- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വീഡനിലും ഡെന്മാർക്കിലും ഖുറാൻ കത്തിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന് എതിരെ മുസ്ലിം രാജ്യങ്ങളിൽ വൻപ്രതിഷേധങ്ങൾ; സ്വീഡന്റെ പ്രത്യേക പ്രതിനിധി പദവി റദ്ദാക്കി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ; ഒഐസിയെ ചൊടിപ്പിച്ചത് മതനിന്ദയ്ക്ക് സ്വീഡിഷ് സർക്കാർ കൂട്ടുനിന്നത്; ഇറാക്കിലെ പ്രതിഷേധങ്ങൾ അക്രമാസക്തമായി
സ്റ്റോക്‌ഹോം: സ്വീഡനിൽ, വിശുദ്ധ ഗ്രന്ഥമായ ഖുറാൻ പരസ്യമായി കത്തിച്ചതിന് എതിരെ നിരവധി മുസ്ലിം രാജ്യങ്ങളിൽ വൻപ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. സ്വീഡനിലെ പ്രത്യേക പ്രതിനിധിയുടെ പദവി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ(ഒഐസി) റദ്ദാക്കി. ഖുറാന്റെയും, ഇസ്ലാമിക ചിഹ്നങ്ങളുടെയും പവിത്രത ഹനിക്കും വിധമുള്ള പ്രവർത്തനങ്ങൾക്ക് സ്വീഡൻ കൂട്ടുനിന്നതാണ് ഒഐസിയെ ചൊടിപ്പിച്ചത്. 57 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ അടങ്ങുന്നതാണ് ഒഐസി. സ്റ്റോക്ക്‌ഹോമിൽ അടുത്തിടെ നടന്ന പൊതുപ്രകടനങ്ങളിലെല്ലാം ഖുറാൻ കത്തിക്കുകയോ, വികൃതമാക്കുകയോ ചെയ്തിരുന്നു.
സ്‌റ്റോക്ക്‌ഹോമിലെ ഇറാഖി ഏംബസിക്ക് മുന്നിൽ ഖുറാൻ കത്തിക്കുമെന്ന് സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ ഒരു ഇറാഖി പ്രഖ്യാപിച്ചതും വിവാദമായി. അതേസമയം, ഇറാഖിൽ, പ്രതിഷേധക്കാർ സ്വീഡിഷ് ഏംബസിയിലേക്ക് തള്ളിക്കയറി. ഇതിന് പിന്നാലെ ഇറാഖി സർക്കാർ സ്വീഡനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തു.
ജൂലൈ രണ്ടിന് ചേർന്ന ഒഐസിയുടെ പ്രവർത്തക സമിതിയോഗമാണ് പ്രത്യേക പദവി റദ്ദാക്കാൻ ശുപാർശ ചെയ്തത്. വിശുദ്ധ ഖുറാൻ കത്തിക്കുന്ന ഏതുരാജ്യത്തെയും പ്രത്യേക പ്രതിനിധി പദവി എടുത്തുമാറ്റണമെന്ന് സമിതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സ്വീഡിഷ് വിദേശകാര്യ മന്ത്രിയെ ഈ വിവരം കത്ത് മൂലം അറിയിക്കുകയും ചെയ്തു.
അതിനിടെ, ഡെന്മാർക്കിൽ, ഖുറാൻ കത്തിച്ചതിന് എതിരെ ഇറാക്കിൽ നടന്ന ചില പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയു ചെയ്തു. ബാഗ്ദാദിലെ ഗ്രീൻ സോണിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഗ്രീൻ സോണിലെ ഡാനിഷ് ഏംബസിക്ക് നേരേയായിരുന്നു പ്രതിഷേധ പ്രകടനം. ഖുറാൻ കത്തിച്ച സംഭവത്തെ ഡെന്മാർക്കിലെ വിദേശകാര്യ മന്ത്രാലയം അപലപിച്ചിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളും, മതചിഹ്നങ്ങളും കത്തിച്ചത് നാണം കെട്ട നടപടിയാണെന്നും, അന്യ മതങ്ങളോടുള്ള അനാദരവാണെന്നും മന്ത്രാലയം പറഞ്ഞു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കേണ്ടതാണെന്നും ഡെന്മാർക്ക് വിദേശകാര്യ മന്ത്രാലയം കുറിപ്പിൽ പറഞ്ഞു.
മിക്ക രാജ്യങ്ങളിലും മതനിന്ദയ്ക്കെതിരെ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ സ്വീഡനിലും ഡെന്മാർക്കിലും ഇത്തരം നിയമങ്ങൾ പ്രാബല്യത്തിലില്ല. ഈ രാജ്യങ്ങളിൽ വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടില്ല. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ അപലപിച്ച് സ്വീഡിഷ് സർക്കാരും രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിക് പ്രവൃത്തിയാണിതെന്നാണ് സ്വീഡിഷ് സർക്കാർ പ്രതികരിച്ചത്
മറുനാടന് മലയാളി ബ്യൂറോ