- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കൻ ഗസ്സയെ വിജന ദ്വീപാക്കുക എന്നത് ഇസ്രയേൽ ലക്ഷ്യം; ഗസാ സിറ്റിയിൽ മുഴങ്ങുന്നത് വെടിയൊച്ച മാത്രം; ഹമാസുമായുള്ള കരയുദ്ധത്തിൽ നിർണ്ണായക വിജയങ്ങൾ അവകാശപ്പെട്ട് ഇസ്രയേൽ സൈന്യം; കര-വ്യോമാക്രമണങ്ങൾ അതിരൂക്ഷം; ഹമാസിന്റെ ആസ്ഥാനം അടക്കം തകർക്കുമെന്ന് പ്രഖ്യാപനം; പശ്ചിമേഷ്യയിൽ അശാന്തി മാത്രം
ഖാൻ യൂനിസ്: ഗസ്സയിൽ ഇസ്രയേൽ ആക്രമണം അതിരൂക്ഷം. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയ ശേഷമുള്ള ശക്തമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. വടക്കൻ ഗസ്സയെ വിജന ദ്വീപാക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സാസിറ്റി കരവഴി വളഞ്ഞ് ഇസ്രയേൽ സൈന്യം തന്ത്രപരമായ ഇടപെടലാണ് നടത്തുന്നത്. യുഎൻ പൊതുസഭയുടെ വെടിനിർത്തൽ ആവശ്യം പോലും തള്ളിയാണ് ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 130 ഹമാസുകാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഗസ്സ സിറ്റിയിലെ ഹമാസ് താവളങ്ങളെ ലക്ഷ്യമിട്ടും വെള്ളിയാഴ്ച വ്യോമാക്രമണം കടുപ്പിച്ചു. ഗസ്സയിലെ ഏറ്റവും വലിയ നഗരമായ ഗസ്സാസിറ്റിയുടെ നിയന്ത്രണം ഇസ്രയേൽ ഏറ്റെടുത്തിട്ടുണ്ട്. ലെബനീസ് അതിർത്തിയിൽനിന്ന് വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾ ഹിസ്ബുള്ളയും ആക്രമിച്ചു. ചാവേർ ഡ്രോണുകളും പീരങ്കികളുമുപയോഗിച്ചായിരുന്നു ആക്രമണം. പകരം ലെബനീസ് അതിർത്തിയിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ പോർവിമാനങ്ങൾ തകർത്തു.
വെടിനിർത്തൽ തങ്ങളുടെ അജൻഡയിലില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിനെ ഉന്മൂലനം ചെയ്യുംവരെ ഗസ്സയിലെ സൈനികനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച ആവർത്തിച്ചു. ''ഞങ്ങൾ ലക്ഷ്യത്തിന്റെ പാതിവഴിയിലാണ്. ഇപ്പോൾതന്നെ ഗസ്സാസിറ്റിയുടെ പ്രാന്തപ്രദേശങ്ങളിലെല്ലാം സൈന്യം നിലയുറപ്പിച്ചുകഴിഞ്ഞു. വേദനാജനകമായ നഷ്ടങ്ങൾക്കിടയിലും ഞങ്ങൾ മുന്നേറും, വിജയിക്കും. ആർക്കും ഞങ്ങളെ തടുക്കാനാവില്ല.''-നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ ആസ്ഥാനം, പ്രധാന സൈനികത്താവളങ്ങൾ, കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഭൂഗർഭകേന്ദ്രങ്ങൾ, ബങ്കറുകൾ എന്നിവ ഗസ്സാസിറ്റിയിലാണ്. ഇവ തകർക്കുകയാണ് ഇസ്രയേൽ ലക്ഷ്യം. ഗസ്സാ സിറ്റിയിലെ ജനസാന്ദ്രതയേറിയ, കെട്ടിടങ്ങളാൽ നിബിഡമായ പ്രദേശത്ത് ഇസ്രയേൽ സൈന്യം ഹമാസുകാരുമായി നേർക്കുനേർ യുദ്ധത്തിലാണ്. ഗസ്സാസിറ്റിക്കകത്തേക്ക് സൈന്യത്തിനുള്ള വഴിയൊരുക്കാൻ കര, കടൽ മാർഗം മിസൈലാക്രമണം ശക്തമാക്കി. അഞ്ചുലക്ഷത്തോളം താമസക്കാരാണ് ഗസ്സാസിറ്റിയിലുള്ളത്.
ഗസ്സയിൽ ആംബുലൻസ് വ്യൂഹത്തിനു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതര പരുക്കു മൂലം ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകവെയാണ് രോഗികൾ ആക്രമിക്കപ്പെട്ടത്. ഗസ്സയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയുടെ കവാടത്തിൽവച്ചും ഗസ്സയിൽ തന്നെ അൻസാർ സ്‌ക്വയറിനു സമീപവും ആക്രമണമുണ്ടായി. കഴിഞ്ഞമാസം 17ന് അൽ അഹ്ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിൽ കമാൻഡർ മുസ്തഫ ദാലുൽ ഉൾപ്പെടെ ഒട്ടേറെ ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9227 ആയി. ഇവരിൽ കുട്ടികൾ 3826. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ വ്യോമാക്രമണത്തിൽ ഫലസ്തീൻ ടിവി റിപ്പോർട്ടറും 9 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ 10 പേർ കൂടി കൊല്ലപ്പെട്ടു.
ഇസ്രയേലിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച ബഹ്‌റൈൻ, സാമ്പത്തിക ബന്ധം വിഛേദിച്ചു. ബഹ്‌റൈനിലെ ഇസ്രയേൽ സ്ഥാനപതി രാജ്യം വിട്ടതായും സ്ഥിരീകരിച്ചു. 2020ലാണ് ബഹ്‌റൈൻ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ