- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് സർക്കാറിനും ജനതയ്ക്കും മുന്നിൽ ഉള്ളത് കൂരിരുട്ടു മാത്രം! ഇന്ധനക്ഷാമത്തെ തുടർന്ന് രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങി; ഇസ്ലാമാബാദ്, കറാച്ചി, ലഹോർ തുടങ്ങിയ നഗരങ്ങളെല്ലാം ഇരുട്ടിൽ; വിലക്കയറ്റം മൂലം ജനങ്ങൾ വലയുന്നതിനിടെ ഊർജ്ജക്ഷാമവും കൊടുമുടിയിൽ; ധാന്യമാവിനായി തെരുവിൽ അടികൂടുന്ന അവസ്ഥ; സാമ്പത്തിക മാന്ദ്യം ശക്തമാകവേ ഐഎംഎഫുമായും പാക് ചർച്ച
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിന്ധിയെ അഭിമുഖീകരിക്കുന്ന പാക്കിസ്ഥാൻ മറ്റൊരു ശ്രീലങ്കയാകുന്ന അവസ്ഥയിൽ. സർക്കാറിന് പ്രവർത്തിക്കാൻ പണം പോലുമില്ലാത്ത ദുരവസ്ഥയിലാണ പാക്കിസ്ഥാൻ. അതിശൈത്യകാലമായ ഇപ്പോൾ വൈദ്യുതിയും ഇല്ലാത്ത അവസ്ഥയാണ് പാക്കിസ്ഥാനിൽ. വിലക്കയറ്റം കൊണ്ട് അവശ്യസാധനങ്ങളുടെ ലഭ്യതയും കുറഞ്ഞ് ആകെ ദുരിതത്തിലായ അവസ്ഥയിലാണ് പാക് ജനത. ഇതിനിടെയാണ് ഊർജ്ജ ക്ഷാമവും രൂക്ഷമായത്.
ഊർജ്ജപ്രതിസന്ധി ശക്തമാകവേ ഇന്ന് പാക്കിസ്ഥാനിൽ രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങി. ദേശീയ ഗ്രിഡിലെ തകർച്ചയെത്തുടർന്ന് തിങ്കളാഴ്‌ച്ച പുലർച്ചെ പാക്കിസ്ഥാനിൽ രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങിയതായി ഫെഡറൽ ഊർജ മന്ത്രാലയം അറിയിച്ചു. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ന് രാവിലെ 7:34ന് ആണ് നാഷണൽ ഗ്രിഡിൽ തകർച്ച ഉണ്ടായത്. സിസ്റ്റം പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും വൈദ്യുതി മുടങ്ങി. തിങ്കളാഴ്‌ച്ച രാവിലെ സിസ്റ്റം ഓണാക്കിയപ്പോൾ രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ജംഷോറോ, ദാദു നഗരങ്ങൾക്കിടയിൽ ഒരു ഫ്രീക്വൻസി വ്യതിയാനം റിപ്പോർട്ട് ചെയ്യപ്പെട്ടതായി വൈദ്യുതി മന്ത്രി ഖുറം ദസ്തഗീർ ജിയോ ടിവി ചാനലിനോട് പറഞ്ഞു. ''വോൾട്ടേജിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി, സംവിധാനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടി. ഇതൊരു വലിയ പ്രതിസന്ധിയല്ല,'' ദസ്തഗീർ പറഞ്ഞു. രാജ്യത്തെ ചില ഗ്രിഡുകൾ ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ ഊർജ നിലയങ്ങളിൽ അധികവും ഡീസലിൽ ആണ് പ്രവർത്തിക്കുന്നത്. ഇന്ധനക്ഷാമമാണ് നിലയങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കിയതെന്ന് സൂചനയുണ്ട്.
വിലക്കയറ്റം മൂലം പാക് ജനങ്ങൾ വലയുന്നതിനിടെയാണ് വൈദ്യുത പ്രതിസന്ധിയുടെ വരവ്. പാക്കിസ്ഥാൻ സർക്കാർ പൊതുപ്രവർത്തകരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഫാക്ടറികളിലേക്കുള്ള ഷോപ്പിങ് മാളുകൾ നേരത്തേ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനായി ഖത്തറുമായുള്ള ചർച്ചയിലാണ് പാക് സർക്കാർ.
ആട്ടമാവിനായി തിരക്കിൽ പെട്ട് മരണവും!
പട്ടിണിയും പാക്കിസ്ഥാനിൽ രൂക്ഷമാണ്. സബ്സിഡി നിരക്കിൽ സർക്കാർ നൽകുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് പൊലിഞ്ഞത് ഒരു ജീവൻ പൊലിഞ്ഞ അവസ്ഥയും പാക്കിസ്ഥാനിലുണ്ടായി. പരിക്കേറ്റത് ഒരു ചെറിയ പെൺകുട്ടി ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്ക്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ധാന്യമാവ് വാങ്ങാൻ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന ജനങ്ങൾ. പ്രതിസന്ധി രൂക്ഷമായതോടെ ധാന്യമാവിന്റെ പാക്കറ്റുകൾ നേരിട്ട് ജനങ്ങൾക്ക് എത്തിച്ച് നൽകുന്ന സർക്കാർ. ട്രക്കുകളിൽ എത്തിക്കുന്നതോ നൂറോ ഇരുനൂറോ പാക്കറ്റുകൾ മാത്രവും. പാക്കിസ്ഥാനിൽ നിന്നുള്ളതാണ് ഈ കാഴ്ചകൾ.
രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കൊപ്പം കഴിഞ്ഞവർഷത്തെ പ്രളയവും പ്രശ്നങ്ങൾ വിതച്ച പാക്കിസ്ഥാനിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമാകുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. നാല്പത് രൂപയ്ക്ക് ലഭിച്ചിരുന്ന ആട്ടയ്ക്ക് 150 രൂപവരെയാണ് വില വർധിച്ചത്. പഞ്ചസാരയും അരിയും ഭക്ഷ്യഎണ്ണയും ഉൾപ്പെടെ എല്ലാത്തിനും പൊള്ളുന്ന വിലയാണ്. കുറഞ്ഞ വിലയ്ക്ക് സർക്കാർ സാധനങ്ങൾ വിതരണം ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾക്ക് അയവ് വന്നിട്ടില്ല.
10 കിലോയുടെ ധാന്യമാവിന്റെ ചാക്ക് 650 പാക്കിസ്ഥാനി രൂപ (ഒരു പാക്കിസ്ഥാനി രൂപ = 0.36 ഇന്ത്യൻ രൂപ)യ്ക്ക് നൽകുന്നെന്നറിഞ്ഞാണ് മിർപുർഖാൻസിൽ ആളുകളെത്തിയത്. കമ്മിഷണർ ഓഫീസിനുസമീപം ട്രക്കിലെത്തിച്ച 200 ചാക്ക് ആട്ടയാണ് വിതരണം ചെയ്തത്. ഇത് കിട്ടാനായി ആളുകൾ തിക്കിത്തിരക്കിയതാണ് ദുരന്തമുണ്ടാക്കിയത്. സിന്ധ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക സർക്കാർ ഇതുപോലെ കുറഞ്ഞവിലയ്ക്ക് ധാന്യമാവ് വാഹനങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ആൾക്കൂട്ടം തിക്കിത്തിരക്കുകയാണ്. വിലക്കയറ്റം രൂക്ഷമായതിനാൽ കിലോയ്ക്ക് 140-ഉം 160-ഉം രൂപയ്ക്കാണ് കറാച്ചിയിൽ ധാന്യമാവ് വിൽക്കുന്നത്. റാവൽപിണ്ടിയിൽ ഒരു കിലോ ധാന്യമാവിന് 150 പാക്കിസ്ഥാനി രൂപയാണ്. ഇസ്ലാമാബാദിലും പെഷാവറിലും 1,500 രൂപയ്ക്കാണ് 10 കിലോഗ്രാമിന്റെ ഒരു ചാക്ക് മാവ് വിറ്റത്.
കാർഷിക മേഖലയെ തകർത്തെറിഞ്ഞ പ്രളയം വലിയ പ്രതിസന്ധിയാണ് പാക്കിസ്ഥാനിൽ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം നീണ്ടുപോകുന്ന യുക്രൈൻ യുദ്ധവും അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. എന്നാൽ എന്നാൽ ഭക്ഷ്യക്ഷാമം മാത്രമാണോ പാക്കിസ്ഥാന്റെ പ്രശ്നം? പണപ്പെരുപ്പം കൊണ്ട് വലയുന്ന പാക്കിസ്ഥാനിൽ ഫോസിൽ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിനും നിയന്ത്രണം വെയ്ക്കാൻ ഒരുങ്ങുകയാണ് സർക്കാരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 24.5 ശതമാനമാണ് പാക്കിസ്ഥാനിൽ പണപ്പെരുപ്പം. ഡോളറുമായുള്ള പാക്കിസ്ഥാൻ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം രാഷ്ട്രീയ അസ്ഥിരതയും കൂടിയായപ്പോൾ വലിയ പ്രതിസന്ധിയിലാണ് പാക്കിസ്ഥാൻ.
സാമ്പത്തിക മാന്ദ്യത്തിൽ പരിഹാരം തേടി ഐഎംഎഫുമായി ചർച്ച
സാമ്പത്തിക മാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഐ.എം.എഫുമായി ഓൺലൈൻ ചർച്ചയ്ക്കൊരുങ്ങി പാക്കിസ്ഥാൻ. ചർച്ചകൾ അടുത്ത ആഴ്ചയിൽ ആരംഭിച്ചേക്കും. ഒമ്പതാമത് അവലോകന യോഗം പൂർത്തിയായതിന് ശേഷം പാക്കിസ്ഥാൻ മോണിറ്ററി ബോഡിക്ക് ഔദ്യോഗിക ഇ-മെയിൽ അയച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷമാണ് മെയിൽ അയച്ചതെന്ന് സാമ്പത്തിക വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഐ.എം.എഫ് മിഷൻ ചീഫ് നഥാൻ പോർട്ടർ വരാനിരിക്കുന്ന ചർച്ചകളുടെ രൂപരേഖ സർക്കാരുമായി പങ്കു വച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഓൺലൈൻ ചർച്ചകൾ ഇന്ന് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഔദ്യോഗിക ചർച്ചയാണോ അനൗദ്യോഗിക ചർച്ചയാണോ നടക്കുകയെന്നത് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടര മാസത്തിലധികമായി അനൗദ്യോഗിക ചർച്ചകൾ നടന്നു വരികയാണ്. വരാനിരിക്കുന്നത് ഔദ്യോഗിക ചർച്ചയിൽ ഉൾപ്പെടുമെങ്കിൽ പാക്കിസ്ഥാന് ഇത് മുന്നോട്ടുള്ള കുതിപ്പാവും. വരും ദിവസങ്ങളിൽ ഐ.എം.എഫുമായി ധാരണയിലെത്തിയില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും പാക്കിസ്ഥാൻ എത്തുക. കേന്ദ്ര ബാങ്കിന്റെ വിദേശ നാണ്യത്തിലെ കുത്തനെയുള്ള ഇടിവാണ് പാക്കിസ്ഥാൻ അടി പതറാൻ കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമത്താൽ സാധാരണക്കാർ പ്രതിസന്ധിയിലാണ്.
ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്നാണ് ഐ.എം.എഫ് പാക്കിസ്ഥാനെ വിശേഷിപ്പിച്ചത്. ലോകബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പാക്കിസ്ഥാന്റെ ഈ വർഷത്തെ സാമ്പത്തിക വളർച്ച 1.7 ശതമാനം മാത്രമാണുള്ളത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഐ.എം.എഫിന്റെ 24-ാം വായ്പ ഗഡു അനുവദിക്കാൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സഹായം നൽകിക്കൊണ്ടിരുന്ന സൗദി അറേബ്യയും യു.എ.ഇയും പാക്കിസ്ഥാനെ കൈയയച്ച് സഹായിക്കുന്നതിനുള്ള വിമുഖത അറിയിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ പോലെ സഹായം നൽകാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. നയത്തിൽ മാറ്റം വരുത്തി പരിഷ്‌കരണം നടപ്പാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി മുസ്‌ളിം രാജ്യങ്ങൾ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും സൈനികമേധാവി ജനറൽ അസിം മുനീറിനും സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം പാക്കിസ്ഥാനിൽ ജനങ്ങൾ കൂടുതൽ പ്രതിസന്ധികൾ നേരിടുന്നത് സ്ഥിരം ചർച്ചാ വിഷയമാണ്. ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ സബ്സിഡിയുള്ള ധാന്യങ്ങൾ കുറയുന്നതിനിടയാക്കിയിരുന്നു. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി മൂന്നിലധികം തവണ ഇതിനോടകം ധാന്യ വില കുതിച്ചുയർന്നു കഴിഞ്ഞു. ഇസ്ലാമാബാദ് പൊലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിനായി എത്തിയ ഉദ്യോഗാർത്ഥികൾ നിലത്തിരുന്ന് പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ പാക് പ്രതിസന്ധി വീണ്ടും ചർച്ചാ വിഷയമായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക വീണുപോയത് അടുത്തകാലത്താണ്. സമാന അവസ്ഥയിലൂടെയാണ് പാക്കിസ്ഥാൻ കടന്നു പോകുന്നത്. ഒപ്പം കഴിഞ്ഞവർഷമുണ്ടായ മഹാപ്രളയവും പാക്കിസ്ഥാന്റെ സാമ്പത്തികവളർച്ചയെ ബാധിച്ചു. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രളയം മൂലം രാജ്യത്തുണ്ടായത്. 23 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ പണപ്പെരുപ്പം. ഇതു തുടരുമെന്നാണ് പ്രവചനം. 55,500 കോടി രൂപയേ പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിലുള്ളൂ. ഒരുമാസത്തെ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനേ ഇതു തികയൂ. 2023-ലെ കണക്ക് പ്രകാരം 273 ബില്യൺ ആണ് രാജ്യത്തിന്റെ പൊതുകടം. ദിനംപ്രതി ഇതിൽ വർധന രേഖപ്പെടുത്തുന്നുണ്ട്. വർധിച്ചുവരുന്ന കടബാധ്യത, ഊർജ ഇറക്കുമതിയിലെ താങ്ങാനാകാത്ത ചെലവ്, വിദേശ കരുതൽശേഖരത്തിലെ കുറവ്, നാണയപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, ജിഡിപി വളർച്ചയിലെ ഇടിവ് എന്നിവയെല്ലാം അവർക്ക് വിനയാകുകയാണ്.
മറുനാടന് ഡെസ്ക്