വെറ്ററിനറി സർവകലാശാല വിസിയെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ല
- Share
- Tweet
- Telegram
- LinkedIniiiii
ആലപ്പുഴ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സർക്കാരുമായോ വകുപ്പുമായോ ഒരുതരത്തിലും ആലോചിക്കാതെയാണ് ഗവർണർ പെട്ടെന്ന് ഈ തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ ഈ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് മന്ത്രി ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടികൾ തമ്മിലുള്ള പ്രശ്നമായിരുന്നു കോളേജിൽ നടന്നിരുന്നത്. അതെന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് 19പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇനിയും കുറ്റക്കാരുണ്ട്. സർവകലാശാലയുടെ ഡീൻ എന്ന് പറയുന്നയാൾ കുട്ടികളുടെയെല്ലാം ഉത്തരവാദിത്തമുള്ള, ഹോസ്റ്റലിന്റെ ചുമതലയുള്ളയാളാണ്. അന്നന്ന് നടക്കുന്ന വിഷയം അയാൾ അന്വേഷിക്കണമായിരുന്നു.
കുട്ടിയുടെ മരണം പോലും ഹോസ്റ്റലിലെ മറ്റാരോ ആണ് അറിയിച്ചത്. മരണം സംഭവിച്ച കാര്യം എത്രയും പെട്ടെന്ന് കുട്ടിയുടെ വീട്ടിൽ അറിയിക്കേണ്ട ചുമതല ഡീൻ ഏറ്റെടുക്കണമായിരുന്നു. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്. അതുകൊണ്ടാണ് പൊലീസിന്റെ കൂടി അന്വേഷണം കൊണ്ടുവന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യിക്കുവാനും, മൂന്ന് വർഷത്തേക്ക് അവരെ ഡീബാർ ചെയ്യാനും നടപടി സ്വീകരിച്ചത്. അത് നിസാരപ്പെട്ട കാര്യമല്ല. ഡീനെ അന്വേഷണ വിധേയമായി മാറ്റി നിറുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ഡോ. എം ആർ ശശീന്ദ്രനാഥിനെയാണ് ഗവർണർ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര ആത്മാർഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വിസിക്കെതിരെ അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടു. വിദ്യാർത്ഥിയുടെ കുടുംബം ഗവർണർക്ക് പരാതി നൽകിയിരുന്നു. മണ്ണൂത്തി വെറ്ററിനറി സർവകലാശാല റിട്ട. പ്രഫസർ ഡോ. പി.സി.ശശീന്ദ്രന് വി സിയുടെ ചുമതല നൽകി.
സിദ്ധാർഥിന്റെ മരണമുണ്ടായിട്ടും യൂണിവേഴ്സിറ്റി ചട്ടങ്ങൾ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിസി ചുമതലകളിൽ വീഴ്ച വരുത്തിയെന്നത് യൂണിവേഴ്സിറ്റി നൽകിയ റിപ്പോർട്ടുകളിലും വ്യക്തമാണ്. യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവങ്ങളിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റ് ആക്ട് 2010ലെ സെക്ഷൻ 9 (9) അനുസരിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ചട്ടം അനുസരിച്ച് ഹൈക്കോടതി ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടത്. സസ്പെൻഷൻ കാലയളവിൽ അലവൻസിന് അർഹതയുണ്ടായിരിക്കും. പകരക്കാരനെ പിന്നീട് തീരുമാനിക്കും.
സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സിദ്ധാർഥന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങൾ പരിശോധിക്കുമ്പോൾ വിസി ആത്മാർഥമായി സർവകലാശാലയിലെ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നില്ല എന്നതാണു വെളിപ്പെടുത്തുന്നതെന്ന് ഉത്തരവിൽ പറയുന്നു. ക്രൂരമായ പല സംഭവങ്ങളും സർവകലാശാലയിൽ നടക്കുമ്പോഴും ഉത്തരവാദിത്തം നിറവേറ്റാൻ അധികാരികൾക്കു കഴിഞ്ഞില്ല.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സിദ്ധാർഥന്റേതുകൊലപാതകമാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസിൽ എസ്എഫ്ഐ പിഎഫ്ഐ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫിസാക്കുന്നെന്നും ഗവർണർ പറഞ്ഞു.