- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ സേന കണ്ണിൽ കണ്ടവരെ എല്ലാം വെടിവച്ചു തള്ളുന്നു; വ്യോമാക്രമണവും അതിശക്തം; കുട്ടികളുടെ ദേഹത്ത് പേരെഴുതി മുൻ കരുതലെടുക്കുന്ന മതാപിതാക്കൾ; ഇന്റർനെറ്റിനെ തകർത്ത് വിവരങ്ങൾ പുറത്തു വരുന്നതും തടഞ്ഞു; ഇസ്രയേൽ രണ്ടും കൽപ്പിച്ച്; പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം
ജറുസലം: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. വെടിനിർത്തലിനുള്ള ഐക്യരാഷ്ട്ര സഭാ ആഹ്വാനവും ഇസ്രയേൽ തള്ളി. കരയുദ്ധം അതിരൂക്ഷമാണ്. ഇതോടെ ഗസ്സയിൽ ജനജീവിതം ദുസഹമായി. ഇന്റർനെറ്റ്, ഫോൺ ബന്ധമറ്റ ഗസ്സ മുനമ്പിൽ ഇസ്രയേൽ സൈന്യം വ്യോമ, കരയാക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഗസ്സയിൽ കടന്ന സേന പിൻവാങ്ങിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഒക്ടോബർ ഏഴിനു ശേഷം വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും മുടക്കിയതിനു പിന്നാലെ വെള്ളിയാഴ്ച വൈകീട്ടു മുതൽ മുഴുവൻ വാർത്താവിനിമയ സംവിധാനങ്ങളും റദ്ദാക്കി വ്യോമാക്രമണവും കരയാക്രമണവും തുടരുകയാണ്. പുറംലോകത്തേക്ക് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണമോ തകർച്ചയുടെ ആഴമോ അറിവായിട്ടില്ല. മരണം 7,700 കവിഞ്ഞുവെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏകദേശ കണക്ക്.
ഗസ്സയിൽ വിവിധ സ്ഥലങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണെന്നു ഹമാസ് പറഞ്ഞു. വടക്കൻ ഗസ്സയിലെ ഹമാസിന്റെ 150 ഭൂഗർഭതാവളങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടൂ. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ വെള്ളിയാഴ്ച രാത്രി ഇസ്രയേലിനുനേരെ തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ഈജിപ്തിൽ പതിച്ചു. വടക്കൻ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ ഷെല്ലാക്രമണം രൂക്ഷമായി.
ഇസ്രയേൽ ബോംബാക്രമണങ്ങളിൽ കുടുംബത്തോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെ, കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അവരുടെ ദേഹത്തു മാതാപിതാക്കൾ പേരെഴുതിവയ്ക്കുന്നുവെന്ന റിപ്പോർട്ടും പുറത്തു വരുന്നു. ബോംബാക്രമണങ്ങളിൽ പരുക്കേറ്റു റഫായിലെ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ കൈകളിലോ കാലുകളിലോ ഇങ്ങനെ പേരെഴുതിയിട്ടുണ്ട്. ഗസയിലുള്ള ഏല്ലാവരും അവിടെ വിട്ടു പോകണമെന്നതാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഇത് പാലിക്കാത്തവരെ ഹമാസായി കണ്ട് ആക്രമണം നടത്തുമെന്നാണ് ഇസ്രയേൽ നിലപാട്. അതുകൊണ്ട് തന്നെ കരയുദ്ധത്തിലും സാധാരണക്കാരോട് ഇസ്രയേൽ സേന ഒരു കരുണയും കാട്ടുന്നില്ല.
സൈന്യം ഗസ്സക്കുള്ളിലുണ്ടെന്നും യുദ്ധം തുടരുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് ശനിയാഴ്ച അറിയിച്ചു. യുദ്ധം പുരോഗമിക്കുകയാണെന്നും തങ്ങൾക്ക് ആൾനാശമില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. 150 ഭൂഗർഭ താവളങ്ങൾ തകർത്തതായും അവകാശപ്പെട്ടു. വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും അതിമാരക ആക്രമണം അഴിച്ചുവിട്ടുവെന്നാണ് നിഗമനം. ബെയ്ത് ലാഹിയ, ബെയ്ത് ഹാനൂൻ, സെയ്തൂൻ എന്നിവിടങ്ങളെല്ലാം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെ മരണസംഖ്യയോ നാശനഷ്ടമോ അറിയാൻ സംവിധാനമില്ല.
രാത്രിയിലെ കനത്ത ബോംബാക്രമണങ്ങളിലാണ് ഗസ്സയിലെ വാർത്താവിനിമയ സംവിധാനം പൂർണമായും തകർന്നതെന്ന് ടെലികോം സേവനദാതാക്കളായ പാൽടെൽ അറിയിച്ചു. ഫോൺ ബന്ധമില്ലാത്തതിനാൽ ഗസ്സയിലെ ആംബുലൻസ് സർവീസ് അടക്കം അടിയന്തര സേവനങ്ങൾ തടസ്സപ്പെട്ടതായി ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തകർക്കും പുറംലോകബന്ധമറ്റു. ഗസ്സയിലെ ജനങ്ങൾക്കു പരസ്പരം ബന്ധപ്പെടാനാവാത്ത സ്ഥിതിയുമാണ്.
ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു സമീപം ബോംബ് വീഴുന്ന ദൃശ്യങ്ങൾ 'അൽജസീറ' പുറത്തുവിട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. നൂറു കണക്കിന് കെട്ടിടങ്ങളാണ് 24 മണിക്കൂറിനുള്ളിൽ തകർന്നതെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. ''നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ബോംബിങ്ങിലൂടെ വടക്കൻ ഗസ്സയുടെ ഭൂപ്രകൃതി തന്നെ മാറിയിരിക്കുകയാണ്'' - സിവിൽ ഡിഫൻസ് വക്താവ് എ.എഫ്.പിയോടു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ