ടെൽ അവീവ്: ആർക്കും പിടികൊടുക്കാതെ ഇസ്രയേൽ യു്ദ്ധം തുടരുന്നു. പശ്ചിമേഷ്യയെ ആകെ സംഘർഷത്തിന്റെ നിഴലിലാക്കുകായണ് ഇസ്രയേൽ നടപടികൾ. ഹമാസിനെ ഇല്ലായ്മ ചെയ്യാൻ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെ നിരപരാധികളും കൊല്ലപ്പെടുന്നു. എന്നാൽ അത് ഇസ്രയേൽ ഗൗരവത്തോടെ എടുക്കുന്നില്ല. ഗസ്സ മുനമ്പിന്റെ ഹൃദയ ഭാഗത്തേക്കെത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ കരയുദ്ധം ശക്തമാക്കി. ഗസ്സയിൽ വ്യോമാക്രമണത്തിൽ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയതായി യമനിലെ ഹൂതി സായുധസംഘം അവകാശപ്പെട്ടു.

യുദ്ധം തുടർന്നാൽ കുഞ്ഞുങ്ങൾ അടക്കം ആയിരങ്ങൾ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്ന് യൂനിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. അതേസമയം, ഗസ്സയിൽ നിന്നുള്ള അഭയാർത്ഥികളെ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. അഭയാർത്ഥികളെ സ്വീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുകയും ചെയ്തു. വെടിനിർ്ത്തൽ പ്രമേയം യൂറോപ്യൻ യൂണിയനും പാസാക്കിയിരുന്നു. യുഎന്നും സമാന ഇടപടെൽ നടത്തി. എന്നാൽ ഇതൊന്നും ഇസ്രയേൽ വകവയ്ക്കുന്നില്ല.

വെടിനിർത്തൽ ആവശ്യം തള്ളിയ ഇസ്രയേൽ ഗസ്സയിൽ കരയുദ്ധം ശക്തമാക്കി. ഗസ്സ നഗരത്തിൽ വരെ എത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ ഹമാസിന്റെ ഭൂഗർഭ അറകൾ നിരവധി തകർത്തു. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒരു ഇസ്രയേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു. ലെബനോനിൽ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രം ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒക്ടോബർ ഏഴിന് ഹമാസ് സംഘം തട്ടിക്കൊണ്ട് പോയ ജർമ്മൻ യുവതിയുടെ മൃതദേഹം ഗസ്സയിൽ ഇസ്രയേൽ സൈന്യം കണ്ടെത്തി. അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 120 കടന്നു. ഗസ്സയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.

വടക്കൻ ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ യുദ്ധത്തിൽ ഏതറ്റം വരേയും പോകുമെന്ന സന്ദേശം നൽകുകയാണ്. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെയൊരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ വ്യോമാക്രമണത്തിൽ അന്പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം ഫലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.

50 പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗസ്സയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാന്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗസ്സയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.

അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. ഇതിനിടയിൽ എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച വീണ്ടും ഇസ്രയേൽ സന്ദർശിക്കുമെന്ന് അമേരിക്ക അറിയിച്ചു. മേഖലയിൽ മറ്റു ചിലയിടങ്ങളും ബ്ലിങ്കൻ സന്ദർശിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ ഇതെവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.