വാഷിങ്ടൺ: ഇന്ത്യയെ കുറിച്ച് ചിലരുടെ കുപ്രചാരണങ്ങൾക്ക് ചെവികൊടുക്കാതെ, നിക്ഷേപകർ നേരിട്ട് വന്ന് അനുഭവിച്ചറിയണമെന്ന് ധനമമന്ത്രി നിർമല സീതാരാമൻ. വാഷിങ്ടണിൽ തിങ്കളാഴ്ച പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ എക്കണോമിക്‌സിൽ സംസാരിക്കുകയായിരുന്നു അവർ. മുസ്ലിം ന്യൂനപക്ഷങ്ങൾ അക്രമത്തിന് ഇരയാകുന്നത് അടക്കം പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോർട്ടുകളെ കുറിച്ച് പിഐഇ പ്രസിഡന്റ് ആദം എസ് പോസന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിർമല സീതാരാമൻ.

' ലോകത്ത് ഏറ്റവും രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ എണ്ണത്തിൽ കൂടിവരുന്നതേയുള്ളു. ഈ ലേഖനങ്ങളിൽ പറയുന്നത് പോലെ സർക്കാരിന്റെ പിന്തുണയോടെ മുസ്ലീങ്ങളുടെ ജീവിതം ദുരിതമയം ആക്കുകയാണെങ്കിൽ, 1947 നെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യ കൂടുന്നത് എങ്ങനെ? മന്ത്രി ചോദിച്ചു.

പാക്കിസ്ഥാനിൽ മുസ്ലീങ്ങളുടെ അവസ്ഥ ദയനീയം

പാക്കിസ്ഥാനിലെ അപേക്ഷിച്ച് ഇന്ത്യയെ മുസ്ലീങ്ങളുടെ അവസ്ഥ എത്രയോ ഭേദമാണ്. പാക്കിസ്ഥാനിൽ പൊതുധാരയിലുള്ളവർ കണക്കാക്കാത്ത മുസ്ലിം വിഭാഗക്കാർ അക്രമത്തിന് ഇരയാവുകയാണ്. മുഹാജിർ, ഷിയ, സുന്നി തുടങ്ങിയവരെല്ലാം അക്കൂട്ടത്തിലുണ്ട്. ഇന്ത്യയിൽ എല്ലാ മുസ്‌ലിം വിഭാഗങ്ങളും അവരുടെ കാര്യം നോക്കി ജീവിക്കുകയാണ്. അവരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും ലഭിക്കുന്നുണ്ട്. അവർക്ക് സർക്കാർ തന്നെ വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്നു' നിർമല വിശദീകരിച്ചു.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു.

പാക്കിസ്ഥാനിലെ ന്യൂനക്ഷങ്ങളുടെ നില ഓരോ ദിവസവും വഷളാകുകയാണ്. അവിടെ ന്യൂനപക്ഷങ്ങളുടെ എണ്ണം അടിക്കടി കുറയുകയാണ്. ചെറിയ തെറ്റുകൾക്കും പോലും ന്യൂനപക്ഷങ്ങൾ കടുത്ത ശിക്ഷയാണ് ഏറ്റുവാങ്ങുന്നത്. വധശിക്ഷ നൽകുന്ന സംഭവങ്ങൾ പോലുമുണ്ട്. അവിടെ വ്യക്തിപരമായ ശത്രുതകൾ തീർക്കുന്നതിനാണ് ദൈവനിന്ദ പോലുള്ള കുറ്റങ്ങൾ ഉപയോഗിക്കുന്നത്. കുറ്റാരോപിതരെ അതിവേഗം കുറ്റക്കാരായി വിധിക്കുകയാണ്. നീതിപൂർവകമായ വിചാരണ പോലും ഉറപ്പാക്കാതെയാണ് ഇതെന്നും നിർമല സീതാരാമൻ പറഞ്ഞു. 'ഇന്ത്യയെ രണ്ടായി വിഭജിച്ച് രൂപം കൊടുത്ത രാജ്യമാണ് പാക്കിസ്ഥാൻ. അവർ ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിച്ചെങ്കിലും ന്യൂനപക്ഷങ്ങളുടെ സമ്പൂർണ സംരക്ഷണം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇന്ന് എന്താണ് അവസ്ഥ? അവിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു, നിർമല സീതാരാമൻ പറഞ്ഞു.

ഇന്ത്യയിൽ മുസ്ലീങ്ങളെ ഇരകളാക്കുന്നില്ല

ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് നേരേ ആക്രമണം നടക്കുന്നുവെന്നും അതവരെ ബാധിക്കുന്നുവെന്നും ഉള്ളത് തെറ്റായ പ്രസ്താവനയാണ്. ഇതെല്ലാം ഭാരത സർക്കാരിന്റെ കുഴപ്പമാണെങ്കിൽ, 2014 മുതൽ ഇന്നു വരെ മുസ്ലിം ജനസംഖ്യ ഇടിഞ്ഞിട്ടുണ്ടോ? ഏതെങ്കിലും പ്രത്യേക സമുദായത്തിൽ മരണനിരക്ക് ക്രമാതീതമായി കൂടുതലായിരുന്നോ? ഇത്തരം റിപ്പോർട്ടുകൾ എഴുതി വിടുന്നവരെ ഞാൻ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. ഞാൻ അവർക്ക് ആതിഥേയത്വം വഹിക്കാം. അവർ ഇന്ത്യയിലേക്ക് വന്ന് അവരുടെ നിലപാട് വ്യക്തമാക്കട്ടെ, നിർമല സീതാരാമൻ പറഞ്ഞു.