ജറുസലം: ഗസ്സയുടെ നിയന്ത്രണം ഹമാസിന് നഷ്ടമായി. അതിന് ശേഷവും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഗസ്സ നഗരം പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ഇസ്രയേൽ സൈന്യം വളഞ്ഞു. ആശുപത്രിയുടെ പ്രധാന ഗേറ്റ് ഇപ്പോൾ ഇസ്രയേൽ ടാങ്കുകളുടെ നിയന്ത്രണത്തിലാണ്. അതിരൂക്ഷമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ആശുപത്രിയിലെ നിലവറയിലാണ് ഹമാസിന്റെ ഒരു മുഖ്യ നിയന്ത്രണകേന്ദ്രം പ്രവർത്തിക്കുന്നതെന്നും രോഗികളെ 'മനുഷ്യകവചമായി' ഉപയോഗിക്കുകയാണെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഹമാസ് ഇക്കാര്യം നിഷേധിച്ചു. രോഗികളെ മുഴുവൻ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്. എന്നാൽ അതിന് സാധ്യത തുലോം കുറവാണ്. കനത്ത ഏറ്റുമുട്ടൽ തുടങ്ങിയതോടെ രോഗികളുടെ ഒഴിപ്പിക്കൽ അസാധ്യമായി.

ആശുപത്രിയിൽ കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഇതിൽ 3 ശിശുക്കളും ഉണ്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ധന ക്ഷാമം തുടർന്നാൽ 36 കുട്ടികളുടെ ജീവൻ അപകടത്തിലാവുമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖദ്‌സും ഇസ്രയേൽ സേന നിയന്ത്രണത്തിലാക്കി. ഗസ്സയിലെ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് യുഎൻ മനുഷ്യാവകാശ സംഘടനയും അറിയിച്ചു.

ആശുപത്രിയിലെ നവജാത ശിശുക്കളടക്കമുള്ളവരെ സുരക്ഷിതമായി മാറ്റണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്. കുട്ടികൾ അടക്കമുള്ളവർ ഇന്ധനക്ഷാമം മൂലം മരണത്തോടടുക്കുകയാണ്. അതേസമയം, ആശുപത്രിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായതായും സംഘടന അറിയിച്ചു. അതിനിടെ അൽ ഷിഫ ആശുപത്രിക്ക് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 300 ലീറ്റർ ഇന്ധനം നൽകിയെങ്കിലും ഹമാസ് തടഞ്ഞതായി ഇസ്രയേൽ ആരോപിച്ചു. ആരോപണം ഹമാസ് തള്ളി.

ഗസ്സ മുനമ്പിന്റെ വടക്കൻ മേഖല നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ ആശുപത്രികൾ ലക്ഷ്യംവയ്ക്കുന്നത്. വടക്കൻ ഗസ്സ മുഴുവൻ ഒഴിപ്പിക്കുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണം 11,240 ആയെന്നും ഇതിൽ 40% കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ആക്രമണത്തിൽ 3 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. ലബനനിലെ ഹിസ്ബുല്ല സഖ്യം നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെടുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനിടെ ഇറാൻ ബന്ധമുള്ള ഭീകരർക്കെതിരെ സിറിയയിൽ യുഎസ് 2 തവണ വ്യോമാക്രമണം നടത്തി.

നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ട് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരു മാസം തികയുമ്പോഴേക്കും ഹമാസിന് ഗസ്സയുടെ നിയന്ത്രണം നഷ്ടമായെന്നായിരുന്നു യോവ് ഗാലന്റ് പറഞ്ഞത്. ഗസ്സയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഗസ്സയുടെ നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കൻ ഗസ്സ വിട്ട് ഹമാസ് തെക്കോട്ട് പലായനം ചെയ്യുകയാണ്. അവരുടെ ഭരണ കേന്ദ്രങ്ങൾ ജനം കയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ ഞങ്ങൾ വധിച്ചു-ഇതാണ് ഇസ്രയേൽ പ്രഖ്യാപനം.

ഹമാസിന്റെ മിസൈൽ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവർത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടുകഴിഞ്ഞുവെന്നും പ്രധാന ഇസ്രയേൽ ടെലിവിഷൻ ചാനലുകളിൽ പുറത്തുവന്ന വീഡോയയിൽ യോവ് പറയുന്നു. അതേസമയം ഇതിന്റെ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അതേസമയം, ഫലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. നേരത്തെ ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തെ തുടർന്ന് യുഎന്നിൽ ജോർദാൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ വോട്ടുചെയ്യാതെ പിന്മാറിയിരുന്നു.

ഇസ്രയേൽഹമാസ് സംഘർഷത്തിൽ ഇസ്രയേലിനുള്ള പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. എന്നാൽ, യുദ്ധത്തിന് പിന്നാലെ ഫലസ്തീൻ മേഖലയിലേക്കുള്ള ഇസ്രയേൽ കുടിയേറ്റത്തെ അപലപിച്ച് യുഎൻ പ്രമയേത്തെ ഇന്ത്യ അനുകൂലിച്ചു.