- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇസ്രയേൽ; യുദ്ധത്തിന്റെ 21-ാം ദിവസം വധിച്ചത് അതിർത്തി കടന്ന് നിരപരാധികളെ കൊല്ലാനും തട്ടിക്കൊണ്ടു പോകാനും ആസൂത്രണമൊരുക്കിയ മൂന്ന് ഭീകരരെ; വ്യോമാക്രമണങ്ങളിൽ പകച്ച് ഹമാസ്; റഷ്യയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് നേതാക്കൾക്ക് ജീവൻ നഷ്ടമാകാതിരിക്കാൻ
ടെൽഅവീവ്: ഹമാസിനെതിരായ ഇസ്രയേൽ യുദ്ധം 21-ാം ദിവസത്തിലേക്ക് കടക്കുകായണ്. ഇതിനിടെ നിർണ്ണായക യുദ്ധ വിജയം നേടുകയാണ് ഇസ്രയേൽ. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് ഭീകരരെ വകവരുത്തി ഇസ്രയേൽ ഹമാസിന് ശക്തമായ തിരിച്ചടി നൽകുകയാണ്. ഈ സാഹചര്യത്തിലാണ് ഹമാസ് നേതാക്കളുടെ റഷ്യൻ സന്ദർശനം. ഹമാസ് നേതൃത്വത്തെ ഉന്മൂലനം ചെയ്യാനാണ് ഇസ്രയേൽ പദ്ധതി.
വ്യോമസേന നടത്തിയ ആക്രമണത്തിലാണ് സംഘടനയിലെ പ്രധാനികൾ കൊല്ലപ്പെട്ടത്. ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ട്രൂപ്പായ ദറാജ് തഫ ബറ്റാലിയനിലെ കമാൻഡർ അടക്കമുള്ളവരെയാണ് ഇസ്രയേൽ വധിച്ചിരിക്കുന്നത്. ഹമാസ് കേന്ദ്രങ്ങളിലേക്ക് ബോംബ് വർഷം തുടരുന്നത് പ്രധാന നേതാക്കളെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. ഇപ്പോൾ വേണമെങ്കിലും കരയുദ്ധവും തുടങ്ങും. അതിന് മുന്നോടിയായി കൂടിയാണ് ഹമാസ് നേതാക്കളെ വകവരുത്തുന്നത്.
ദറാജ് തഫ ബറ്റാലിയൻ കമാൻഡർ റിഫാത്ത് അബ്ബാസ്, സഹ കമാൻഡർ ഇബ്രാഹിം ജദ്ബ, കോംബാറ്റ് സപ്പോർട്ട് കമാൻഡർ തരേഖ് മാറൂഫ് എന്നിവരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒക്ടോബറിൽ ഇസ്രയേലിനുള്ളിൽ നടത്തിയ ആക്രമണത്തിൽ ഇവർക്ക് നേരിട്ട് പങ്കുള്ളതായി പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിലെ തന്നെ ഏറ്റവും സുപ്രധാന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും സേന എക്സിലൂടെ അറിയിച്ചു. ഇസ്രയേൽ ആക്രമണം ഹമാസിനെ തകർക്കുന്നതിന് തെളിവാണ് ഈ കൊലകൾ.
കരമാർഗമുള്ള ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ടാങ്കുകൾ ഉത്തര ഗസ്സയിൽ പ്രവേശിച്ച് ഹമാസ് ബങ്കറുകൾ തകർത്തിരുന്നു. ലോക്കറ്റ് ലോഞ്ചിങ് പോസ്റ്റുകളും നശിപ്പിച്ചു. ശേഷം തിരികെ ഇസ്രയേൽ അതിർത്തിയിലേക്ക് മടങ്ങിയെത്തിയതായും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഇന്റലിജൻസ് സഹമേധാവി ഷാദി ബറൂദിനെ ഇസ്രയേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമാകുന്നത്.
ഉത്തര ഗസ്സയിലും ലെബനൻ അതിർത്തിയിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആയിരക്കണക്കിന് ഭീകരരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും താവളങ്ങൾ ഈ ആക്രമണങ്ങളിൽ തകർന്നു. തങ്ങളുടെ മുൻ നിര കമാൻഡർമാരിൽ പലരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഹിസ്ബുള്ള സ്ഥിരീകരിച്ചു.
അതിനിടെ ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ രംഗത്തു വന്നിട്ടുണ്ട്. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്. അതേസമയം, ഇസ്രയേൽ ടാങ്കുകൾ ഇന്നും ഗസ്സ അതിർത്തിയിൽ പ്രവേശിച്ചു. ഇന്നും ഗസ്സയിൽ കനത്ത ബോംബാക്രമണമാണ് ഇസ്രയേൽ നടത്തിയത്. യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.
സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അതിനിടെ, പഞ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ രംഗത്തുവന്നു. മേഖലയിലേക്ക് 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനയിക്ക് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതായി അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് വ്യക്തമാക്കി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ