കോഴിക്കോട്: കെ മുരളീധരൻ പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠൻ. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും കരുത്തനും ഊർജസ്വലനുമായ സ്ഥാനാർത്ഥിയാണ് കെ മുരളീധരനെന്നും ശ്രീകണ്ഠൻ പറഞ്ഞു. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ശ്രീകണ്ഠന്റെ പ്രതികരണം.

തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി കെ മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ കെ മുരളീധരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ ഒഴിവുവരുന്ന സീറ്റിലേക്ക് കെ മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അക്കാര്യവും മുരളീധരൻ തള്ളിയിരുന്നു.