വാഷിങ്ടൺ: ഹമാസ് ആക്രമണത്തിന് കാരണങ്ങളിൽ ഒന്ന് അടുത്തിടെ ജി-20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മേഖലയാകെ റെയിൽ, റോഡ്-തുറമുഖ ശൃംഖല വഴി ബന്ധിപ്പിക്കുന്നതാണ് സാമ്പത്തിക ഇടനാഴി.

' ഹമാസ് ആക്രമിച്ചതിന് ഒരുകാരണം അതാണെന്ന് എനിക്ക് ബോധ്യമുണ്ട്. എന്റെ പക്കൽ തെളിവില്ലെങ്കിലും സഹജവാസന അങ്ങനെ ശരിവയ്ക്കുന്നു. ഇസ്രയേൽ അടങ്ങുന്ന മേഖലയുടെ പ്രാദേശിക ഏകീകരണത്തിന് പുരോഗതി കൈവരിക്കാൻ സഹായിക്കുന്നതാണ് സാമ്പത്തിക ഇടനാഴി. അതുനമുക്ക് ഉപേക്ഷിക്കാനാവില്ല', ബൈഡൻ ഓസ്ട്രലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും സാമ്പത്തിക ഇടനാഴിയിൽ ഉൾപ്പെടുന്നു. ഈ സാമ്പത്തിക ഇടനാഴിയാകാം ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിനുപിന്നിലെന്ന് ബൈഡൻ ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് അഭിപ്രായപ്പെടുന്നത്.

സാമ്പത്തിക ഏകീകരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിയാണ് ജ-20 ഉച്ചകോടിയിൽ കഴിഞ്ഞ മാസമാദ്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവർ ചേർന്നാണ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കടൽ-റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കുന്നത്. ഇത്തരത്തിലെ ആദ്യ കരാറാണിത്. ഇന്ത്യയും പശ്ചിമേഷ്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള ഏറ്റവം ഫലപ്രദമായ ഉപാധിയായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.

സാമ്പത്തിക ഇടനാഴി വലിയ കരാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. പദ്ധതി വലിയ അവസരങ്ങൾ മുന്നോട്ടുവെക്കുമെന്നും ആളുകളെ ബന്ധിപ്പിക്കുന്നതിനുമായി ഏഷ്യയിൽനിന്ന് മിഡിൽ ഈസ്റ്റ് മുതൽ യൂറോപ്പ് വരെയുള്ള പ്രധാനപ്പെട്ട പദ്ധതിയാണിതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് ബദലായിരിക്കും ജി20 നേതാക്കൾ പ്രഖ്യാപിച്ച പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി ബെൽറ്റ് ആൻഡ് റോഡ് പദ്ധതി എന്നാണ് അറിയപ്പെടുന്നത്.