- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് - ഇസ്രയേൽ സംഘർഷത്തിനിടയിൽ ഫേസ്ബുക്കിൽ യഹൂദ വിരുദ്ധ കമന്റിട്ട ലണ്ടനിലെ ഇന്ത്യാക്കാരനായ സീനിയർ ഡോക്ടർക്ക് ജോലി നഷ്ടപ്പെട്ടു; ''യഹൂദർ നമ്മുടെ ദൗർഭാഗ്യം'' എന്ന് പോസ്റ്റിട്ട ഡോക്ടർ പിന്നീട് മാപ്പപേക്ഷിച്ച് ജോലി രാജിവെച്ചപ്പോൾ
ലണ്ടൻ: ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ ഇസ്രയേലിന് പൂർണ്ണ പിന്തുണ നൽകുന്നവരാണ് അമേരിക്ക ഉൾപ്പടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും. മാത്രമല്ല, അമേരിക്കയും ബ്രിട്ടനുമൊക്കെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ഹമാസിന് പിന്തുണ നൽകുന്നത് പോലും ഒരുപക്ഷെ ഭീകരവാദ പ്രവർത്തനമായി കണക്കാക്കി നടപടികൾ എടുത്തേക്കാമെന്ന് യുകെയിൽ നിയമ വിദഗ്ദ്ധർ പറയുന്നു. എന്നിട്ടും അന്ധമായ ആവേശം മൂത്ത് പലരും സ്വന്തം ഭാവി തന്നെ അപകടത്തിലാക്കിക്കൊണ്ട് ഹമാസിനെതിരെ രംഗത്ത് വരുന്നുണ്ട്.
ഇത്തരത്തിൽ ഒരു മണ്ടത്തരം കാണിച്ച ഇന്ത്യൻ വംശജനായ എൻ എച്ച് എസ് ഡോക്ടർക്ക് ഇപ്പോൾ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യഹൂദ വിരുദ്ധ പോസ്റ്റുകൾ സാമൂഹ്യമാദ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് ഇയാൾക്ക് ജോലി നഷ്ടപ്പെട്ടത്. ലണ്ടൻ, നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിലെ സർജനും, ഇംപീരിയൽ കോളേജിലെ ലക്ചററുമായ ഡോക്ടർ മനോജ് സെൻ ആണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ യഹൂദ വിരുദ്ധ പരാമർശം നടത്തിയതിന് ജോലി നഷ്ടമായിരിക്കുന്നത്.
ഇസ്രയേലിലെ നിരപരാധികളായ സാധാരണക്കാരെ ഹമാസ് ഭീകരർ അതിഭീകരമായി കൊല ചെയ്തതിന്റെ മൂന്നാം ദിവസം ''യഹൂദർ നമ്മുടെ ദൗർഭാഗ്യം'' എന്ന് ജർമ്മൻ ഭാഷയിൽ ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ അതിവേഗം വൈറലാവുകയായിരുന്നു. ഫേസ്ബുക്കിൽ തന്നെ മറ്റൊരു കമന്റിൽ ഒരു വ്യക്തിയെ ഡോക്ടർ മനോജ് സെൻ വിശേഷിപ്പിച്ചത് 'യഹൂദ ചെക്കൻ' എന്നായിരുന്നു. ഇതിന് വന്ന ഒരു കമന്റിൽ ഒരു വ്യക്തി ചോദിക്കുന്നത് ഇയാളുടെ കൈയിൽ എങ്ങനെ യഹൂദ രോഗികൾ സുരക്ഷിതരായിരിക്കും എന്നാണ്.
മറ്റൊരു കമന്റിൽ മനോജ് സെൻ യഹൂദരെ വിശേഷിപ്പിച്ചിരിക്കുന്നത് ചേലാകർമ്മം നടത്തിയ ക്രിമികൾ എന്നായിരുന്നു. മറ്റൊന്നിൽ ഇയാൾ ഇസ്രയേൽ പ്രതിരോധ സേനയെ നാസികളുമായി ഉപമിക്കുന്നുമുണ്ട്. ഈ രണ്ട് കമന്റുകളുടെയും സ്ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അവസാനം അത് അയാൾക്ക് തന്നെ കുരിശാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. തന്റെ കമന്റുകൾ പ്രചരിക്കുന്നത് അറിഞ്ഞ അയാൾ തന്നെ മാപ്പ് അപേക്ഷിച്ചതിനു ശേഷം സ്വയം ജോലി രാജിവയ്ക്കുകയായിരുന്നു.
വിദ്വേഷവും വെറുപ്പും വെച്ചു പൊറുപ്പിക്കാനാവില്ല എന്ന് പറഞ്ഞ നോർത്ത്വിക്ക് പാർക്ക് വക്താവ് അത്തരക്കാർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും പറഞ്ഞു. മനോജ് സെൻ ഇപ്പോൾ തങ്ങളുടെ ആശുപത്രിയിൽ ജോലി ചെയ്യുന്നില്ല എന്നും വക്താവ് വ്യക്തമാക്കി. രോഗികൾക്ക് സാന്ത്വനമേകാൻ മുഴുവൻ ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം എന്നതാണ് തങ്ങളുടെ നയം എന്നും അതിന് വിഘാതമാകുന്ന എന്തിനെയും തങ്ങൾ കർശനമായി നേരിടുമെന്നും വക്താവ് അറിയിച്ചു.
പിന്നീട് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഈ വിവാദത്തെ തുടർന്ന് താൻ ജോലി രാജിവയ്ക്കുകയാണെന്ന് സെൻ വെളിപ്പെടുത്തി. തന്റെ ക്ഷമിക്കാനാകാത്ത കമന്റുകൾക്ക് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും അയാൾ ഫേസ്ബുക്കിൽ കുറിച്ചു. താൻ ഒരിക്കലും ഒരു യഹൂദ വിരുദ്ധനല്ല എന്ന് പറഞ്ഞ ഡോക്ടർ തന്റെ യഹൂദ സുഹൃത്തുക്കൾക്കും പരിചയക്കാരായ യഹൂദർക്കും അറിയാമെന്നും അയാൾ പറഞ്ഞു.
തന്റെ വിവാദമായ കമന്റ് പ്രത്യക്ഷപ്പെട്ട പോസ്റ്റ് എഴുതിയ വ്യക്തിയുടെ പിതാവിനെ താൻ ശസ്ത്രക്രിയ ചെയ്തിരുന്നുവെന്നും, ഒരു കാര്യവുമില്ലാതെ തന്റെ കഴിവുകളെ അപഹസിക്കുകയായിരുന്നു എന്നും ഡോക്ടർ പറയുന്നു. ഇതായിരുന്നു തന്നെ പ്രകോപിതനാക്കിയത് എന്നും അയാൾ പറയുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ഗസ്റ്റ് ലക്ചറർ കൂടിയാണ് മനോജ് സെൻ. ഇംപീരിയൽ കോളേജിന്റെ പ്രതികരണം ഇക്കാര്യത്തിൽ ഇതുവരെ പുറത്തു വന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ