ലണ്ടൻ: എൻഡ്ഗെയിം എന്ന വിവാദ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന വംശീയവെറിയുള്ള രണ്ട് രാജകുടുംബാംഗങ്ങളുടെ പേരുകൾ ഗ്രന്ഥകർത്താവ് ഓമിഡ് സ്‌കോബിക്ക് ചോർത്തിക്കൊടുത്തത് ആരെന്നറിയുവാൻ രാജകൊട്ടാരത്തിനകത്ത് അന്വേഷണം ആരംഭിച്ചു. മേഗൻ മെർക്കൽ ഗർഭിണിയായിരുന്നപ്പോൾ ചാൾസ് മൂന്നാമൻ രാജാവും, കെയ്റ്റ് രാജകുമാരിയും ഗർഭസ്ഥ ശിശുവിന്റെ ചർമ്മത്തിന്റെ നിറത്തെ ചൊല്ലി പരിഹാസമുയർത്തി എന്നാണ് പുസ്തകത്തിൽ പറയുന്നത്. പുസ്തകത്തിന്റെ ഡച്ച് പതിപ്പിലാണ് പേരുകൾ പരാമർശിച്ചിരിക്കുന്നത്.

പുസ്തകത്തിലെ പരാമർശങ്ങളെ രാജാവ് വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അടുത്ത നടപടി എന്താവണമെന്ന് തീരുമാനിക്കാൻ രാജാവ് അടുത്തയാഴ്‌ച്ച ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നും അറിയുന്നു. ഗ്രന്ഥകാരനെതിരെ നിയമനടപടികൾ എടുക്കുന്ന കാര്യം പോലും രാജാവിന്റെ പരിഗണനയിലുണ്ട് എന്നാൺ' ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.

കൊട്ടാരത്തിനകത്ത് ഈ കത്ത് ആരൊക്കെ കണ്ടിരിക്കാം എന്നതിനെ കുറിച്ചാണ് ഇപ്പോൾ ആഭ്യന്തര അന്വേഷണം നടക്കുന്നത് എന്ന് ഡെയ്ലി മെയിൽ പറയുന്നത്. എന്നാൽ, വളരെ ചുരുക്കം ചിലർക്ക് മാത്രമെ ഇത്തരത്തിലുള്ള വ്യക്തിപരമായ കത്തുകൾ കാണാൻ കഴിയു എന്നതിനാൽ, ഇത് ചോർന്നതുകൊട്ടാരത്തിൽ നിന്നാകില്ല എന്നാണ് ഇപ്പോഴും കൊട്ടാരം വിശ്വസിക്കുന്ന്ത്. അതിനിടെ, ഹാരിയുടെയും മേഗന്റെയും ചട്ടുകമായാണ് സ്‌കോബി പ്രവർത്തിക്കുന്നത് എന്നകാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ സ്‌കോബി നിഷേധിച്ചു. എന്നാൽ, ഹാരിയും മേഗനും ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, വംശീയവെറി കാണിച്ച രാജകുടുംബത്തിലെ രണ്ടംഗങ്ങളുടെ പേർ കത്തിൽ പരാമർശിച്ച മേഗൻ പക്ഷെ ആ പേരുകൾ പരസ്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല എന്ന് മേഗനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. അവരുടെ കൂട്ടത്തിലുള്ള ആരുംതന്നെ ആ കത്തിന്റെ ഉള്ളടക്കം സ്‌കോബിക്ക് ചോർത്തി നൽകിയിട്ടില്ല എന്നും അവർ പറയുന്നു.

അതിനിടയിൽ, ഇക്കാര്യത്തിൽ ഹാരിയും മേഗനും പരസ്യ പ്രതികരണം നടത്തണമെന്ന് ആവശ്യപ്പെട്റ്റ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ചിലർ രംഗത്തെത്തിയിട്ടുണ്ട്.