നിയമപരമായി ഒരു സന്തുലിത ബജറ്റ്തയ്യാറാക്കാൻ ബാദ്ധ്യതയുണ്ടെങ്കിലും അതിന് കഴിയില്ലെന്ന് ലേബർ പാർട്ടി ഭരിക്കുന്ന ബ്രിട്ടണിലെ നോട്ടിങ്ഹാം സിറ്റി കൗൺസിൽ അറിയിച്ചു. കൗൺസിൽ പാപ്പരായി എന്ന് സമ്മതിക്കുന്നതിന് തുല്യമാണിത്. അവശരായ ജനങ്ങളെ സംരക്ഷിക്കുന്നതും, നിയമപരമായ അടിയന്തര സേവനങ്ങളുമൊഴിച്ചുള്ള എല്ലാ കാര്യത്തിലും പണം ചെലവഴിക്കുന്നത് വിലക്കി കൊണ്ടുള്ള സെക്ഷൻ 114 നോട്ടീസുംസമർപ്പിച്ചിട്ടുണ്ട്.

നേരത്തെ സെപ്റ്റംബറിൽ ബിർമ്മിങ്ഹാം സിയി കൗൺസിൽ ഇത്തരത്തിൽ ഒരു സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനു ശേഷം ഈ വർഷം സമാനമായ നോട്ടീസ് പുറപ്പെടുവിക്കുന്ന രണ്ടാമത്തെ കൗൺസിൽ ആണിത്. 2020-ൽ റോബിൻ ഹുദ് എനർജിക്കൊപ്പം പവർ മാർക്കറ്റിൽ പ്രവേശിക്കാനുള്ള ശ്രമത്തിൽ കൗൺസിലിന് ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടം സംഭവിച്ചിരുന്നു. പിന്നീട് കൗൺസിലിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.

ലോക്കൽ ഹൗസിംഗിനായി നീക്കിവെച്ച ലക്ഷക്കണക്കിന് പൗണ്ട് പൊതു ചെലവുകൾക്കായി വകമാറ്റി ചെലവഴിക്കേണ്ടതായി വന്നു. പണപ്പെരുപ്പവും ജീവത ചെലവ് വർദ്ധിച്ചതുമൂലമുണ്ടായ പ്രതിസന്ധിയും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ജീവനക്കാർക്കും വിതരണക്കാർക്കും നൽകാൻ മതിയായ സാമ്പത്തിക സ്രോതസ്സ് ഇപ്പോഴുമുണ്ട് എന്ന് കൗൺസിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് കൗൺസിലിന്റെ കോർപൊറേറ്റ് ഡയറക്ടർ ഓഫ് ഫിനാൻസ് ആൻഡ് റിസോഴ്സസിന് സെക്ഷൻ 114(3) നോട്ടീസ് അയയ്ക്കേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൗൺസിലിന്റെ കഴിവുകേടിനെയും ധൂർത്തിനേയും വിമർശിച്ചുകൊണ്ട് ഇമിഗ്രേഷൻ മന്ത്രിയും നെവാർക്ക് എം പിയുമായ റോബർട്ട് ജെന്റിക് രംഗത്തെത്തി. നോട്ടിങ്ഹാം കൗൺസിലും അതിന്റെ ലേബർ നേതൃത്വവും ഈ നഗരം ഭരിക്കാൻ യോഗ്യതയില്ലാത്തവരാണെന്ന് തെളിയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.