- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും അനങ്ങരുത് എന്ന് അറബിയിൽ വിളിച്ചു പറഞ്ഞു അവർ അകത്തേക്കു കടന്നു; അൽഷിഫ ആശുപത്രിയിൽ 'യുദ്ധം' തുടങ്ങിയത് അമേരിക്കൻ നിർദ്ദേശവും മറികടന്ന്; ഹമാസിന്റെ ആശുപത്രിക്കടിയിലെ കേന്ദ്രം തകർക്കാനെന്ന് ഇസ്രയേൽ; ടാങ്കുകളും ആശുപത്രിയിൽ; ഗസ്സയിൽ സംഭവിക്കുന്നത്
ഗസ്സ സിറ്റി: ഗസ്സയിലെ അൽ ഷിഫ ആശുപത്രി ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ സേനയുടെ ദൗത്യം ആരംഭിച്ചതായി റിപ്പോർട്ടുകൾ. അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ചാണ് ഇത്. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാതാവളമുണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. അന്താരാഷ്ട്ര തലത്തിൽ ആശുപത്രിയിലെ നീക്കം പ്രതിഷേധത്തിന് വകവച്ചിട്ടുണ്ട്. ആശുപത്രിയിൽക്കയറി വലിയ അതിക്രമം കാണിക്കരുതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോടു പറഞ്ഞു. ഹാമാസിനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്ന അമേരിക്ക പോലും ആശുപത്രയിലെ 'യുദ്ധം' അംഗീകരിക്കുന്നില്ല.
ഗസ്സ നഗരം പൂർണമായും കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായി, ഇസ്രയേൽ സൈന്യം നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയ്ക്കുള്ളിൽ കടന്നതായി സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട്. സൈനിക ടാങ്കുകളും നൂറോളം സൈനികരും ആശുപത്രിക്കുള്ളിൽ കടന്നതായാണ് വെളിപ്പെടുത്തൽ. പ്രധാന പ്രവേശന കവാടത്തിലൂടെയാണ് സൈന്യം ഉള്ളിൽ കടന്നതെന്നും 'ആരും അനങ്ങരുത്' എന്ന അറബിയിൽ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു സൈനിക നീക്കമെന്നും സാക്ഷിമൊഴിയുണ്ട്.
''ആശുപത്രിക്കുള്ളിൽ ഞാൻ ആറു ടാങ്കുകൾ കണ്ടു. നൂറോളം സൈനികരുമുണ്ട്. പ്രധാന പ്രവേശന കവാടത്തിലൂടെയാണ് അവർ അകത്തു കടന്നത്. ചില സൈനികർ മുഖം മറച്ചിട്ടുണ്ട്. ആരും അനങ്ങരുത് എന്ന് അറബിയിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് അവർ അകത്തേക്കു കടന്നത്' സ്ഥലത്തുണ്ടായിരുന്ന സാക്ഷിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖദ്‌സും ഇസ്രയേൽ സേന നിയന്ത്രണത്തിലാക്കി. ആശുപത്രിയിലെ നവജാത ശിശുക്കളടക്കമുള്ളവരെ സുരക്ഷിതമായി മാറ്റണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്. കുട്ടികൾ അടക്കമുള്ളവർ ഇന്ധനക്ഷാമം മൂലം മതിയായ ചികിത്സാ സൗകര്യമില്ലാതെ മരണത്തോടടുക്കുകയാണ്.
കുടിയൊഴിക്കപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികൾക്ക് അഭയം നൽകുന്ന ആശുപത്രിയാണ് ഗസ്സയിലെ അൽ ശിഫ. ആശുപത്രിക്കുള്ളിലെ സൈനിക പ്രവർത്തനങ്ങൾ 12 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ഗസ്സയിലെ അധികാരികളെ അറിയിച്ചതായി ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ആശുപത്രിക്കുള്ളലിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാനും സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രേയേൽ സൈന്യം ദിവസങ്ങളായി ആശുപത്രിയുടെ ഗേറ്റിന് മുമ്പിലുണ്ട്. രോഗികളും ജീവനക്കാരും വീടുനഷ്ടപ്പെട്ട് അഭയം തേടിയവരുമായി പതിനായിരത്തോളം പേർ ഇവിടെ അഭയം തേടിയിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം നിലച്ച അൽ ശിഫ ആശുപത്രിയിൽ മരിച്ച 179 പേരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ യുദ്ധത്തിനുള്ള സാഹചര്യം ഒരുങ്ങുന്നത്. ആശുപത്രിക്കെതിരായുള്ള വ്യോമാക്രമണത്തെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. കൂടാതെ, നിരപരാധികളായ ജനങ്ങൾ അർഹമായ വൈദ്യസഹായത്തിനായി എത്തുന്ന ആശുപത്രിയിൽ അക്രമം ഉണ്ടാകാൻ പാടില്ലാത്തതാണ്. ആശുപത്രിക്കുള്ളിലെ രോഗികൾ സംരക്ഷിക്കപ്പെടണമെന്നും അമേരിക്ക വ്യക്തമാക്കി.
ആശുപത്രിക്കെതിരായ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം യു.എസ് പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഹമാസ് ആരോപിച്ചു. അൽ ശിഫ ആശുപത്രി സമുച്ചയത്തെ പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് വാദം വൈറ്റ് ഹൗസും പെന്റഗണും അംഗീകരിച്ചു. നിസ്സഹായരായ ജനങ്ങൾക്കെതിരായ ആക്രമണത്തിന് ഇക്കൂട്ടർ പച്ചക്കൊടി കാണിച്ചുവെന്നും ഹമാസ് ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങിയശേഷം ഗസ്സയിൽ ഇതുവരെ 11240 പേർ കൊല്ലപ്പെട്ടു. ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്.
ഹമാസിന് വടക്കൻ ഗസ്സയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഹമാസ് പാർലമെന്റ് മന്ദിരവും പൊലീസ് ആസ്ഥാനവും മറ്റ് നിരവധി കേന്ദ്രങ്ങളും പിടിച്ചെടുത്തതായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ഹമാസ് പാർലമെന്റ് ഹാൾ ഇസ്രയേൽ സൈനികർ കയ്യടക്കിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗസ്സ സിറ്റിയിലെ ഷെയ്ഖ് ലിജിൻ, റിമാൽ പ്രദേശങ്ങളിലെ ഹമാസിന്റെ ഭരണ കേന്ദ്രങ്ങളെല്ലാം അധീനതയിലാക്കിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഗവർണറുടെ ഓഫിസ്, ഗസ്സൻ യൂണിവേഴ്‌സിറ്റി എന്നിവയും ഗോലാനി ബ്രിഗേഡിന്റെ നിയന്ത്രണത്തിലാണെന്ന് ഐഡിഎഫ് അറിയിച്ചു. ഹമാസിന്റെ മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാസിമിനെയും മിസൈൽ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവർത്തിച്ച യാഖൂബ് അസറിനെയും വധിച്ചതായും ഐഡിഎഫ് അവകാശപ്പെട്ടു.
വടക്കൻ ഗസ്സയിൽ നിന്നു ഹമാസ് സംഘാംഗങ്ങൾ തെക്കോട്ട് പലായനം ചെയ്യുകയാണെന്നും സൈന്യം അവകാശപ്പെട്ടു. ഗസ്സയിലെ പകുതിയിലധികം ആശുപത്രികളും പ്രവർത്തിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. 36 ആശുപത്രികളിൽ 22 എണ്ണവും നിലവിൽ പ്രവർത്തിക്കുന്നില്ല. ഇന്ധന ക്ഷാമം, ഇസ്രയേൽ ആക്രമണത്തിൽ ഗുരുതര തകരാർ, സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് ആശുപത്രികളുടെ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ