ബെംഗളൂരു: ലൈംഗിക പീഡന ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്ജ്വൽ രേവണ്ണയോട് അന്വേഷണത്തിൽ സഹകരിക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ച് ജെ.ഡി.എസ്. അധ്യക്ഷനും കർണാടക മുൻ മുഖ്യന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. കുടുംബത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ പ്രജ്വൽ രേവണ്ണ പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകണമെന്ന് കുമാരസ്വാമി അഭ്യർത്ഥിച്ചു.

കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാൻ പ്രജ്വൽ രേവണ്ണ പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകേണ്ടത് നിർണായകമാണെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ബെംഗളൂരുവിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.

ഏതെങ്കിലും തരത്തിൽ പ്രജ്ജ്വൽ രേവണ്ണയ്ക്ക് മുത്തശ്ശൻ എച്ച്.ഡി. ദേവഗൗഡയോടും പാർട്ടി പ്രവർത്തകരോടും ആദരവുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തിരിച്ചെത്തി അന്വേഷണവുമായി സഹകരിക്കണം- കുമാരസ്വാമി പറഞ്ഞു.

വിഷയം അറിഞ്ഞതിന് പിന്നാലെ എച്ച്.ഡി. ദേവഗൗഡ അസ്വസ്ഥനായിരുന്നുവെന്നും രാജ്യസഭയിൽ നിന്ന് രാജിവെക്കാൻ ഒരുങ്ങിയെന്നും പറഞ്ഞ കുമാരസ്വാമി തങ്ങൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

പേരക്കുട്ടിക്കെതിരായ കുറ്റാരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ എതിർക്കില്ലെന്ന് എച്ച്.ഡി. ദേവഗൗഡ പറഞ്ഞിരുന്നു. അതേസമയം തന്റെ മകനും ജെ.ഡി (എസ്) എംഎ‍ൽഎയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരായ ലൈംഗികപീഡന കേസുകളും തട്ടിക്കൊണ്ടുപോകൽ കേസുകളും കെട്ടിച്ചമച്ചതാണെന്നും ദേവഗൗഡ പറഞ്ഞു. കോടതിയിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി തകർക്കാനും ഗൂഢാലോചന നടന്നു. ഇപ്പോൾ ആരുടേയും പേര് പറയുന്നില്ല. ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നില്ലെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തന്റെ അഭ്യുദയകാംക്ഷികൾക്കും പാർട്ടി പ്രവർത്തകർക്കും എവിടെ നിന്നും തനിക്ക് ആശംസകൾ നേരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ഉയർന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചിരുന്നു. ചില സ്ത്രീകൾ പരാതി നൽകിയതോടെ ഏപ്രിൽ 27-നാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. ഹാസൻ മണ്ഡലത്തിലെ ബിജെപി-ജെ.ഡി (എസ്) സഖ്യത്തിന്റെ സ്ഥാനാർത്ഥിയാണ് പ്രജ്ജ്വൽ രേവണ്ണ.