ദോഹ: ഗസ്സയിൽ, ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ രണ്ടുദിവസത്തേക്ക് കൂടി നീട്ടി. നാലുദിവസത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ പുതിയ തീരുമാനം.

ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരിയാണ് ഈ വിവരം എക്‌സിൽ പോസ്റ്റ് ചെയ്തത്. അമേരിക്കയുടെയും, ഈജിപ്റ്റിന്റെയും പിന്തുണയോടെ ഖത്തറാണ് മധ്യസ്ഥ ചർച്ചകൾ ഇതുവരെ മികച്ച രീതിയിൽ ഏകോപിപ്പിച്ചത്.

വെടിനിർത്തൽ കാലയളവിൽ 50 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നാണ് ധാരണ. പകരം 150 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുകയും ചെയ്യും. ആദ്യ മൂന്നുനാൾ 39 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.