- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ-ഹമാസ് ചതുർദിന കരാർ; ഖത്തറിന്റെയും യുഎസിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥത; വെടിനിർത്തൽ നാളെ മുതൽ പ്രാബല്യത്തിൽ; ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റം നിർണായകം; ഇന്ധനം ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ ഗസ്സയിലേക്ക്
ദോഹ: ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോൾ കൂട്ടരക്തച്ചൊരിച്ചിലിനും നിലവിളികൾക്കും വെടിയൊച്ചകൾക്കും താൽക്കാലിക വിരാമമിട്ട് ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ. വ്യാഴാഴ്ച രാവിലെ മുതൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം നാല് ദിവസത്തേക്കാണ് മാനുഷിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷൻ മൂസ അബു മർസൂക്ക് പ്രഖ്യാപിച്ചു. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തറിന്റെയും യുഎസിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയാണ് ഇസ്രയേൽ സുരക്ഷാ സേനകളായ ഐഡിഎഫ്, ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയവയുടെയെല്ലാം പിന്തുണയോടെ നടന്ന വോട്ടെടുപ്പിൽ ഇസ്രയേൽ തീരുമാനം കൈക്കൊണ്ടത്. വെടിനിർത്തൽ കാര്യത്തിൽ ധാരണയിലെത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു. മന്ത്രിസഭ വോട്ടിനിട്ടാണ് വെടിനിർത്തലിന് അംഗീകാരം നൽകിയത്. മൂന്നിനെതിരെ 35 വോട്ടുകൾക്കാണ് മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്.
ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്), മൊസാദ്, ഷിൻ ബെത് എന്നിവർ വെടിനിർത്തലിനെ അനുകൂലിച്ചു. വെടിനിർത്തലിനെ ആദ്യം എതിർത്തിരുന്ന വലത് പാർട്ടിയായ റിലിജിയസ് സയണിസ്റ്റ് പാർട്ടി പുതിയ ചർച്ചകളിലെ തീരുമാനങ്ങൾക്ക് തലകുലുക്കുകയായിരുന്നു. തീവ്രവലത് പാർട്ടിയായ ഒട്സമ യഹൂദിത് പാർട്ടി മാത്രമാണ് വെടിനിർത്തൽ കരാറിനെതിരെ വോട്ട് ചെയ്തത്.
നിരവധി വ്യവസ്ഥകളോടെയാണെങ്കിലും രക്തരൂക്ഷിതമായ ആക്രമണങ്ങൾ തൽക്കാലം നിലയ്ക്കുമെന്നു ഇരുവിഭാഗവും പറഞ്ഞു. ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റങ്ങൾക്കനുസൃതമായി വെടിനിർത്തൽ കരാർ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടാൻ സാധ്യതയുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തൽ നീട്ടണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷം ഉണ്ടാകുന്ന നിർണ്ണായകമായ നീക്കമാണ് വെടിനിർത്തൽ. ബന്ദികളെ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ വ്യവസ്ഥകളിന്മേലാണ് വെടിനിർത്തൽ. ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ഈജിപ്തും അമേരിക്കയും പങ്കുവഹിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് സമ്മതിച്ചു. പകരമായി ഇസ്രയേൽ തടവിലാക്കിയ ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും സ്വതന്ത്രരാക്കും. ഇസ്രയേൽ ജയിലിലുള്ള 150 തടവുകാരെയാണ് മോചിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ധനം ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ വെടിനിർത്തൽ കാലയളവിൽ ഗസ്സയിലേക്ക് എത്തിക്കും. ഈജിപ്തുമായുള്ള റഫാ അതിർത്തി വഴിയാണ് സഹായങ്ങളുമായുള്ള വാഹനങ്ങൾ ഗസ്സയിലേക്ക് പോകുക. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനും പ്രശ്നങ്ങൾ പരിഹരിച്ച് ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കാനുമായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് അറിയിച്ച ഖത്തർ വെടിനിർത്തൽ സാധ്യമാക്കാനായി നടത്തിയ പരിശ്രമങ്ങൾക്ക് ഈജിപ്തിനെയും അമേരിക്കയെയും അഭിനന്ദിച്ചു.
തെക്കൻ ഇസ്രയേലിൽ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിനിടെ 240 ഇസ്രയേലികളെ ഉൾപ്പെടെ ബന്ദികളാക്കിയതിന് തൊട്ടുപിന്നാലെ, ഖത്തർ സർക്കാർ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടു ബന്ദീ മോചനത്തിനായി പ്രവർത്തനം ആരംഭിച്ചിരുന്നത്രെ. മധ്യസ്ഥ-രാജ്യാന്തര ചർച്ചകളിൽ പ്രാവീണ്യമുള്ള ഒരു സെൽ രൂപീകരിക്കുകയും ചെയ്തു. ടീം സ്ഥാപിക്കാൻ സള്ളിവൻ മക്ഗുർക്കിനെയും മറ്റൊരു ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥനായ ജോഷ് ഗെൽറ്റ്സറിനെയും ചുമതലപ്പെടുത്തിയത്രെ. ഖത്തറും ഇസ്രയേലും അതീവ രഹസ്യം ആവശ്യപ്പെട്ടതിനാൽ മറ്റ് പ്രസക്തമായ യുഎസ് ഏജൻസികളോട് പറയാതെയാണ് ഇത് ചെയ്തതെന്നും റിപ്പോർട്ടുകൾ.
ചെറിയ എതിർപ്പുണ്ടായെങ്കിലും ഗസ്സയിലേക്ക് തട്ടിക്കൊണ്ടുപോയ ഏകദേശം 240 പേരിൽ 50 ബന്ദികളെ മോചിപ്പിക്കുന്നതുവരെ വെടി നിർത്താനുള്ള കാബിനറ്റ് തീരുമാനം സർക്കാർ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ, 50 ബന്ദികളെ ഇസ്രയേലിലേക്ക് തിരിച്ചയച്ചാൽ 150 ഫലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇത് നാല് ഘട്ടങ്ങളിലായി നടക്കും, ഓരോ ഘട്ടത്തിലും കുറഞ്ഞത് 10 ബന്ദികളെ വിട്ടയക്കും.
രണ്ടാം ഘട്ടത്തിൽ, 50 അധിക ബന്ദികളെ ഇസ്രയേലിലേക്ക് തിരിച്ചയച്ചാൽ 150 ഫലസ്തീൻ സുരക്ഷാ തടവുകാരെ കൂടി ഇസ്രയേൽ മോചിപ്പിക്കും.ഫലസ്തീൻ തടവുകാരും ഇസ്രയേലി ബന്ദികളുമായുള്ള അതേ അനുപാതം ആദ്യ ഭാഗം മുതൽ തുടരുമെന്നും ഓരോ അധിക ഘട്ടത്തിലും കുറഞ്ഞത് 10 ബന്ദികളെയെങ്കിലും വിട്ടയക്കുമെന്നും അതിൽ പറയുന്നു.
ബന്ദികൾ ഇസ്രയേൽ പൗരന്മാർക്ക് പുറമേ, യുഎസ്, തായ്ലൻഡ്, ബ്രിട്ടൻ, ഫ്രാൻസ്, അർജന്റീന, ജർമ്മനി, ചിലി, സ്‌പെയിൻ, പോർച്ചുഗൽ എന്നിവയുൾപ്പെടെ 40 ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പകുതിയിലധികം ബന്ദികളും വിദേശ, ഇരട്ട പൗരത്വമുള്ളവരാണെന്ന് ഇസ്രയേൽ സർക്കാർ അറിയിച്ചിരുന്നു.
'എല്ലാ ബന്ദികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകും.
10 ബന്ദികളെ മോചിപ്പിക്കുന്നതിനും 24 മണിക്കൂർ ആയുധമെടുക്കലിനു വിരാമമു?ണ്ടാകും. വീണ്ടും, രണ്ടാം ഘട്ടത്തിൽ, ബന്ദികൾ ഇസ്രയേലിൽ തിരിച്ചെത്തിയാൽ മാത്രമേ തടവുകാരെ മോചിപ്പിക്കൂ. തടവുകാരുടെ പേരുകൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന്, കരാറിനെതിരെയോ പ്രത്യേക തടവുകാരെ വിട്ടയക്കുന്നതിനോ എതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഇസ്രയേലി പൊതുജനങ്ങൾക്ക് 24 മണിക്കൂർ സമയം അനുവദിച്ചിരുന്നു
ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ 50 പേരെ തിരികെ കൊണ്ടുവരാനുള്ള സർക്കാരിന്റെ കരാറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അൽമഗോർ ഭീകരാക്രമണ വിക്ടിംസ് അസോസിയേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം മോചിപ്പിക്കാൻ തയാറാണെന്നു ഇസ്രയേൽ പ്രഖ്യാപിച്ച 300 തടവുകാരിൽ ബഹുഭൂരിപക്ഷവും 18 വയസും അതിൽ താഴെയുമുള്ള പുരുഷന്മാരാണ്. മറ്റ് 13 തടവുകാരും പ്രായപൂർത്തിയായ സ്ത്രീകളാണ്.
യുഎസ് പൗരന്മാരായ ജൂഡിത്ത് റാനൻ (59), മകൾ നതാലി റാനൻ (17) എന്നിവരെ മുൻപ് മാനുഷിക പരമായ കാരണങ്ങളാൽ ഹമാസ് മോചിപ്പിച്ചിരുന്നു. തെക്കൻ ഇസ്രയേലിൽ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേലിന്റെ തിരികെയുള്ള ആക്രമണത്തിൽ ഇതുവരെ 13,300 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. നാലായിരത്തിലധികം പേരെ കാണാതെയെന്നും കണക്കുകൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ