ദോഹ: പശ്ചിമേഷ്യയിൽ സമാധാനം വീണ്ടും താൽകാലിക എത്തുന്നു. ഗസ്സയിലെ യുദ്ധം തത്കാലത്തേക്ക് നിർത്താൻ ഇസ്രയേലും ഹമാസും തമ്മിൽ ഉണ്ടാക്കുമെന്നു പറയുന്ന വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായി. നാലു ദിവസത്തേക്കാണ് വെടിനിർത്തൽ. പകരമായി 50 ബന്ധികളെ ഹമാസ് വിട്ടയ്ക്കും.

ഏതായാലും അന്താരാഷ്ട്ര സമ്മർദ്ദത്തിൽ ഇസ്രയേൽ വഴങ്ങുകയാണ്. അൽഷിഫാ ആശുപത്രിയിലെ ഓപ്പറേഷന് ശേഷമാണ് ഈ വീട്ടുവീഴ്ചകൾ. ഹമാസുമായി ഇസ്രയേൽ ഉണ്ടാക്കിയതായി പറയുന്ന കരാറിലെ ഏകദേശധാരണ പുറത്തു വന്നിട്ടുണ്ട്: ഗസ്സയിലെ മറ്റൊരു സായുധസംഘമായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. പിന്നാലെ ഇസ്രയേൽ മന്ത്രിസഭയും അംഗീകാരം നൽകി. യുദ്ധം പൂർണ്ണമായും നിർത്തില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം. നാലു ദിവസം കൊണ്ട് രക്ഷാപ്രവർത്തനം ഐക്യരാഷ്ട്രസഭയും ഊർജ്ജിതമാക്കും.

50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇവരിൽ ഇസ്രയേൽകാരും വിദേശികളുമുണ്ടാകും. എന്നാൽ, സൈനികരെ വിട്ടയക്കില്ല. മോചിപ്പിക്കുന്ന ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലിലുള്ള മുന്നൂറോളം ഫലസ്തീൻ തടവുകാരെ വിട്ടയക്കുമെന്നും സൂചനയുണ്ട്. ഗസ്സയിലേക്ക് 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും. ഇസ്രയേലിലെ വലിയൊരു വിഭാഗം ഇതിനെ അംഗീകരിക്കുന്നില്ല. പക്ഷേ അമേരിക്കയും മറ്റും എടുക്കുന്ന നിലപാട് ഇസ്രയേലിന് കാണേണ്ടി വന്നു. അതുകൊണ്ടാണ് വെടിനിർത്തൽ.

വടക്കൻ ഗസ്സയിലെ എല്ലാ ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ ആശുപത്രികളിൽനിന്നു രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇസ്രയേലും താൽകാലിക വെടിനിർത്തലിന് സമ്മതം മൂളിയത്. ഇസ്രയേലുമായി വെടിനിർത്തൽ കരാറിന് അടുത്തെത്തിയതായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ പറഞ്ഞിരുന്നു. ബന്ദികളെ മോചിപ്പിച്ചുകൊണ്ടുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ അന്തിമഘട്ടത്തിലാണെന്നു ഖത്തർ അധികൃതരും സൂചിപ്പിച്ചു.

വെടിനിർത്തൽ ചർച്ച സംബന്ധിച്ച് ഇസ്രയേൽ പൊതുവേ പ്രതികരിക്കാറില്ലെങ്കിലും ധാരണയോടടുക്കുകയാണെന്നു സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അവിടത്തെ 12 ടിവി റിപ്പോർട്ട് ചെയ്തു. ഒത്തുതീർപ്പ് നിർദ്ദേശം ഇസ്രയേൽ മന്ത്രിസഭ പരിഗണിച്ചു. മന്ത്രിസഭ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രരി നെതന്യാഹു സൂചന നൽകി. യുദ്ധം പൂർണ്ണമായും ഉപേക്ഷിക്കില്ലെന്നും പറഞ്ഞു. അതിനിടെ നിർദിഷ്ട കരാറിനെതിരേ മുന്നറിയിപ്പുമായി ഇസ്രയേൽ ദേശസുരക്ഷാ മന്ത്രി ഇതാമിർ ബെൻ ഗ്വിർ രംഗത്തെത്തിയിരുന്നു. കരാറിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ബെൻ ഗ്വിർ പരാതിപ്പെട്ടു. കരാർ ദുരന്തം ക്ഷണിച്ചുവരുത്തിയേക്കുമെന്നും പറഞ്ഞു. എന്നാൽ മന്ത്രിസഭയിൽ നെതന്യൂഹൂവിന്റെ വാദം അംഗീകരിക്കപ്പെട്ടു.

ലോക രാജ്യങ്ങളും താൽകാലിക വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു, ഹമാസിന് പരമാവധി തിരിച്ചടി ഗസ്സയിൽ ഇസ്രയേൽ നൽകി കഴിഞ്ഞു. വെടിനിർത്തൽ സമയപരിധി, ഗസ്സയിലെ മാനുഷിക സഹായ വിതരണം, ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടെയും മോചനം എന്നിവ കേന്ദ്രീകരിച്ചാണു ചർച്ച അന്തിമ ഘട്ടത്തിൽ നടന്നത്. ഇതെല്ലാം ധാരണയിലെത്തി. സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് ഇരുപക്ഷവും ധാരണയായിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു.

ഒക്ടോബർ 7 നു തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് 240 പേരെയാണു ബന്ദികളാക്കിയത്. ഇവരുടെ മോചനത്തിന് വേണ്ടിയാണ് ഇസ്രയേൽ സമ്മർദ്ദത്തിന് വഴങ്ങുന്നത്. ഇവരുടെ ജീവൻ രക്ഷിക്കണമെന്ന ആവശ്യം ഇസ്രയേലിലും ശക്തമാണ്. യുദ്ധം വരുത്തിയ ദുരിതം സംബന്ധിച്ചു തിങ്കളാഴ്ച ഖത്തറിൽ ഹമാസ് മേധാവിയുമായും ഖത്തർ അധികൃതരുമായും ചർച്ച നടത്തിയതായി റെഡ് ക്രോസ് സൊസൈറ്റി പ്രസിഡന്റ് മിർയാന സ്പൊർയാറിച് പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചാൽ അവരെ തിരിച്ചെത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്നും വ്യക്തമാക്കി.