേദ് ലിഫ്ഷിറ്റ്സ് എന്നിവർ നിലവിൽ തടവിലാണ്. റഫ ബോർഡർ വഴിയാണ് ഇരുവരേയും കൈമാറിയതെന്നാണ് വിവരം.
ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗസ്സയിലേക്ക് പുറപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശ പാസ്പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഹമാസ് ആരായുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബന്ദികളുടെ മോചന സാധ്യത തേടി റെഡ് ക്രോസ് ഇടപെടുന്നത്.
തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഖത്തറിനോടും ഈജിപ്തിനോടും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അമേരിക്ക പറഞ്ഞിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രയേൽ-ഗസ്സ അതിർത്തിക്കടുത്തുള്ള നഹാൽ ഓസ് കിബ്ബട്ട്‌സിൽ നിന്നാണ് അമേരിക്കൻ പൗരന്മാരായ അമ്മയെയും മകളെയും ഹമാസ് പിടികൂടിയത്. ഇസ്രയേലിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. 222 പേരെ പിടികൂടി ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ