ബെയ്ജിങ്: നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യൻ സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഷി ചിൻപിങ് യാത്രയ്‌ക്കൊരുങ്ങുന്നത്. മാർച്ച് 20 മുതൽ 22 വരെയാണ് സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യ - ചൈന സമഗ്ര പങ്കാളിത്തം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും തന്ത്രപ്രധാനമായ വിഷയങ്ങളിലും ചർച്ചയുണ്ടാകുമെന്നാണ് സൂചന. സുപ്രധാന ഉഭയകക്ഷി കരാറുകളിൽ ഇരുവരും ഒപ്പു വച്ചേക്കുമെന്നും സൂചനയുണ്ട്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോഴാണ് ഷി ചിൻപിങ്ങിന്റെ സന്ദർശനമെന്നത് ശ്രദ്ധേയം. റഷ്യ - യുക്രെയ്ൻ വിഷയത്തിൽ പക്ഷപാതമില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്ന് ചൈന അവകാശപ്പെടുമ്പോഴും അത് റഷ്യയെ പിന്തുണയ്ക്കുന്നതാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ വേണമെന്നും പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും ചൈന പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുളെബയെ ഫോണിൽ അറിയിച്ചിരുന്നു.

2019 ലാണ് ഷി അവസാനമായി റഷ്യയിലെത്തിയതെങ്കിലും കഴിഞ്ഞ കൊല്ലം ബീജിങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലും ഉസ്ബെക്കിസ്ഥാനിൽ സെപ്റ്റംബറിൽ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തിലും ഇരുരാഷ്ട്രത്തലവന്മാരും കണ്ടുമുട്ടിയിരുന്നു.

റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള സമഗ്രപങ്കാളിത്തം വർധിപ്പിക്കുന്നത് സംബന്ധിച്ചും തന്ത്രപ്രധാനമായ സഹവർത്തിത്വത്തെ കുറിച്ചും പുട്ടിനും ഷി ജിൻപിങ്ങും ചർച്ച നടത്തുമെന്നാണ് ക്രെംലിൻ പ്രസിദ്ധീകരിച്ച പ്രസ്താവന നൽകുന്ന സൂചന. സുപ്രധാനമായ ഉഭയകക്ഷി രേഖകൾ ഒപ്പുവെച്ചേക്കുമെന്നും സൂചനയുണ്ട്.

ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച 12-പോയന്റ് പൊസിഷൻ പേപ്പറിൽ എല്ലാ രാജ്യങ്ങളുടേയും പ്രാദേശിക പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുമായി ഷി ജിൻപിങ് സംഭാഷണം നടത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നു.

എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റഷ്യയും യുക്രൈനും തമ്മിൽ സമാധാനചർച്ചകൾ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

എല്ലാവരും ശാന്തരാകുമെന്നും പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും സമാധാനചർച്ചകൾ പുനരാരംഭിക്കുമെന്നും ചൈന പ്രത്യാശിക്കുന്നതായി യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുളെബയമായി നടത്തിയ ഫോൺസംഭാഷണത്തിൽ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ് പറഞ്ഞു.