ടെൽ അവീവ്: ആരെന്തു പറഞ്ഞാലും ഇസ്രയേൽ യുദ്ധം നിർത്തില്ല. ഹമാസിനെതിരായ ഇസ്രയേൽ നീക്കത്തിന് അമേരിക്കയുടെ എല്ലാവിധ പിന്തുണയുമുണ്ട്. ഹമാസിനെ പൂർണ്ണമായും തകർക്കുകയാണ് ലക്ഷ്യം. ഇപ്പോൾ വെടിനിർത്തലുണ്ടായാൽ പോലും ഹമാസിന് പുനഃസംഘടനയ്ക്ക് അവസരമായി മാറും. ഇത് അനുവദിക്കില്ലെന്നാണ് അമേരിക്കയും പറയുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ ബോംബിങ് തുടരുമെന്നും ഉറപ്പായി. അതിനിടെ ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണച്ച ഇന്ത്യക്ക് നന്ദിയറിയിച്ച് ഇസ്രയേൽ രംഗത്തു വന്നു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തേ ഹമാസിനെതിരായ ഇസ്രയേൽ യുദ്ധത്തെ പിന്തുണച്ചിരുന്നു. ഇതിന് നന്ദിയറിയിച്ചാണ് ഇസ്രയേൽ വിദേശകാര്യമന്ത്രി എലി കോഹൻ ട്വീറ്റ് ചെയ്തത്.

ഇസ്രയേലിനും ഹമാസിനുമെതിരായ യുദ്ധത്തിന് നിങ്ങളുടെ പിന്തുണയ്്ക്ക് നന്ദി. ഞങ്ങളുടേത് ഐ.എസിനേക്കാൾ മോശമായ സംഘടനയ്ക്കെതിരായ മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധമാണ്- കോഹൻ ട്വീറ്റ് ചെയ്തു. ജയശങ്കർ ശനിയാഴ്ച എലി കോഹനുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഭീകരവാദത്തെ നേരിടൽ, അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കേണ്ട ആവശ്യകത, ദ്വിരാഷ്ട്ര പരിഹാരം എന്നിവയെ സംബന്ധിച്ച് ഇരുവരും ചർച്ചകൾ നടത്തി. ഗസ്സയിലെ നിലവിലെ സാഹചര്യവും സമാധാനം ഉറപ്പാക്കാനുള്ള പരിഹാരം കണ്ടെത്തുന്നതിനുള്ള ചർച്ചയും നടന്നു. ഹമാസാണ് പശ്ചിമേഷ്യയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത് ഇപ്പോൾ. അതുകൊണ്ട് തന്നെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നാണ് ഇന്ത്യൻ പക്ഷം.

വെടിനിർത്തലിനായി യുഎസ് ഇസ്രയേലിനു മേൽ സമ്മർദം ചെലുത്തണമെന്ന് അറബ് ലോകം വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ വീണ്ടുമെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് നേതാക്കൾ ഈ ആവശ്യം ആവർത്തിച്ചു. പൊതുവായ വെടിനിർത്തലിനെ യുഎസ് അനുകൂലിക്കുന്നില്ലെങ്കിലും സംഘർഷത്തിന് അയവുവരുത്തണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ബ്ലിങ്കൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ബന്ദികളെ വിട്ടുകിട്ടാതെ ആക്രമണം നിർത്തില്ലെന്ന് നെതന്യാഹു തീർത്തുപറഞ്ഞു. ലെബനനിലെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാത്തിയുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ മേഖലയിലാകെ യുദ്ധം വ്യാപിക്കാനുള്ള സാധ്യതയിൽ ആശങ്കയറിയിച്ചു. ഇസ്രയേൽ യുദ്ധവിമാനങ്ങൾ തെക്കൻ ലെബനനിൽ ആക്രമണം നടത്തി.

ഏറെയും വടക്കൻ ഗസ്സയിലാണ് ഇസ്രയേൽ ആക്രമണമെങ്കിലും തെക്കൻ ഗസ്സയെയും വെറുതേ വിടുന്നില്ല. വടക്കൻ മേഖല ആക്രമിക്കുമെന്നും തെക്കൻ ഗസ്സയിലേക്കു നീങ്ങണമെന്നും ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിരുന്ന ഇസ്രയേൽ സേന അതനുസരിച്ചവരെയും ലക്ഷ്യമിടുന്നു. ഇസ്രയേൽ നഗരങ്ങളിൽ പണിയെടുത്തിരുന്ന നൂറുകണക്കിനു ഫലസ്തീൻ തൊഴിലാളികളെ കൂട്ടത്തോടെ തിരിച്ചയച്ചു. ഗസ്സയിൽ പോരാട്ടം രൂക്ഷമാണ്. ഗസ്സാസിറ്റിയെ പൂർണമായും വളഞ്ഞ ഇസ്രയേൽ സൈന്യം ശനിയാഴ്ച കര, കടൽ, വ്യോമമാർഗം ആക്രമണം ശക്തമാക്കി. ഒട്ടേറെ ഹമാസ് താവളങ്ങൾ തകർത്തതായും അവകാശപ്പെട്ടു. വടക്കൻ ഗസ്സയിൽ അവശേഷിക്കുന്നവരോട് എത്രയുംപെട്ടെന്ന് ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പുനൽകി.

വെള്ളിയാഴ്ച വൈകീട്ട് റാഫ അതിർത്തിയിലേക്ക് പോവുകയായിരുന്ന ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെയും റെഡ്ക്രസന്റിന്റെയും അഞ്ച് ആംബുലൻസുകളുടെ വ്യൂഹത്തിനുനേരെയും ഇസ്രയേൽ ആക്രമണമുണ്ടായി. ഇതിൽ 15 പേർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ ഇതുവരെ 25 ആംബുലൻസുകളാണ് ഇസ്രയേൽ തകർത്തത്. ആംബുലൻസ് ആക്രമിക്കുന്നതിൽ യു.എൻ. കടുത്ത എതിർപ്പും ആശങ്കയും പ്രകടിപ്പിച്ചു. വടക്കൻ ഗസ്സയിലെ അൽ സഫ്താവിയിൽ സ്‌കൂളിനുനേരെ ശനിയാഴ്ച രാവിലെ ഷെല്ലാക്രമണമുണ്ടായി. ഇവിടെ 20 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഗസ്സാസിറ്റിയുടെ പടിഞ്ഞാറുള്ള അൽ ഖുദ് ആശുപത്രിക്കുസമീപവും ശനിയാഴ്ച വ്യോമാക്രമണമുണ്ടായി.

പരിക്കേറ്റതോ വിദേശപാസ്‌പോർട്ട് കൈവശമുള്ളതോ ആയ 386 പേരെ വെള്ളിയാഴ്ച റാഫ അതിർത്തിവഴി ഈജിപ്തിലേക്ക് ഒഴിപ്പിച്ചു. ഈജിപ്തിന്റെ സമ്മതപ്രകാരം ബുധനാഴ്ച മുതൽ 1115 പേരെ റാഫ അതിർത്തിയിലൂടെ കടത്തിവിട്ടെന്ന് റാഫ ബോർഡർ ക്രോസിങ്ങിലെ ഹമാസ് വക്താവ് വഇൽ അബൗ ഒമർ പറഞ്ഞു. ഇതുവരെ 300 ട്രക്ക് മാനുഷികസഹായവും റാഫ അതിർത്തിവഴി ഗസ്സയിലെത്തി. 3900 കുട്ടികൾ ഉൾപ്പെടെ, ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 9488 ആയി. 2200 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.