- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസമായി മോചനം; ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗസ്സയിൽ നടത്തില്ലെന്ന് കരാർ; പകരം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും; അറസ്റ്റുകളും ഉണ്ടാകില്ല; മൂന്ന് മന്ത്രിമാർ എതിർത്തു; 35 പേർ പിന്തുണച്ചു; കൂടുതൽ ബന്ദികളെ മോചിപ്പിച്ചാൽ വെടിനിർത്തൽ നീളും; ഇസ്രയേൽ-ഹമാസ് കരാറിൽ വ്യക്തത വരുമ്പോൾ
ടെൽ അവീവ്: ഗസ്സയിൽ നാല് ദിവസത്തെ വെടിനിർത്തലിനുള്ള കരാറിന്റെ വിശദാംശങ്ങൾ പുറത്ത്. തീരുമാനത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. വെടിനിർത്തലിന് പകരമായി ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ വെടിനിർത്തൽ തുടരാൻ സാധ്യത ഏറെയാണ്.
യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്ക്കാലിക വെടിനിർത്തൽ കരാറിലൂടെ ബന്ദികളിൽ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങുന്നത്. അമേരിക്കയും ഖത്തറും നിർണ്ണായക ഇടപെടൽ നടത്തി. യുഎന്നിന്റെ ആശങ്കകളും പരിഗണിച്ചു.
12 പേരെ വീതം നാലു ദിവസം കൊണ്ട് മോചിപ്പിക്കും. അങ്ങനെ 50 പേരെ. ഈ നാലു ദിവസവും ഗസ്സയിൽ വെടിവയ്ക്കില്ല. ആരേയും അറസ്റ്റു ചെയ്യുകയുമില്ല. വ്യോമ കര ആക്രമണവും ഇസ്രയേൽ നിർത്തും. ഇതിനൊപ്പം വർഷങ്ങളായി ഇസ്രയേൽ തടവിലുള്ള ഫലസ്തീനികളേയും മോചിപ്പിക്കും. പല കാരണങ്ങൾ പറഞ്ഞ് അറസ്റ്റിലായവരെയാണ് മോചിപ്പിക്കുക. നാലു ദിവസത്തിന് ശേഷം ഹമാസ് കൂടുതൽ ബന്ധികളെ മോചിപ്പിച്ചാൽ വെടി നിർത്തൽ തുടരും. അമേരിക്കയും പ്രതീക്ഷയോടെയാണ് കരാറിനെ കാണുന്നത്. വെടിനിർത്തൽ നാലു ദിവസത്തിന് അപ്പുറം നീളുമെന്ന് ഖത്തറും പ്രതീക്ഷ പ്രകടിപ്പിച്ചു.
കരാറിൽ ധാരണയുണ്ടായ ശേഷം അത് ഇസ്രയേലിന് ഖത്തർ കൈമാറി. അടിയന്തര യുദ്ധകാര്യ മന്ത്രിസഭ ഇസ്രയേലിൽ യോഗം ചേർന്നു. ഇതിൽ മൂന്ന് പേർ കരാറിനെ എതിർത്തു. ബാക്കിയുള്ള 35 പേരും അനുകൂലിച്ചു. ഇതോടെയാണ് വെടിനിർത്തൽ യാഥാർത്ഥ്യമായത്. ബന്ദികളുടെ മോചനത്തിന് പ്രധാന പരിഗണന നൽകാനാണ് ഇത്. അൽഷിഫയിലെ യുദ്ധത്തിലും ബന്ദികളെ കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇസ്രയേൽ വഴങ്ങുന്നതെന്നാണ് സൂചന.
46 ദിവസത്തെ പശ്ചിമേഷ്യൻ സംഘർഷത്തിനു ശേഷം സമാധാനത്തിലേക്കുള്ള നിർണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുകയായിരുന്നു. അതിനിടെ 38 അംഗ ഇസ്രയേൽ മന്ത്രിസഭ നാല് ദിവസം വെടിനിർത്താൻ തീരുമാനിച്ചു. ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക.
ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗസ്സയിൽ നടത്തില്ലെന്നാണ് കരാർ. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിന്റെ തീരുമാനം. ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിനെ കുറിച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യ ഇന്നലെ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പ്രതികരിച്ചിരുന്നു. വെടിനിർത്തൽ കരാറിലേക്ക് അടുക്കുകയാണെന്നും ഇക്കാര്യത്തിൽ ഹമാസിന്റെ പ്രതികരണം ഖത്തറിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് പറഞ്ഞത്.
ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിലൂടെയാണ് ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയത്. അതേസമയം ഇതിനോടകം 13,300ൽ അധികം പേർ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടു. ഇവരിൽ ആയിരക്കണക്കിന് കുട്ടികളും ഉൾപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ