ലണ്ടൻ: ഇന്നലെ ശനിയാഴ്‌ച്ച ലണ്ടനിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനം അക്രമാസക്തമായപ്പോൾ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അക്രമികൾ പടക്കം കത്തിച്ച് പൊലീസിന് നേരെ എറിയുകയായിരുന്നു. ഭീകര പ്രവർത്തനം മുതൽ ക്രമസമാധാനം തകർത്തതുവരെ വിവിധ വകുപ്പുകളിലായി 29 ഓളം പേരെ അറസ്റ്റ് ചെയ്തതായി മെട്രോപോളിറ്റൻ പൊലീസ് അറിയിച്ചു. സമാധാനപരമായി ആരംഭിച്ച പ്രകടനം പെട്ടെന്ന് അക്രമാസക്തമാവുകയായിരുന്നു.

ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലായി വാരാന്ത്യങ്ങളിൽ പ്രതിഷേധ പ്രകടനം തുടർന്ന് വരികയാണ്. ബുൾഡോസർ കൊണ്ട് ഇസ്രയേൽ അതിർത്തി തകർക്കുന്ന ചിത്രമുള്ള ബാനറുമേന്തിയായിരുന്നു ഒരാൾ പ്രകടനത്തിനെത്തിയത്. മറ്റൊന്നില്ല് ഇസ്രയേലിന്റെ പതാക ചവറ്റുകൊട്ടയിൽ ഇടുന്ന ചിത്രവുമുണ്ടായിരുന്നു. അതിനിടയിൽ പ്രഭു സഭ പ്രവർത്തിക്കുന്ന കെട്ടിടം തകർക്കുമെന്ന് ഭീഷണിയുയർത്തിയ ബാനർ പിടിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വൈകിട്ട് ആരംഭിച്ച പ്രകടനത്തിൽ ട്രഫാൽഗർ ചത്വരത്തിൽ പടക്കങ്ങൾ പൊട്ടിച്ചിരിന്നു. ചിലർ കത്തിച്ച പടക്കങ്ങൾ പൊലീസിന് നേർക്ക് വലിച്ചെറിഞ്ഞതോടെ 6.45 മുതൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. ഏകദേശം 30,000 ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിരോധനാജ്ഞ വെളുപ്പിന് 1 മണിവരെയാണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. വെളുപ്പിന് 2 മണിവരെ വെസ്റ്റ്മിനിസ്റ്ററിൽ മുഖം മറക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഇന്നലെ മറ്റു പലയിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. ബി ബി സി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം അരങ്ങേറിയപ്പോൾ ഓക്സ്ഫോർഡ് സർക്കസിലും ചേറിങ് ക്രോസ്സ് റെയിൽവേ സ്റ്റേഷനിലും കുത്തിയിരിപ്പ് പ്രതിഷേധങ്ങൾ നടന്നു. അതിനു ശേഷമായിരുന്നു ട്രഫൽഗർ ചത്വരത്തിലേക്ക് ജനക്കൂട്ടം എത്തിയത്. അവിടെ ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനും കൊമേഡിയൻ അലക്സി സേയ്ലും സംസാരിച്ചു.

യഹൂദ വനിതക്ക് സ്വന്തം വീട്ടിൽ കുത്തേറ്റു; വാതിലിനു മുൻപിൽ സ്വസ്തിക ചിഹ്നം കോറിയിട്ടു

ബ്രിട്ടനിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിൽ ഫ്രാൻസിൽ ഒരു യഹൂദ വനിതക്ക് സ്വന്തം വീട്ടിൽ വെച്ച് കുത്തേറ്റു. അവരുടെ വാതിലിനു മുന്നിൽ അക്രമി സ്വസ്തിക ചിഹ്നം പോറിയിടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പൊലീസ് അക്രമിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 വയസ്സുള്ള വനിതക്ക് കത്തികൊണ്ട് രണ്ട് പ്രാവശ്യം കുത്തേൽക്കുകയായിരുന്നു. ലിയോൺ നിവാസിയായ അവർ, കോളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറക്കുന്നതിനിടയിലാണ് കുത്തേറ്റത്.

കറുത്ത വസ്ത്രമണിഞ്ഞെത്തിയ അക്രമി മുഖംമൂടിയും ധരിച്ചിരുന്നതായി ആ വനിത പൊലീസിനോട് പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിലും യഹൂദ വിരുദ്ധ വികാരം ആളിക്കത്തുന്നതിനിടയിലാണ് ഈ സംഭവം.