ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മി പാർട്ടിയെ വെട്ടിലാക്കി കൊണ്ടാണ് സ്വാതി മാലിവാളിന്റെ ആരോപണം. ഈ വിഷയത്തില് ഇതുവരെ മനം പുലർത്തിയ കെജ്രിവാൾ സ്വയം പ്രതിരോധത്തിന്റെ മാർഗ്ഗങ്ങൾ തേടുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്നും മർദ്ദനം നേരിട്ടുവെന്ന് ആരോപിക്കപ്പെട്ട ദിവസത്തെ ഒരു വീഡിയോ ആംആദ്മി പാാർട്ടി വൃത്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനോട് പ്രതിരിച്ചു സ്വാതി തന്നെ ഇപ്പോൾ രംഗത്തുവന്നു. ഈ വീഡിയോക്കൊപ്പം കെജ്രിവാളിനെതിരെ പരോക്ഷമായി വിമർശനവും സ്വാതി ഉന്നയിക്കുന്നു.

വസതി വീട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കെജ്രിവാളിന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വാതി മാലിവാൾ തർക്കിക്കുന്നതടക്കം വീഡിയോയിൽ കേൾക്കാം. മുഖം രക്ഷിക്കാനായി പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നിൽ കെജ്രിവാൾ ആണെന്ന പരോക്ഷ സൂചനയും സ്വാതി മാലിവാളിന്റെ എക്സ് കുറിപ്പിലുണ്ട്.

'എപ്പോഴത്തേയും പോലെ ഇപ്രാവശ്യവും പൊളിറ്റിക്കൽ ഹിറ്റ്മാൻ മുഖം രക്ഷിക്കാൻ ശ്രമം തുടങ്ങി. യാതൊരു കാരണവുമില്ലാതെ അദ്ദേഹത്തിന്റെ ആളുകൾ ഇത്തരം വീഡിയോ പങ്കുവെക്കുന്നതിലൂടെ കുറ്റകൃത്യത്തിൽ നിന്നും സ്വയം രക്ഷിക്കാൻ കഴിയുമെന്നാണ് ധരിച്ചിരിക്കുന്നത്. ഒരാളെ മർദ്ദിക്കുന്ന വീഡിയോ ആരാണ് നിർമ്മിക്കുന്നത്? വസതിയിലെയും മുറിയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഉടൻ സത്യാവസ്ഥ എല്ലാവർക്കും മനസ്സിലാകും. നിങ്ങളെകൊണ്ട് കഴിയുന്ന ഏത് നിലയിലേക്കും താഴുക. ദൈവം എല്ലാം കാണുന്നുണ്ട്. ഒരു ദിവസം സത്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടും.' സ്വാതി മാലിവാൾ പറഞ്ഞു.

കെജ്രിവാളിന്റെ വസതിയിൽ വെച്ച് സ്വാതി മാലിവാൾ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. എംപിയോട് വീട് വിട്ടുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്വാതി പ്രതിരോധിച്ച് നിൽക്കുകയായിരുന്നു. തനിക്ക് പൊലീസ് ഓഫീസർമാരോട് സംസാരിക്കണമെന്നും എംപി ആവശ്യപ്പെടുന്നുണ്ട്. വാക്കുതർക്കത്തിനിടെ ഒരു ഘട്ടത്തിൽ സുരക്ഷാ ജീവനക്കാരെ പ്രകോപിപ്പിച്ചുകൊണ്ട 'കഷണ്ടി' എന്ന് വിളിക്കുന്നതും കേൾക്കാം.

അതിനിടെ കേസിലെ എഫ്ഐആർ പുറത്തുവന്നു. അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിൽ നിന്നും സാതി മാലിവാൾ നേരിട്ടത് ക്രൂര മർദ്ദനമാണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. പല തവണ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോൾ ആരും എത്തിയില്ലെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മെയ് 13 ന് രാവിലെ കെജ്രിവാളിന്റെ വസതിയിലെത്തിയപ്പോഴാണ് സ്വീകരണമുറിയിൽ വെച്ച് സ്വാതി മാലിവാളിന് മർദ്ദനമേറ്റത്.

കേജ്രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ സ്വാതി വ്യക്തമാക്കി. മജിസ്ട്രേറ്റിനു മുൻപാകെ സ്വാതി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സ്വാതി കേജ്രിവാളിന്റെ വസതിയിലെത്തിയത്. കേജ്രിവാളിനെ കാത്ത് സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേയ്ക്ക് കടന്നുവന്നു. സ്വാതി ധരിച്ചിരുന്ന ഷർട്ടിൽ കയറി പിടിച്ചെന്നും തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചെന്നും മൊഴിയിൽ പറയുന്നു.

സ്വീകരണ മുറിയിലൂടെ തന്നെ വലിച്ചിഴച്ചു. ആർത്തവ ദിനമായതിനാൽ താൻ അസഹനീയമായ വേദന അനുഭവിച്ചിരുന്നുവെന്നും മർദിക്കരുതെന്നും ബൈഭവിനോട് പറഞ്ഞു. എന്നാൽ ബൈഭവ് മർദനം തുടരുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി മൊഴിയിൽ വ്യക്തമാക്കുന്നു.

കേജ്രിവാളിനെ സന്ദർശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതിയുടെ പരാതിയിൽ ബൈഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതി നൽകിയ വിവരം സ്വാതി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു. ബൈഭവ് കുമാർ ഇപ്പോൾ പഞ്ചാബിലാണ്. മുൻകൂർ ജാമ്യം തേടി ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. ബൈഭവ് കുമാറിനോട് നാളെ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടു.

ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം തുടങ്ങി. കേസിൽ അന്വേഷണസംഘം വിപുലീകരിച്ച പൊലീസ് കേജ്രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ മഹിള മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.