ഡമാസ്‌കസ്: സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. കിഴക്കൻ സിറിയയിലെ ദേർ എൽ-സൂർ പ്രവിശ്യയിലെ അൽ-ഒമർ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അൽ-ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. വാർത്ത അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ യുദ്ധ രൂക്ഷമാകുമെന്നതിന്റെ സൂചനയാണ് ഇത്.

ജോർദാൻ, ഇറാഖ് അതിർത്തികൾക്ക് സമീപമുള്ള അൽ-താൻഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് അടുത്ത ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രസംഗം പാതിയിൽ നിർത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിയിരുന്നു. ഇസ്രയേൽ ഹമാസ് വിഷയത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മടങ്ങിയത്. 'വെളിപ്പെടുത്താത്ത പ്രശ്‌നം' കാരണം 'സിറ്റുവേഷൻ റൂമി'ൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായി വന്നതിനെ തുടർന്ന് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

'എനിക്ക് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമുണ്ട്, അതിനായി സിറ്റുവേഷൻ റൂമിലേക്ക് പോകേണ്ടതുണ്ട്' എന്നു പറഞ്ഞ ശേഷം ബൈഡൻ മടങ്ങുകയായിരുന്നു. ഗസ്സയിൽ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഡ്രോൺ ആക്രമണത്തെ തുടർന്നാണ് അദ്ദേഹം പ്രസംഗം നിർത്തി മടങ്ങിയതെന്നാണ് സൂചന. സിറിയയിലെ ആക്രമണത്തിൽ 20 അമേരിക്കൻ സൈനികർക്ക് നിസ്സാര പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്നതാണ് പ്രകോപന കാരണം.

ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങളിൽ ഉണ്ടായ ഡ്രോൺ ആക്രമണ പരമ്പരയിൽ രണ്ട് ഡസൻ യുഎസ് സൈനികർക്ക് പരുക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. പെന്റഗൺ ആക്രമണം സ്ഥിരീകരിച്ചിരുന്നെങ്കിലും പരുക്കേറ്റവരുടെ എണ്ണം വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ സിറിയയിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം ആക്രണം കൂടുതൽ ശ്ക്തമാക്കുകയും ചെയ്തു. സിറിയയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കടൽ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞു കയറ്റശ്രമം തകർത്തതായും ഇസ്രയേൽ വ്യക്തമാക്കി. നുഴഞ്ഞു കയറാൻ ശ്രമിച്ച 10 പേരെ വധിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു.

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 704 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ 300 ഓളം പേർ കുട്ടികളാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. പശ്ചിമേഷ്യയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇസ്രയേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഗസ്സയിലെ സ്ഥിതിഗതികളിൽ യൂണിസെഫ് ആശങ്ക രേഖപ്പെടുത്തി.

ഗസ്സയിൽ 18 ദിവസത്തിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടു. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഗസ്സയിലെ സാഹചര്യം ധാർമ്മികതയ്ക്കു മേലുള്ള കളങ്കമാണെന്നും യൂണിസെഫ് അഭിപ്രായപ്പെട്ടു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ ?ഗസ്സയിൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച സാഹചര്യമാണ്.