- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെലവ് ചുരുക്കാൻ നാട്ടുകാരോട് സദാ ഉപദേശം; സ്വകാര്യ ജെറ്റിൽ ഉലകം ചുറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇപ്പണി നടപ്പില്ലെന്ന് പ്രതിപക്ഷം; കഴിഞ്ഞ വർഷം ഒരാഴ്ചയ്ക്കിടെ റിഷി സുനക് വിമാനത്തിൽ പറക്കാൻ 5 ലക്ഷം യൂറോ ചെലവഴിച്ചെന്ന് റിപ്പോർട്ട്; കൺസർവേറ്റീവ് പാർട്ടിയെ കുരുക്കിലാക്കി വിവാദം
ലണ്ടൻ: നികുതി ദായകരുടെ പണമിട്ട് കളിക്കുകയാണോ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്? കഴിഞ്ഞ വർഷം ഒരാഴ്ചയ്ക്കിടെ സ്വകാര്യ ജെറ്റുകളിലെ യാത്രയ്ക്കായി 5 ലക്ഷം യൂറോ റിഷി ചെലവഴിച്ചെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി27) പങ്കെടുക്കാൻ സുനക് സ്വകാര്യ ജെറ്റിൽ പറന്നതിനു മാത്രം 1.08 ലക്ഷം യൂറോ സർക്കാർ ചെലവഴിച്ചു. നവംബർ ആറിന് പോയ പ്രധാനമന്ത്രി പിറ്റേന്ന് തിരിച്ചെത്തിയിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷ ഇന്തൊനേഷ്യയിലെ ബാലിയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ 3.40 ലക്ഷം യൂറോയെും ചെലവഴിച്ചു. ഡിസംബറിൽ, ലാറ്റ്‌വിയയിലും, എസ്‌റ്റോണിയയിലും സന്ദർശിച്ചതിന് 62,498 യൂറോയും വ്യക്തിഗത ചെലവായി 2500 യൂറോയും ചെലവഴിച്ചതായും ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. താമസം, ഭക്ഷണം, വിസ തുടങ്ങിയ മറ്റുചെലവുകൾക്കായി 20,000 യൂറോയും ചെലവഴിച്ചു. പ്രധാനമന്ത്രിക്ക് ഒപ്പം സഞ്ചരിച്ച ഉദ്യോഗസ്ഥരുടെ ചെലവുകൾ ഈ കണക്കിൽ ഉൾപ്പെടുന്നില്ല. യുകെ സർക്കാരിന് വേണ്ടി ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ പറത്തുന്ന ടൈറ്റൻ എയർവെയ്‌സിന്റെ എയർ ബസ് എ-321 ലാണ് റിഷി സുനക് ഈ യാത്രകളെല്ലാം നടത്തിയതെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ജീവിത ചെലവേറിയതോടെ ജനങ്ങൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ, പ്രധാനമന്ത്രി നികുതിദായകരുടെ പണം പാഴാക്കിയത് ഞെട്ടിക്കുന്നതാണെന്ന് ലിബറൽ ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തി. അതേസമയം, ലോകനേതാക്കളുമായുള്ള നിർണായക യോഗങ്ങൾക്കാണ് റിഷി സുനക് യാത്ര ചെയ്തതെന്നാണ് ഡൗണിങ് സ്ട്രീറ്റിന്റെ വിശദീകരണം. ഉച്ചകോടികളിലും, ഉഭയകക്ഷി സന്ദർശനങ്ങളിവും, സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ചുമതലയിൽ പെടുന്നതാണെന്നും വിശദീകരണത്തിൽ പറയുന്നു.
റിഷി സുനക്കിന്റെ ഭാര്യ അക്ഷതാ മൂർത്തിക്ക് പരോക്ഷമായി നേട്ടമുണ്ടാക്കാൻ കഴിയുന്ന സമീപകാല ബജറ്റ് നയത്തിന്റെ പേരിലും പ്രതിപക്ഷം വിമർശനം ഉയർത്തുന്നുണ്ട്. ശിശുസംരക്ഷണ സ്ഥാപനമായ കോറു കിഡ്‌സ് ലിമിറ്റഡിൽ അക്ഷത മൂർത്തിക്കും ഓഹരി പങ്കാളിത്തമുണ്ട്. ഈ മാസാദ്യം ബജറ്റിൽ കൊണ്ടുവന്ന പൈലറ്റ് പദ്ധതി അക്ഷതയുടെ സ്ഥാപനത്തിന് നേട്ടമുണ്ടാക്കാൻ കൊണ്ടുവന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ