തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നു എന്ന വാർത്ത സംസ്ഥാന കോൺഗ്രസിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പത്മജയുടെ ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നുവെന്നും ഇതിനാലാണ് പത്മജ ബിജെപിയിൽ പോകുന്നതെന്നുമാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു.

പത്മജക്ക് പാർട്ടി എല്ലാ അംഗീകാരവും നൽകിയതാണെന്നും അവർ ബിജെപിയിൽ ചേരുന്നത് നിർഭാഗ്യകരമാണെന്നും ബിന്ദു പറഞ്ഞു. എന്നാൽ, ബിന്ദുവിന്റെ ആരോപണം അസംബന്ധമെന്ന് പത്മജയുടെ ഭർത്താവ് ഡോ. വേണുഗോപാൽ പറഞ്ഞു. തന്നെ ഒരു കാലത്തും ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. കരുണാകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ലെന്നായിരുന്നു മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി പ്രതികരിച്ചത്. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പത്മജ. എല്ല തരത്തിലുള്ള ബഹുമാനവും പാർട്ടി പത്മജക്ക് നൽകിയിട്ടുണ്ട്. പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണ്. ആരുടെയെങ്കിലും പാർട്ടി മാറ്റം തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തർ പറഞ്ഞു.

കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപി നേതൃത്വവുമായി വിലപേശൽ ചർച്ചകൾക്കായി ഡൽഹിയിലെത്തിയിരുന്നു. പാർട്ടിയിൽ ചേർന്നാൽ രാജ്യസഭ സീറ്റ് വേണമെന്ന പത്മജയുടെ ആവശ്യത്തോട് ബിജെപി കേന്ദ്ര നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തിലെ കോൺഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവിന്റെ മകൾ എന്ന നിലയിൽ പ്രചാരണത്തിന് ഉപയോഗപ്പെടുമെങ്കിലും രാജ്യസഭ സീറ്റിന് അവർ അർഹയല്ലെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. പത്മജ വ്യാഴാഴ്ച ബിജെപിയിൽ ചേരുമെന്ന് കേരള നേതാക്കൾ പറയുന്നുണ്ടെങ്കിലും കേന്ദ്ര ഓഫിസിൽനിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അവർ പാർട്ടിയിൽ ചേരുന്ന തീയതിയോ സമയമോ നിശ്ചയിച്ചിട്ടില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ വ്യാഴാഴ്ച അറിയിക്കാമെന്നും ബിജെപി ഓഫിസ് വ്യക്തമാക്കി. ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പ് പത്മജ പിൻവലിച്ചത് അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്.

പത്മജക്ക് കോൺഗ്രസിൽ വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്നും തൃശ്ശൂരിൽ ഒരു വിഭാഗം ബോധപൂർവം തോൽപിക്കുകയായിരുന്നുവെന്നും ഭർത്താവ് ഡോ. വേണുഗോപാൽ പറഞ്ഞു. നിലവിൽ പത്മ എടുക്കുന്ന ഏത് തീരുമാനത്തിനും പൂർണ പിന്തുണ നൽകും. ഞാനൊരിക്കലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്നില്ല. ഡി.സി.സി ഓഫീസിൽ പോലും പോയിട്ടില്ല. പിന്നെ, കോൺഗ്രസ് വിടുകയെന്നത് പ്രയാസമുള്ള ഒന്നാണെന്നും വേണുഗോപാൽ പറഞ്ഞു.

രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ച് വീട്ടിലിരിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നെ, ചില ബന്ധുക്കളും മറ്റും അഭിപ്രായപ്പെടുകയായിരുന്നു സാധ്യതകളുണ്ടെങ്കിൽ ഉപയോഗിക്കണമെന്ന്. അതനുസരിച്ച് നീക്കമാണ് പത്മജയുടെ ഭാഗത്തുനിന്നുള്ളതെന്നും വേണുഗോപാൽ പറഞ്ഞു. പത്മജ ചാലക്കൂടിയിൽ ഇത്തവണ മത്സരിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.

അതേസമയം പാർട്ടി വിടുന്നത് സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ വന്നപ്പോൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ. മുരളീധരൻ എംപി പറഞ്ഞു.