- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ എത്തുന്നവർ ബ്രിട്ടീഷ് മൂല്യങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥർ; യഹൂദ വിരുദ്ധ പരാമർശം; ആറു വിദേശികളുടെ വിസ റദ്ദാക്കിയേക്കും; ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ നടപടി കടുപ്പിക്കാൻ യുകെ; മലയാളികളും റഡാറിൽ
ലണ്ടൻ: യഹൂദ വിരുദ്ധത അടങ്ങിയ കമന്റുകൾ ഇട്ടതിനും, പെരുമാറ്റത്തിനും ചുരുങ്ങിയത് ആറ് വിദേശികളുടെയെങ്കിലും വിസ റദ്ദാക്കുമെന്ന് ടെലെഗ്രാഫ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടനിൽ എത്തുന്നവർ ബ്രിട്ടീഷ് മൂല്യങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് നേരത്തേ ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ജെന്റിക്ക് ഓർമ്മിപ്പിച്ചിരുന്നു. ചില ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ അതിരു വിടുന്നതിൽ ജനരോഷം വ്യാപകമാകുന്നതിനിടയിലാണിത്.
ഇപ്പോൾ വിസ നഷ്ടപ്പെടുന്നവരിൽ ചിലർ ശനിയാഴ്‌ച്ച ലണ്ടനിൽ നടന്ന റാലിയിൽ ജിഹാദിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരാണ്. മറ്റു ചിലരാകട്ടെ ഭീകര സംഘടനയായ ഹമാസിനെ പുകഴ്‌ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവരും. ഒക്ട്ബോർ 7 ന് ഇസ്രയേലിൽ അതിക്രമിച്ചു കയറി 1400 ഓളം നിരപരാധികളെ കൊന്ന സംഘടനയെ വാഴ്‌ത്തി പാടുകയായിരുന്നു ഇവർ സമൂഹ മാധ്യമങ്ങളിലൂടെ. മലയാളികൾ അടക്കം നിരവധി പേരെ യുകെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ബ്രിട്ടീഷ് സമൂഹത്തിൽ വെറുപ്പിന്റെ അണുക്കളെ പരത്താൻ ശ്രമിക്കുന്നവർക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ല എന്ന ഹോം സെക്രട്ടറിയുടെയും തന്റെയും തീരുമാനത്തിന് മാറ്റമില്ല എന്നും ജെന്റിക്ക് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിൽ തങ്ങൾ വിശ്വസിക്കുന്നു. എന്നാൽ, ഒരു സന്ദർശകനായി ബ്രിട്ടനിലെത്തിയ ഒരാൾക്ക് യഹൂദ വിരോധം പ്രചരിപ്പിക്കാൻ ഒരു അവകാശവുമില്ല. അതുപോലെ ബ്രിട്ടീഷ് സമൂഹത്തിനു നേരെ ഭീഷണി ഉയർത്താനും അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള പെരുമാറ്റം ബ്രിട്ടനിൽ താമസിക്കുന്ന വിദേശികളിൽ നിന്നുണ്ടായാൽ തീർച്ചയായും അവരുടെ വിസ റദ്ദാക്കപ്പെടുമെന്നും ജെന്റിക്ക് പറഞ്ഞു. യഹൂദ വിരുദ്ധ പെരുമാറ്റം നടത്തിയിട്ടും, ഒരു വിദേശി തങ്ങളുടെ രാജ്യത്ത് തുടരുന്നു എന്ന് ഇമിഗ്രേഷൻ മന്ത്രി എന്ന നിലയിൽ ഒരു ബ്രിട്ടീഷ് യഹൂദന്റെ മുഖത്ത് നോക്കി താൻ എങ്ങനെ പറയുമെന്നും അദ്ദേഹം ചോദിച്ചു.
നിയമ പ്രകാരം, പൊതു താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയോ, ദേശീയ സുരക്ഷക്ക് ഭീഷണിയാവുകയോ ചെയ്താൽ അത്തരക്കാരുടെ വിസ റദ്ദാക്കാൻ മന്ത്രിമാർക്ക് അധികാരമുണ്ട്. കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങൾ ബ്രിട്ടന്റെ വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാര്യക്ഷമതയെ കുറിച്ച് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ