ന്യൂഡൽഹി: ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിരന്തരം പരാജയപ്പെട്ട് മടുത്തുവെന്നും ഇനി സമാധാനത്തിനായി പരിശ്രമിക്കുമെന്നുമുള്ള പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന പാക്കിസ്ഥാനിൽ വൻ വിവാദമായി. തെരഞ്ഞെടുപ്പു അടുത്തതോടെ മുതലെടുപ്പുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയും രംഗത്തുവന്നതോടെ ഷബഹാസ് ഷെരീഫ് മലക്കം മറിഞ്ഞു. കശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ചയെന്ന് വിശദീകരണകുറിപ്പ് പുറത്തിറക്കി പാക് പ്രധാനമന്ത്രി.

ചർച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാൻ ഖാന്റെ പാർട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നത്. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചർച്ചക്ക് താതപര്യം പ്രകടിപ്പിച്ചത്.പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാക്കിസ്ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്- വിശദീകരണകുറിപ്പിൽ പറയുന്നു.

പണവും സംവിധാനങ്ങളും പാഴാകാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാക്കിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്.യുദ്ധങ്ങളിൽനിന്ന് പാക്കിസ്ഥാൻ പാഠം പഠിച്ചു. ആണവായുധ ശക്തിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു സംഘർഷം ഉണ്ടായാൽ എന്താകും സംഭവിക്കുക ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രസ്താവന തിരുത്തി അദ്ദേഹം വിശദീകരണകുറിപ്പ് പുറത്തിറക്കിയത്

യു.എ.ഇ സന്ദർശനത്തിനിടെ അൽ അറബിയ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി ഇന്ത്യൻ സൗഹൃദം ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും ആണവശക്തികളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ബാക്കിയുണ്ടാവുക. കശ്മീരിൽ നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങൾ അനുദിനം നടക്കുന്നുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയും അർഥവത്തായ ചർച്ചകൾക്ക് തങ്ങൾ തയാറാണെന്ന സന്ദേശം ലോകത്തിന് നൽകുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം കനത്ത സാമ്പത്തിക തകർച്ചയിലാണ് പാക്കിസ്ഥാൻ. അഫ്ഘാൻ അതിർത്തിയിൽ അടുത്തിടെ ശക്തമായ ഭീകര സംഘങ്ങൾ ഒട്ടനവധി പാക് സൈനികരെ കൊലപ്പെടുത്തിയിരുന്നു. പാക് രാഷ്ട്രീയം ആടിയുലയുകയുമാണ്. ഭീകരതയ്ക്കുള്ള പരസ്യ പിന്തുരുന്ന അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇല്ലെന്ന നിലപാട് പലവട്ടം ഇന്ത്യ അവർത്തിച്ചിട്ടുണ്ട്. കശ്മീർ ആഭ്യന്തര വിഷയം ആണെന്നും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ചർച്ചകൾ സാധ്യമല്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാക്കിസ്ഥാൻ നേരിടുന്നത്. ഭക്ഷ്യക്ഷാമം അടക്കം രൂക്ഷമാണ്. ഗോതമ്പ് മാവിന്റെ ക്ഷാമത്താൽ പൊറുതിമുട്ടുകയാണ്. പാക്കിസ്ഥാനിൽ കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കമാണ് കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ എത്തിച്ചത്. കാർഷിക വിളകൾ നശിച്ചതോടെ ഗോതമ്പ് കയറ്റുമതി ചെയ്തിരുന്ന പാക്കിസ്ഥാൻ ഇറക്കുമതിക്ക് വേണ്ടി രാജ്യങ്ങളോട് യാചിക്കേണ്ട അവസ്ഥയിലെത്തി. എന്നാൽ ജനം ഭക്ഷ്യ വിലക്കയറ്റത്തിനും, ക്ഷാമത്തിനും ഉത്തരവാദിയായി ഭരണകൂടത്തെയാണ് പഴിക്കുന്നത്. സർക്കാർ തങ്ങളുടെ ജീവിതം ദുസഹമാക്കുകയാണെന്ന് അവർ ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പാക്കിസ്ഥാനികളുടെ വീഡിയോകളിലെല്ലാം സർക്കാരിനോടുള്ള ദേഷ്യവും പരാതികളും മുഴച്ച് നിൽക്കുന്നുമുണ്ട്.

തീവ്രവാദ സംഘടനകളും പാക്കിസ്ഥാനെ തന്നെ തിരിഞ്ഞു കൊത്തുന്ന അവസ്ഥയാണുള്ളത്. തെഹ്രീക് താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, ഗുൽ ബഹാദൂർ ഗ്രൂപ്പ് തുടങ്ങിയ ഭീകരസംഘടനകൾ സർക്കാരിന്റെയും, ചാരസംഘടനയുടെയും ചൊൽപ്പടിക്ക് നിൽക്കാതെ വളരുകയായിരുന്നു. ഇവർ ഇപ്പോൾ രാജ്യത്തിനുള്ളിൽ തന്നെ യഥേഷ്ടം ഭീകരത അഴിച്ചുവിടുകയാണ്. സാധാരണക്കാരായ പൗരന്മാർ തൊട്ട് രാഷ്ട്രീയ നേതാക്കളടക്കം ഭീകരരുടെ തോക്കിനും, ചാവേർ ആക്രമണങ്ങൾക്കും ഇരയാകുകയാണ്. അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാനും പാക് ഭരണകൂടത്തിനോടു വിധേയത്വം കാണിക്കുന്നില്ല. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകരപ്രവർത്തനം അടിച്ചമർത്തണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ തെക്കൻ വസീറിസ്ഥാൻ ജില്ലയിൽ ആയിരക്കണക്കിന് ആളുകൾ അടുത്തിടെ പ്രതിഷേധിച്ചിരുന്നു.

നേരത്തെ നവംബറിൽ മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരസ്യമായി ഇന്ത്യയുടെ വിദേശനയത്തെ പുകഴ്‌ത്തിയിരുന്നു. യുഎസിന്റെ എതിർപ്പ് അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും ധൈര്യവും അടക്കം ഇമ്രാൻ പരാമർശിച്ചിരുന്നു. ഇപ്പോൾ ഇമ്രാനെ പോലെ തന്നെ ഷഹബാസും നരേന്ദ്ര മോദിക്ക് കൈകൊടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഉണ്ടായത്.