- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിച്ച നാൾ മുതൽ അമേരിക്കയിൽ താമസിക്കുന്ന ഡോക്ടർക്ക് 61-ാം വയസ്സിൽ പൗരത്വം നഷ്ടപ്പെടുന്നു; ജനന സമയത്ത് പിതാവ് ഇറാനിയൻ എംബസിയിൽ ജീവനക്കാരനായിരുന്നു എന്ന് കാരണം; ഒരു പൗരത്വ വിവാദം
നോർത്ത് വെർജീനിയയിൽ ഡോക്ടർ ആയി ജോലി ചെയ്യുന്ന സൈവാഷ് സൊബാനി തന്റെ പാസ്സ്പോർട്ട് പുതുക്കാൻ നൽകിയപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന മറുപടിയായിരുന്നു. ജനന സമയം തൊട്ട് അമേരിക്കയിൽ താമസിക്കുന്ന ഡോക്ടർക്ക് തന്റെ 61-ാം വയസ്സിൽ പൗരത്വം നഷ്ടപ്പെടുകയാണ്. സൈവാഷ് ജനിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ജനന സമയത്ത് ഇറാനിയൻ എംബസിയിൽ ജോലി ചെയ്യുകയായിരുന്നത് കാരണം പൗരത്വം നൽകാൻ ആകില്ലെന്നാണ് അമേരിക്ക സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ അദ്ദെഹത്തിന് നൽകിയിരിക്കുന്ന മറുപടി.
കത്തിൽ പറയുന്നത്, അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക്, അവരുടെ ജനന സമയത്ത് അവരുടെ മാതാപിതാക്കൾക്ക് നയതന്ത്ര സംരക്ഷണം ലഭിച്ചിരുന്നെങ്കിൽ പൗരത്വം നൽകാൻ കഴിയില്ല എന്നാണ്. സൈവഷ് സൊബാനി ജനിക്കുന്ന സമയത്ത് മാതാപിതാക്കൾക്ക് അമേരിക്കൻ നിയമ പ്രകാരം നയതന്ത്ര പരിരക്ഷ ലഭിച്ചിരുന്നു എന്നും അതിനാൽ തന്നെ പൗരത്വം നൽകാൻ ആവില്ല എന്നും അതിൽ പറയുന്നു.
കഴിഞ്ഞ 30 വർഷക്കാലമായി ഒരു ഡോക്ടറായി ജോലി ചെയ്യുന്ന സുബാനി ഇതാദ്യമായാണ് ഇത്തരത്തിലൊരു പ്രശ്നം വരുന്നത്. ഇത്രയും നാളും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അദ്ദേഹം ഒരു അമേരിക്കൻ പൗരനാണ് എന്ന് തന്നെയാണ് സ്ഥിരീകരിച്ചിരുന്നത്. ഓരോ തവണ പാസ്സ്പോർട്ട് പുതുക്കുമ്പോഴും ഇത് സംഭവിച്ചു കൊണ്ടിരുന്നു.
അടുത്തിടെ 62 വയസ്സായ അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരുന്നു. ഇനിയുള്ള കാലം വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ അദ്ദേഹവും ഭാര്യയും തീരുമാനിക്കുകയും ചെയ്തിരുന്നു. നല്ലൊരു സ്ഥലം നോക്കി ഒരു വീട് വാങ്ങി വിശ്രമ ജീവിതം നയിക്കണമെന്നും അവർ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതിക്കായി അപേക്ഷിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഇതിനോടകം തന്നെ 40,000 ഡോളറോളം നിയമനടപടികൾക്കായി താൻ ചെലവഴിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹം വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞത്. പ്രശ്നങ്ങൾ എപ്പോൾ പരിഹരിക്കപ്പെടും എന്നതിനെ കുറിച്ച് അറിവില്ലെന്നും അദ്ദേഹം പറയുന്നു. പി ആർ ലഭിക്കുന്നതിനുള്ള ഇന്റർവ്യു ഇനിയും ബാക്കി കിടക്കുന്നു. അതുകഴിഞ്ഞ് മൂന്ന് വർഷങ്ങളെങ്കിലും അടുത്ത നടപടിക്കായി എടുക്കുമെന്നുംഅദ്ദേഹം പറയുന്നു.
ചുരുക്കത്തിൽ അടുത്ത 10 വർഷത്തേക്കെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നാണ്.
മറുനാടന് മലയാളി ബ്യൂറോ